കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കെ. കുഞ്ഞാലി വധക്കേസില്‍ വെളിപ്പെടുത്തലുമായി മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. സിപിഐഎം എംഎല്‍എ ആയിരുന്ന കെ കുഞ്ഞാലിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായിരുന്നു ആര്യാടന്‍ മുഹമ്മദ്. പിന്നീട് ആര്യാടന്‍ ഉള്‍പ്പെടെ 25 പ്രതികളില്‍ 24 പേരെയും കോടതി വെറുതെ വിട്ടിരുന്നു. കുഞ്ഞാലിയെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് അനുഭാവിയായ പാലത്തിങ്കല്‍ ഗോപാലന്‍ ആണെന്ന് താനല്ലെന്നും മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എം.പി സൂര്യദാസിന് നല്‍കിയ അഭിമുഖത്തില്‍ ആര്യാടന്‍ മുഹമ്മദ് വെളിപ്പെടുത്തുന്നു.
മാതൃഭൂമി അഭിമുഖത്തില്‍ ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്
ചുള്ളിയോട് അന്ന് രാവിലെമുതല്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. ഞാന്‍ വൈകുന്നേരത്തോടെ ഓഫീസിലെത്തി പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ പുറത്ത് ഞങ്ങളുടെയും പ്രവര്‍ത്തകര്‍ സംഘടിച്ചുതുടങ്ങി. ഇതില്‍ ഒരുസംഘം ഓഫീസിനുതാഴെ ഹോട്ടലിലെ കോണിപ്പടിക്കരികിലായി നില്‍പ്പുണ്ടായിരുന്നു. കുഞ്ഞാലിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഞങ്ങളുടെ ഓഫീസിലേക്ക് ഇരച്ചുകയറാന്‍ കോണിപ്പടിയില്‍ എത്തിയപ്പോള്‍ അവിടെയുണ്ടായ സംഘത്തിലെ ഒരാളാണ് വെടിവെച്ചത്. തോക്കുമായി ഇങ്ങനെയൊരു സംഘം അവിടെയുള്ളതായി അപ്പോള്‍ ഞാന്‍ അറിയുന്നില്ല. ചുള്ളിയോട്ടെ പത്തായത്തിങ്കല്‍ ഗോപാലന്‍ എന്നയാളാണ് വെടിവെച്ചതെന്ന് ഏറെ കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്.
ഗോപാലന്‍ അന്ന് ഞങ്ങളുടെ പ്രവര്‍ത്തകനായിരുന്നില്ല. അനുഭാവി മാത്രമായിരുന്നു. എസ്റ്റേറ്റിലെ ട്രാക്ടര്‍ ഡ്രൈവറായ ഗോപാലനും കുഞ്ഞാലിയും തമ്മില്‍ ഒരിക്കല്‍ റോഡില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. ട്രാക്ടര്‍ ഓടിച്ചുപോവുമ്പോള്‍ കുഞ്ഞാലിയുടെ ജീപ്പില്‍ തട്ടിയെന്നതിന്റെ പേരില്‍ ജീപ്പില്‍നിന്നിറങ്ങിയ കുഞ്ഞാലി ഗോപാലനെ അടിച്ചുവീഴ്ത്തി. ഇത് നാട്ടുകാരെല്ലാം കണ്ട സംഭവമാണ്. ഈ വിരോധം ഗോപാലന്റെ മനസ്സിലുണ്ട്. വെടിവെച്ച ഉടനെ ഗോപാലനും സംഘവും കെട്ടിടത്തിനുപിറകിലെ വയലിലൂടെ ഓടിരക്ഷപ്പെട്ടു. ഇതാണ് സത്യത്തില്‍ സംഭവിച്ചത്.
മലപ്പുറം ജില്ലാ രൂപീകരണത്തിന് മുമ്പ് നടന്ന രാഷ്ട്രീയ കൊലപാതകവുമായിരുന്ന കെ കുഞ്ഞാലിയുടേത്. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു ആര്യാടന്‍ മുഹമ്മദ്.
കെ. കുഞ്ഞാലിയുടെ കൊലപാതകവും രാഷ്ട്രീയവും
കുഞ്ഞാലിയുടെ കൊലപാതകത്തിന് 2019 ജൂലൈ 28ന് അമ്പത് വര്‍ഷമായിരുന്നു. ഭൂവുടമകളുടെ കൈവശം ഉണ്ടായിരുന്ന തരിശ് ഭൂമി കൃഷിക്കാര്‍ക്ക് വിട്ടുകിട്ടാന്‍ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിന് കുഞ്ഞാലി ഉള്‍പ്പെടെ ജയിലിലടയ്ക്കപ്പെട്ടിരുന്നു. നിലമ്പൂര്‍ കോവിലകത്തിന്റെ അധീനതയിലായിരുന്ന ഇരുന്നൂറിലേറെ ഏക്കര്‍ ഭൂമി 300ലേറെ കുടുംബങ്ങള്‍ക്ക് വീതിച്ചു നല്‍കിയ സമരത്തിന്റെ നേതൃനിരയിലും കുഞ്ഞാലിയായിരുന്നു. നിലമ്പൂരില്‍നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ചുള്ളിയോട് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍പോയതായിരുന്നു എംഎല്‍എ ആയിരുന്ന കുഞ്ഞാലി. 1969 ജൂലൈ 26ന് വൈകിട്ട് അവിടെയുള്ള സിപിഐ എം ഓഫീസില്‍നിന്ന് ഇറങ്ങി ജീപ്പിലേക്ക് കയറുമ്പോഴാണ് വെടിയേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞാലി രണ്ടാം ദിവസമാണ് മരണപ്പെടുന്നത്. മരിക്കുമ്പോള്‍ എംഎല്‍എയും കാളികാവ് പഞ്ചായത്ത് പ്രസിഡന്റും വണ്ടൂര്‍ ബിഡിസി ചെയര്‍മാനുമായിരുന്നു. കുഞ്ഞാലി സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. 1965ല്‍ രാജ്യരക്ഷാ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുമ്പോഴാണ് നിലമ്പൂരില്‍നിന്നും ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.