ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ഔദ്യോഗിക വസതിയില്‍നിന്ന് ഹസീന രാജ്യം വിട്ടതായി വാർത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കം. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനു പ്രക്ഷോഭകാരികള്‍ ധാക്കയിലെ സെന്‍ട്രല്‍ സ്‌ക്വയറിലെത്തി. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ നൂറിലധികംപേര്‍ കൊല്ലപ്പെട്ടു. സൈനിക മേധാവി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
സര്‍ക്കാര്‍ ജോലിയിലെ സംവരണ വിഷയത്തില്‍ തുടങ്ങിയ പ്രക്ഷോഭം സര്‍ക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഘര്‍ഷങ്ങളില്‍ ഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതു കെട്ടടങ്ങിയതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്.
1971ല്‍ ബംഗ്ലദേശിനെ പാക്കിസ്ഥാനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണു ബംഗ്ലാദേശില്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇതു പിന്നീട് സര്‍ക്കാരിനെതിരായ പ്രക്ഷോഭമായി മാറി.