അസമില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ നെഞ്ചില്‍ ചവിട്ടിയ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ദാരംഗില്‍ കുടിയേറ്റം ഒഴിപ്പിക്കല്‍ നടപടിക്കിടെയായിരുന്നു പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് വെടിവെക്കുകയായിരുന്നു.
ബിജോയ് ബോണിയ എന്ന ഫോട്ടോഗ്രാഫര്‍, വെടിയേറ്റ് താഴെ കിടക്കുന്ന ആളുടെ ശരീരത്തില്‍ ചാടി ചവിട്ടുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പൊലീസ് വെടിവെക്കുന്നതും, പിന്നീട് ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പിന്നാലെ ഫോട്ടോഗ്രാഫര്‍ താഴെവീണയാളെ മര്‍ദ്ദിക്കുന്നതും, ഓടിവന്ന് നെഞ്ചിലേക്ക് ചാടി ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. പൊലീസുകാര്‍ക്കൊപ്പം നിന്നാണ് ഇയാള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ അതിക്രമം നടത്തിയത്.
സംഭവത്തില്‍ അസം സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കാലങ്ങളായി താമസിക്കുന്ന സ്ഥലത്ത് നിന്ന് എണ്ണൂറോളം കുടുംബങ്ങളെ സര്‍ക്കാര്‍ നേരത്തെ കുടിയൊഴിപ്പിച്ചിരുന്നു. ഇവരെ പുനരധിവസിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ കയ്യേറിയ ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടിക്കിടെ സംഘര്‍മുണ്ടാവുകയായിരുന്നുവെന്നും, ആക്രമണത്തിലേക്ക് തിരിഞ്ഞത് പ്രതിഷേധക്കാരാണെന്നുമാണ് പൊലീസ് വാദം.