കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഡബിള്‍ ബെല്‍ മുഴങ്ങുകയാണ്. സംസ്ഥാനത്ത് പ്രതിദിന ടി.പി.ആര്‍ ഇപ്പോഴും പത്തിന് മുകളില്‍ തുടരുമ്പോഴാണ് സ്‌കൂളുകള്‍ തുറക്കുന്നത് എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും, വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തികൊണ്ട് എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും വ്യക്തമാക്കിക്കഴിഞ്ഞു. ഇതുകൂടാതെ ബയോ-ബബിള്‍ മാതൃകയിലായിരിക്കും ക്ലാസുകള്‍ നടക്കുകയെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
എന്താണ് ബയോ-ബബിള്‍ മാതൃക?
കൊവിഡ് കാലത്ത് നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ട വാക്കായിരിക്കും ബയോ-ബബിള്‍. എല്ലാ മേഖലകളും ഇപ്പോള്‍ ബയോ-ബബിള്‍ മാതൃക കൈക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതുതന്നെ. ചുറ്റുപാടുകളില്‍ നിന്നും ഒരാള്‍ക്ക് രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകളും സുരക്ഷിതത്വവും ഒരുക്കലാണ് ബയോ ബബിളിലൂടെ ലക്ഷ്യമിടുന്നത്.
പരമാവധി സമ്പര്‍ക്കം ഒഴിവാക്കിക്കൊണ്ട് ഈ ലക്ഷ്യം കൈവരിക്കുക എന്നതാണ് ബയോ-ബബിളിന്റെ ആശയം. അതായത്, പുറംലോകത്തുനിന്നും പൂര്‍ണമായും ഐസൊലേറ്റഡ് ആയിരിക്കും ബയോ-ബബിള്‍.
ആളുകളെ ഒരു പ്രത്യേക സ്ഥലത്ത് മാത്രം നിലനിര്‍ത്തിക്കൊണ്ട്, ആ സ്ഥലങ്ങളിലെ സൗകര്യങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഒരു സംവിധാനമാണത്. ഐ.പി.എല്‍ പോലുള്ള കായികമത്സരങ്ങളില്‍ ഈ രീതി പരീക്ഷിച്ചിരുന്നു. കളിക്കാര്‍ക്ക് അവര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ത്തന്നെ അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടും, കളിക്കാര്‍ ഹോട്ടലുകള്‍ക്ക് പുറത്തുപോകുന്നത് നിരോധിച്ചുകൊണ്ടുമെല്ലാമാണ് ബയോ-ബബിള്‍ നടപ്പിലാക്കിയത്.
ബയോ-ബബിള്‍ സ്‌കൂളുകളിലേക്ക് വരുമ്പോള്‍
ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയിലായിരിക്കും സ്‌കൂളുകളില്‍ ബയോ-ബബിള്‍ നടപ്പിലാക്കുക. സ്‌കൂള്‍ ബസുകളിലും ഒരു സീറ്റില്‍ ഒരു കുട്ടി എന്ന നിലയിലായിരിക്കും യാത്ര അനുവദിക്കുക. ഭക്ഷണസമയത്തെ സമ്പര്‍ക്കസാധ്യത മുന്‍കൂട്ടിക്കണ്ടുകൊണ്ട് സ്‌കൂള്‍ സമയം ഉച്ചവരെയായി ചുരുക്കിയിരിന്നു. ഇത്തരത്തില്‍ കുട്ടികള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കാനാകും. ബയോ-ബബിള്‍ മാതൃക ഫലപ്രദമായി നടപ്പിലാക്കാനാണ് ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതും.
കുട്ടികളെ മാത്രമല്ല, അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരായ അധ്യാപകര്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങി എല്ലാവരും പൂര്‍ണമായും വാക്‌സിനേഷന്‍ കഴിഞ്ഞവരാണെന്ന് ഉറപ്പുവരുത്തും. ഇവരല്ലാതെ പുറത്തുനിന്ന് മറ്റൊരാളെയും സ്‌കൂളുകളിലേക്ക് പ്രവേശിപ്പിക്കുകയുമില്ല. ഇവയെ പറ്റി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും നേതൃത്വം വഹിച്ച യോഗം തീരുമാനിച്ചിരുന്നു.