സുരേഷ് കല്ലട ബസില്‍ തമിഴ്‌നാട്ടുകാരിയായ യുവതിക്ക് നേരെ പീഡനശ്രമം. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ത്രിച്ചി സ്വദേശിനിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ബസ്സിന്റെ രണ്ടാം ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫില്‍ നിന്നാണ് മോശം പെരുമാറ്റമുണ്ടായത്. ഇയാള്‍ യുവതിയുടെ ഇടുപ്പില്‍ കയറിപ്പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ യാത്രക്കാര്‍ ജോണ്‍സണെ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. യാത്രാമധ്യേ ബസ് കാക്കഞ്ചേരിയിലെത്തിയപ്പോഴാണ് യുവതിക്ക് നേരെ പീഡനശ്രമമുണ്ടായത്. മലപ്പുറം തേഞ്ഞിപ്പലത്തുവെച്ചാണ് ബസ് പൊലീസ് പിടികൂടുന്നത്. ജോണ്‍സണ്‍ ജോസഫ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമം തടയലിനുള്ള 354 ാം വകുപ്പ് പ്രകാരം കേസെടുത്തു. വെകാതെ ഇയാളെ കോടതിയില്‍ ഹാജരാക്കും. യുവതിയില്‍ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. യാത്രയില്‍ യുവതി തനിച്ചായിരുന്നു.
അതേസമയം യാത്രക്കാരനോടുള്ള കല്ലട ബസിന്റെ മറ്റൊരു ക്രൂരത കൂടി പുറത്തുവന്നു. കഴിഞ്ഞ ദിവസം അമിത വേഗതയിലും അശ്രദ്ധയോടെയും ഓടിച്ച ബസ് ഹംപില്‍ ചാടിയതിനാല്‍ യാത്രക്കാരന്റെ തുടയെല്ല് പൊട്ടി. പയ്യന്നൂര്‍ സ്വദേശി മോഹനനാണ് പരിക്കേറ്റത്. അലറി വിളിച്ച് കരഞ്ഞിട്ടും ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ലെന്ന് മോഹനന്‍ വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ മോഹനനെ മകന്‍ എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.40 വര്‍ഷമായി ബംഗളൂരുവിലാണ് മോഹനന്‍. പെരുമ്പിലാവില്‍ നിന്നാണ് ഇയാള്‍ വാഹനത്തില്‍ കയറിയത്. 2.30 ഓടെ രാംനഗരയ്ക്ക് സമീപമാണ് സംഭവം. മോഹനന്‍ ഉറക്കത്തിലായിരുന്നു. അമിത വേഗതയിലായിരുന്ന വണ്ടി ഹംപില്‍ ചാടിയതോടെ മോഹനന്‍ തെറിച്ചുവീണു. ഇദ്ദേഹത്തിന് തുടയിലും മുതുകിലും പരിക്കേറ്റു.
കടുത്ത വേദനയില്‍ പുളഞ്ഞിട്ടും ബസ് നിര്‍ത്താന്‍ ജീവനക്കാര്‍ തയ്യാറായില്ല. ജീവനക്കാര്‍ വേദനയ്ക്കുള്ള ബാം നല്‍കാന്‍ മാത്രമാണ് തയ്യാറായത്.കലാശപ്പാളയത്തെത്തിയപ്പോള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ആശുപത്രിയിലെത്തിക്കാന്‍ ജീവനക്കാര്‍ കൂട്ടാക്കിയില്ലെന്ന് മോഹനന്‍ അറിയിച്ചു. ഒടുവില്‍ അവസാന സ്‌റ്റോപ്പായ മടിവാളയിലാണ് ഇറക്കിയത്. ഈ സമയം ഒരിഞ്ച് പോലും നടക്കാനാകുന്ന സ്ഥിതിയായിരുന്നില്ല. ഒടുവില്‍ മകനെത്തി തന്നെ ആശുപത്രിയിലാക്കുകയായിരുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കി. ബാംഗ്ലൂരിലേക്കുള്ള വിദ്യാര്‍ത്ഥികളെ കൊച്ചി നഗരത്തില്‍ രാത്രിയില്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ സുരേഷ് കല്ലട ജീവനക്കാര്‍ നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഈ സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ഗുരുതരമായ പരാതി ഉയരുന്നത്. വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തിന് പിന്നാലെ നിരവധി പേര്‍ യാത്രാമധ്യേ നേരിട്ട മോശം അനുഭവങ്ങള്‍ വിവരിച്ച് സുരേഷ് കല്ലടയ്‌ക്കെതിരെ പരാതികളുമായി രംഗത്തെത്തിയിരുന്നു.