രാജസ്ഥാനിലെ ജലോറില്‍ ഒമ്പതു വയസ്സുകാരനായ ദളിത് വിദ്യാര്‍ത്ഥി അധ്യാപകന്റെ മര്‍ദ്ദനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇതൊക്കെ എല്ലായിടത്തും നടക്കുന്ന സംഭവമാണെന്നാണ് ഗെലോട്ടിന്റെ പ്രതികരണം.
'ഇതൊക്കെ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന സംഭവമല്ലേ. പത്രവും ടി.വി യും ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. ഈ സംഭവത്തെ സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നു. സ്വന്തം സംസ്ഥാനത്താകട്ടെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലാകട്ടെ, ഞങ്ങള്‍ എല്ലായിപ്പോഴും പൊതുസമൂഹത്തിനു ന്യായമെന്ന് തോന്നുന്ന നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. അതിനി ഉദയ്പ്പൂരിലാണെങ്കിലും, ജലോറിലാണെങ്കിലും. പ്രതിപക്ഷത്തിരിക്കുന്നിടത്തോളം കാലം ബി.ജെ.പി ഇതൊരു പ്രശ്‌നമാക്കി മാറ്റാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്തു തന്നെയാണെങ്കിലും ഈ സംഭവത്തിന് കാരണക്കാരനായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനപ്പുറം എന്താണ് ചെയ്യേണ്ടത്?'
ജലോര്‍ ജില്ലയിലെ സുരാന വില്ലേജിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് ദളിത് വിദ്യാര്‍ത്ഥി അധ്യാപകന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. സ്‌കൂളിലെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചത്.
ജൂലൈ ഇരുപതാം തിയ്യതിയാണ് വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിനിരയാവുന്നത്. ശനിയാഴ്ച കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് വിദ്യാര്‍ത്ഥി മരിച്ചത്. പ്രതിയായ അധ്യാപകന്‍, ചയില്‍ സിംഗിനെ എസ്.സി/എസ്.ടി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു.