ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം നല്‍കിയെന്നാരോപിച്ച് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവറുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചെന്ന് പരാതിയുമായി വ്യവസായി. ശാസ്തമംഗലം സ്വദേശി ലോറന്‍സാണ് ഇതുസംബന്ധിച്ച് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശാസ്തമംഗലത്ത് മുടിവെട്ടാന്‍ പോയപ്പോഴാണ് ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചതെന്ന് റിയല്‍ എസ്‌റ്റേറ്റ് രംഗത്തുള്ള ലോറന്‍സ് പറഞ്ഞു.
ഇവരില്‍ നിന്ന് രക്ഷപ്പെട്ട ശേഷം പൊലീസിന്റെ സഹായം തേടുകയായിരുന്നു. മ്യൂസിയം പൊലീസ് എത്തിയാണ് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ലോറന്‍സ് പറയുന്നു. ഇതിന് ശേഷം അക്രമി സംഘം ഗേറ്റ് തകര്‍ത്ത് വീടിന് നേരെ കല്ലെറിഞ്ഞുവെന്നും ലോറന്‍സ് വിശദീകരിക്കുന്നു.
ബിനീഷ് അറസ്റ്റിലായ ശേഷവും മൊബൈലില്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി ഇദ്ദേഹത്തിന്റെ പരാതിയിലുണ്ട്. ബിനീഷുമായി പണമിടപാടുകളില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ ബിസിനസ് സ്ഥാപനങ്ങള്‍ ഒന്നൊന്നായി പൂട്ടേണ്ടി വന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ലോറന്‍സ് ആരോപിക്കുന്നു.
Attacked for allegedly giving informations Against BIneesh, Businessmen Filed Compaint