Around us

‘കരുണ’ തട്ടിപ്പെന്ന് ഹൈബി ഈഡന്‍ എംപി; തെളിവ് പുറത്ത് വിടാന്‍ വെല്ലുവിളിച്ച് ആഷിഖ് അബു 

THE CUE

ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണ സംഗീതനിശയെന്ന് സംവിധായകന്‍ ആഷിഖ് അബു.ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചതാണെന്നും ആഷിഖ് അബു ഫെയസ്ബുക്ക് പോസ്റ്റിലൂടെ ഹൈബി ഈഡന് മറുപടി നല്‍കി. കണ്ടെത്തിയ തട്ടിപ്പ് എന്താണെന്ന് തെളിയിക്കാന്‍ ഹൈബി ഈഡന്‍ എംപിയെ വെല്ലുവിളിക്കുകയും ചെയ്തു. കരുണയെന്ന് പേരിട്ട് നടത്തിയ സംഗീത നിശ വലിയ തട്ടിപ്പായിരുന്നുവെന്ന് വ്യക്തമായെന്ന ഹൈബി ഈഡന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനാണ് സംവിധായകന്റെ മറുപടി.

ഫൗണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്ക് നല്‍കിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടെന്ന് താങ്കള്‍ വളരെ ഉറപ്പോടെ എഴുതുന്നത്? താങ്കള്‍ കണ്ടെത്തിയ 'തട്ടിപ്പ്' എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കും ഉണ്ടെന്നിരിക്കേ, ഉടന്‍ തന്നെ താങ്കള്‍ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു. ഇങ്ങനെയായിരുന്നു ആഷിഖിന്റെ വാക്കുകള്‍. ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുത്തതിന്റെ രേഖയും ചേര്‍ത്താണ് പോസ്റ്റ്. കൊച്ചി ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവെലിന്റെ പ്രഖ്യാപനത്തിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചിലവില്‍ നടത്തിയ പരിപാടിയാണ് കരുണ. അതുകൊണ്ടാണ് ഹൈബിയുടെ ഓഫീസില്‍ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂര്‍ത്തീകരിക്കാനായതെന്നും ആഷിഖ് തിരിച്ചടിച്ചു. ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയില്‍ സൗജന്യ പാസെന്ന സങ്കല്പം തന്നെയില്ലല്ലോയെന്നും ആഷിഖ് ചോദിച്ചു.

ഹൈബിയുടെ ആരോപണം

കരുണയ്ക്കായി കടവന്ത്രയിലെ റീജിണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ നല്‍കിയത് സൗജന്യമായാണ്, പങ്കെടുത്ത കലാകാരന്‍മാര്‍ പ്രതിഫലം മേടിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്. സംഗീത നിശയ്ക്കു ശേഷം ആഷിഖ് അബു ഈ പരിപാടി വന്‍വിജയമായിരുന്നു എന്നും അവകാശപ്പെട്ടിരുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ ശ്രീ. ബിജിബാല്‍ ഇപ്പോള്‍ പറയുന്ന കണക്കുകള്‍ നേരത്തെ ഇതിന്റെ സംഘാടകര്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വച്ചിരുന്നുമില്ല. ചുരുക്കി പറഞ്ഞാല്‍ കരുണ എന്ന് പേരിട്ടു നടത്തിയ ഈ സംഗീതനിശ ഒരു വലിയ തട്ടിപ്പായിരുന്നു എന്ന് വ്യക്തമാവുകയാണ്.

ലോട്ടറി വില്‍പനക്കാര്‍ എന്ന് വേണ്ട പിഞ്ചു കുഞ്ഞുങ്ങള്‍ പോലും അവരുടെ കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകള്‍ സംഭാവനയായി നല്‍കുന്ന കഥകള്‍ നമ്മുടെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ട്. ആ സമൂഹത്തിലാണ് ഒരു വരേണ്യ വര്‍ഗ്ഗം മനുഷ്യന്റെ സാഹോദര്യത്തെയും കരുണയെയും ഒറ്റുകൊടുത്തിരിക്കുന്നത്. ആഷിഖ് അബു ഇത് സംബന്ധിച്ചു വ്യക്തമായ കണക്കുകള്‍ പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കണം. അതല്ലെങ്കില്‍ ആ പരിപാടിയില്‍ ഒരു പൈസ പോലും പ്രതിഫലം മേടിക്കാതെ ആത്മാര്‍ത്ഥമായി പങ്കു ചേര്‍ന്ന കലാകാരന്മാരെല്ലാം പൊതുസമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലിലാവും. അതിന് തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ ഈ സംഭവത്തില്‍ അന്വേഷണം നടത്തണം. ആഷിഖ് അബു തങ്ങളുടെ സഹയാത്രികനാണെന്നത് സി.പി.എം. നേതൃത്വത്തിന് ഇത്തരം ഒരു അധമപ്രവര്‍ത്തിക്ക് കുടപിടിക്കാനുള്ള ന്യായം ആവരുത്. സത്യം ജനങ്ങള്‍ അറിയട്ടെ.

