മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കാനായി കേരളമൊട്ടാകെ വലിയ ക്യാമ്പയിനാണ് നടക്കുന്നത്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുവാന്‍ സുതാര്യമായ വഴിയായ ദുരിതാശ്വാസനിധിയ്ക്ക് വേണ്ടി തങ്ങളാല്‍ കഴിയും വിധം പിന്തുണ നല്‍കുകയാണ് ചില ആര്‍ട്ടിസ്റ്റുകളും.
തൃശൂര്‍ സ്വദേശിനിയായ രശ്മി രാഘവന്‍ താന്‍ വരച്ച കുറച്ചു ചിത്രങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനായി വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്. 500 രൂപയോ അതിലധികമോ സംഭാവന ചെയ്ത സ്‌ക്രീന്‍ ഷോട്ട് അയച്ചുകൊണ്ട് ആര്‍ക്കും രശ്മിയുടെ ചിത്രങ്ങള്‍ സ്വന്തമാക്കാം. ആദ്യത്തെ മഴയില്‍ തന്നെ രശ്മിയുടെ വീടിന് പരിസരത്തെല്ലാം വെള്ളം കയറിയിരുന്നു. അതുകൊണ്ട് തന്നെ ക്യാമ്പുകളില്‍ നേരിട്ട് പോയി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നു. അപ്പോഴാണ് തന്നെക്കൊണ്ട് ആവുന്ന വിധത്തില്‍ മറ്റുള്ളവരെയും പങ്കെടുപ്പിച്ചു കൊണ്ട് എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതെന്ന് രശ്മി ‘ദ ക്യൂ’വിനോട് പറഞ്ഞു.
പുറത്ത് പോയി ആരെയും സഹായിക്കാന്‍ പറ്റാത്ത അവസ്ഥ ആയി. ടിവിയിലും മറ്റും വാര്‍ത്തകള്‍ കാണുമ്പോള്‍ ഒരു അസ്വസ്ഥത തോന്നുമായിരുന്നു. എന്തെങ്കിലും ചെയ്യണം എന്നുണ്ടായിരുന്നു, എനിക്ക് ആകെ ഉണ്ടായിരുന്ന ഓപ്ഷന്‍ സാമ്പത്തികമായി സഹായിക്കുക എന്നതാണ്. എന്റെ കയ്യില്‍ കുറച്ചു ചിത്രങ്ങള്‍ ഉണ്ട്. അത് ആരെങ്കിലും വാങ്ങിയാല്‍ ആ പണം കൊടുക്കാം എന്ന് അപ്പോഴാണ് തോന്നിയത്. അപ്പോള്‍ എനിക്കൊപ്പം മറ്റൊരാളുടെ കൂടി പങ്കാളിത്തം ഉണ്ടാവുകയും ചെയ്യും.രശ്മി
ആദ്യം 5 ചിത്രങ്ങള്‍ ആണ് വില്‍ക്കുവാനായി രശ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അതില്‍ അഞ്ചിനും ആവശ്യക്കാരെത്തി. ഒപ്പം അതേ ചിത്രങ്ങള്‍ വീണ്ടും വരച്ചു തരുമോ എന്നും ആവശ്യമുണ്ടായി. തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് അവ വരച്ചു നല്‍കുകയും ചെയ്തു.
ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന വ്യാജപ്രചാരണങ്ങളാണ് കോട്ടയം സ്വദേശിയും ഡിസൈനറുമായ ദിലീപിനെക്കൊണ്ട് എന്തെങ്കിലും ചെയ്യണം എന്ന് തോന്നിപ്പിച്ചത്. 500 രൂപയോ അതില്‍ അധികമോ സംഭാവന ചെയ്യുന്നവര്‍ക്ക് കാരിക്കേച്ചറുകള്‍ വരച്ചു നല്‍കാന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. പണം അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടും വരക്കേണ്ട ചിത്രവും അയച്ചുകൊടുത്താല്‍ മാത്രം മതി. ഒരുപാട് പേരാണ് പിന്തുണയായി എത്തുന്നതെന്ന് ദിലീപ് പറഞ്ഞു
15 പേര് ഇതിനകം തന്നെ ഫോട്ടോയും സ്‌ക്രീന്‍ഷോട്ടും നല്‍കി കഴിഞ്ഞു. അവര്‍ക്ക് വേണ്ടി ഇന്നു മുതല്‍ വരച്ചു തുടങ്ങുകയാണ്. ആദ്യം ദുരിതാസ്വാസനിധിയിലേക്ക് പണം നല്‍കേണ്ട എന്ന് കരുതിയവരും പോസ്റ്റ് കണ്ട് അതിന് തയ്യാറായി. ആളുകളെ കൊണ്ട് രണ്ടാമതൊന്ന് ചിന്തിപ്പിക്കാന്‍ കഴിഞ്ഞത് തന്നെ ഇതുമായി മുന്നോട്ട് പോകാന്‍ പ്രചോദനമാണ്.ദിലീപ് ജി കൃഷ്ണ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പ്രാധാന്യവും ആവശ്യകതയും മനസിലാക്കിയാണ് ആളുകള്‍ പിന്തുണയുമായെത്തുന്നതെന്ന് ഇരുവരും പറയുന്നു. അതുകൊണ്ട് തന്നെ തങ്ങള്‍ക്കൊപ്പം പങ്കാളിയാവാന്‍ തയ്യാറാകുന്നവര്‍ക്ക് ഇനിയും ചിത്രങ്ങള്‍ വരച്ചു നല്‍കും. ഇനിയും കൂടുതലാളുകള്‍ ഒപ്പം പങ്കാളിയാകുമെന്നാണ് കരുതുന്നെതന്നും ഇരുവരും കൂട്ടിച്ചേര്‍ക്കുന്നു.
500ഓ അതിലധികമോ സംഭാവന ചെയ്തവര്‍ക്ക് ഒരു സെറ്റ് ഹാന്‍ഡ്‌മെയ്ഡ് ബുക്മാര്‍ക്കുകള്‍ അയച്ചു നല്‍കുമെന്ന് അറിയിച്ച ആതിര രാധനും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്. എത്രയും വേഗം അവര്‍ക്കെല്ലാം ബുക്മാര്‍ക്ക് അയച്ചു നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ആതിര ഫേസ്ബുക്കില്‍ കുറിച്ചു.
ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനായി സമാനമായ പ്രവര്‍ത്തനങ്ങളുമായി ഒട്ടേറെ പേര്‍ രംഗത്തു വരുന്നുണ്ട്. തങ്ങളാല്‍ കഴിയുന്നത് ചെയ്യുക എന്നതാണ് വേണ്ടത് എന്ന് ഇതിലൂടെ ഇവര്‍ കരുതുന്നു. ഒപ്പം മറ്റൊരാളെ കൂടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കാനും കഴിയും. സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നതും.