റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി അമര്‍ഷം രേഖപ്പെടുത്തിയ ബൈക്ക് യാത്രികന് അച്ചടക്കമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കുണ്ടും കുഴിയുമായതിനേത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് പതിവായ കുണ്ടന്നൂര്‍ റോഡ് മന്ത്രി സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ഉമ്മയേയും കൊണ്ട് ആശുപത്രിയില്‍ പോകാന്‍ പറ്റുന്നില്ലെന്നും മനുഷ്യന്റെ ബുദ്ധിമുട്ട് മനസിലാക്കണമെന്നും ബൈക്ക് യാത്രക്കാരനായ യുവാവ് പറഞ്ഞു.
എന്റെ ഉമ്മയേയും കൊണ്ട് ആശുപത്രിയില്‍ പോകേണ്ടതാണ്. എന്താ സാറേ ഇത്. എത്ര ദിവസമായി ഞങ്ങള്‍ ഈ റോഡിലൂടെ. മനുഷ്യന്റെ ബുദ്ധിമുട്ട് മനസ്സിലാക്ക്. ഞങ്ങള്‍ ടാക്‌സ് കൊടുക്കുന്നുണ്ട്. നിങ്ങളുടെ സൗകര്യത്തിനല്ല. എത്ര നാളായി ഇവിടെ കുഴിയുണ്ടെന്ന് അറിയാമോ?ബൈക്ക് യാത്രക്കാരന്‍
ടൈലൊക്കെ ഇട്ട് കഴിഞ്ഞെന്നും അമ്മയെ ആദ്യം ആശുപത്രിയില്‍ കൊണ്ടുപോകൂ എന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇതിനിടെ യുവാവിനെ തടയാന്‍ ശ്രമിച്ച പൊലീസിനെ പിന്തിരിപ്പിച്ച ജി സുധാകരന്‍ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ടൈല്‍സ് ഇട്ടത് ഇഷ്ടപ്പെടാത്തതാണ് യുവാവിന്റെ പ്രശ്‌നമെന്നും മന്ത്രി ആരോപിച്ചു.
ടൈല്‍സ് ഇട്ടത് ഇഷ്ടപ്പെടാതെ ഒരാള്‍ സംസാരിച്ചത് കേട്ടില്ലേ? വെല്ല കാര്യവുമുണ്ടോ. അദ്ദേഹത്തിന് ഉമ്മയേയും കൊണ്ട് സുഖമായി ആശുപത്രിയില്‍ പോകാം. നമ്മുടെ ആളുകളൊക്കെ ഇന്‍ഡിസിപ്ലിന്‍ഡ് ആണ്.ജി സുധാകരന്‍
മഴക്കാലമായതിനാല്‍ ടാറിങ് ചെയ്യാന്‍ പ്രയാസമാണ്. ടൈലിങ് വേഗം ചെയ്യുന്നുണ്ട്. ഗതാഗതക്കുരുക്കിന് പൊതുമരാത്ത് ഉത്തരവാദിയല്ല. പൊലീസും കളക്ടറുമാണ് ഗതാഗതം നിയന്ത്രിക്കേണ്ടത്. വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഏഴുമാസമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.