മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ കത്ത്. എര്‍ത്ത് ഡാം ബലപ്പെടുത്തണമെന്നും, ഡാമിന്റെ അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും കേന്ദ്രം സംസ്ഥാന ജലവിഭവ വകുപ്പിനോട് കത്തില്‍ ആവശ്യപ്പെട്ടു .തമിഴ്നാടിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്രജല വിഭവ വകുപ്പ് സെക്രട്ടറി സംസ്ഥാന ജലവിഭവ പരിസ്ഥിതി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ കേരളം നല്‍കിയ അനുമതി മരവിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയോ വനംവകുപ്പോ അറിയാതെയാണ് അനുമതി നല്‍കിയതെന്ന വിവാദത്തെ തുടര്‍ന്നായിരുന്നു ഉത്തരവ് മരവിപ്പിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു.
മരംമുറി ഉത്തരവ് റദ്ദാക്കാനാകുമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിനോടും സുപ്രീംകോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുന്നത്. ഇതിനിടെയാണ് ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം കത്തയച്ചിരിക്കുന്നത്.