ആഷിഖ് അബുവിന്റെ മറുപടി

എറണാകുളം എംപി
ശ്രീ ഹൈബി ഈടനുള്ള മറുപടിയും ചോദ്യവും.

താങ്കളുടെ അറിവിലേക്കായി ,
ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണ.
ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൌണ്ടേഷൻ തീരുമാനിച്ചതാണ്.
അത് കൊടുക്കുകയും ചെയ്തു. (രേഖ പോസ്റ്റിനൊപ്പം ചേർക്കുന്നു ).
" കൊച്ചി ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവെലിന്റെ" പ്രഖ്യാപനത്തിനായി,
കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ പൂർണമായും സ്വന്തം ചിലവിൽ നടത്തിയ പരിപാടിയാണ്.
അതുകൊണ്ടാണ് താങ്കളുടെ ഓഫീസിൽ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂർത്തീകരിക്കാനായത്.
ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയിൽ സൗജന്യ പാസെന്ന സങ്കല്പം തന്നെയില്ലല്ലോ.

മലയാള ചലച്ചിത്രരംഗത്തും സ്വതന്ത്രസംഗീതരംഗത്തുമുള്ള മുൻനിരക്കാരായ കലാകാരന്മാർ ഒത്തുചേരുന്ന ചരിത്രപ്രാധാന്യമുള്ള ഉദ്യമം എന്ന നിലയിലും, ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് എന്നുള്ളതുകൊണ്ടും കൊച്ചി റീജിണൽ സ്പോർട്സ് സെന്ററിന്റെ (RSC) കീഴിലുള്ള കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി തരണമെന്ന് ഫൌണ്ടേഷൻ,RSC ഭാരവാഹികളോട് അഭ്യർത്ഥിക്കുകയും അവർ സ്നേഹപൂർവ്വം അനുവദിക്കുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ഈ പറഞ്ഞ സ്റ്റേഡിയം വിവിധ ആവശ്യങ്ങൾക്കായി സൗജന്യമായി അനുവദിക്കാറുണ്ടെന്ന വിവരം താങ്കൾക്കറിയുന്നതാണല്ലോ. റീജിണൽ സ്പോർട്സ് സെന്ററിന് തീരുമാനമെടുക്കാവുന്ന കാര്യമാണത്. കലാകാരന്മാരും അതേ ആവശ്യം സോപോർട്സ് സെന്ററിനോട് അഭ്യർത്ഥിച്ചു, അവരനുവദിച്ചു. ഇതിലെവിടെയാണ് തട്ടിപ്പ്?

ഇവന്റ് മാനേജ് ചെയ്യുകയും ടിക്കറ്റ് വിൽപ്പന നടത്തുകയും ചെയ്ത ഇമ്പ്രെസാരിയോക്കാരെ താങ്കളുടെ ഓഫീസിൽ നിന്ന് പാസുകൾക്കായി വിളിച്ച പോലൊരു ഫോൺ വിളിയിൽ വളരെ വ്യക്തമായി അറിയാൻ സാധിക്കുമായിരുന്ന കാര്യങ്ങൾ താങ്കൾ മനഃപൂർവം ഒഴിവാക്കിയതാവാം.
മറ്റു ചില കേന്ദ്രങ്ങളിൽ നിന്ന് വരുന്ന അപവാദ പ്രചാരണങ്ങളെ അവഗണിക്കുകയാണ് പതിവ്, എന്നാൽ താങ്കൾ എന്റെ മണ്ഡലത്തെ ജനപ്രതിനിധിയാണ്, പറഞ്ഞകാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നു. ആരോപണം ഉന്നയിക്കാനുള്ള അവകാശം മാനിക്കുന്നു.
എന്നാൽ, സർക്കാർ ഫണ്ടുപയോഗിക്കാത്ത, പൂർണമായും ഫൌണ്ടേഷൻ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സർക്കാരിലേക്ക് നൽകിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് "തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടു " എന്ന് താങ്കൾ വളരെ ഉറപ്പോടെ എഴുതുന്നത്? താങ്കൾ കണ്ടെത്തിയ 'തട്ടിപ്പ്' എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കും ഉണ്ടെന്നിരിക്കേ, ഉടൻ തന്നെ താങ്കൾ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.

ബഹുമാനപൂർവ്വം

ആഷിഖ് അബു

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT