വാഷിങ്ടൺ: ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ നിന്ന് സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് വെടിനിർത്തലിനെ അനൂകൂലിച്ച് ജോ ബൈഡൻ പ്രസ്താവന ഇറക്കിയത്.
ഇതിനോടകം 200ലധികം ആളുകളാണ് ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിലും ബൈഡൻ വെടിനിർത്തൽ ആവശ്യപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഡെമോക്രാറ്റിക്ക് പാർട്ടിക്കിടയിൽ നിന്ന് തന്നെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക ഇടപെടണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇസ്രായേലിനെ പിന്തുണച്ചുകൊണ്ടുള്ള ബൈഡന്റെ പ്രസ്താവനയ്ക്കെതിരെയും അമേരിക്കയിൽ നിന്നുൾപ്പെടെ വിമർശനം ഉയർന്നിരുന്നു.
അതേസമയം ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ചുകൊണ്ട് പ്രസ്താവന ഇറക്കുന്നതിൽ നിന്നും അമേരിക്ക ഐക്യരാഷ്ട്രസഭയെ മൂന്നാം തവണയും തടയുകയാണുണ്ടായത്. പ്രശ്നത്തിന് നയപരമായി പരിഹാരം കാണാനാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവനും പറഞ്ഞത്.