റിപ്പബ്ലിക് ടിവിയിലെ പ്രൈം ടൈം ചര്‍ച്ചയില്‍ ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയുടെ പെരുമാറ്റം അനേകം തവണ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതിദേശീയതാ വാദത്തിനും വിദ്വേഷപ്രകടനത്തിനും പേരുകേട്ട 'അര്‍ണബ് ഗോസ്വാമി ഓണ്‍ ഡിബേറ്റ്' പരിപാടിയില്‍, തന്നെ എതിര്‍ത്ത് സംസാരിക്കുന്നവരെ ആക്രോശിച്ചും ചീത്തവിളിച്ചുമാണ് അവതാരകന്‍ നേരിടാറ്. എന്നാല്‍ അര്‍ണബിന്റെ സ്ഥിരം അടിച്ചമര്‍ത്തല്‍ നമ്പറുകള്‍ കഴിഞ്ഞദിവസം ഏറ്റില്ല. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടികള്‍ കിട്ടിയതോടെ അര്‍ണബ് തലയില്‍ കൈ വെച്ച് ഇരുന്നുപോയി.
അമര്‍നാഥ് തീര്‍ത്ഥാടനവും കശ്മീരിലെ യാത്രാവിലക്കുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്കിടെയാണ് സംഭവം. മുന്‍ വിദ്യാര്‍ത്ഥി നേതാവും കശ്മീരി അഭിഭാഷക ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായ സയീദ് ബാബര്‍ ജാന്‍ ഖദ്രിയും കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ മജീദ് ഹൈദരിയും ചര്‍ച്ചയില്‍ അഭിപ്രായം പറയാനെത്തിയിരുന്നു. ചര്‍ച്ചയ്ക്കിടെ കശ്മീരി വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിയും ഭീകരവാദിനേതാവ് ഹാഫിസ് സയീദും ഒരുമിച്ച് ചേര്‍ന്നപോലെയാണ് നിങ്ങളെന്ന് അര്‍ണബ് അതിഥികളെ ചൂണ്ടി പറഞ്ഞു.
'നിങ്ങള്‍ക്ക് പോയി ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്താലെന്താ? നിങ്ങളും ഗൗരവ് ആര്യയും (ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റൊരാള്‍) പാകിസ്താനില്‍ പോകൂ, ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യൂ. ആരാണ് നിങ്ങളെ തടയുന്നത്?' എന്ന് ഹൈദരി തിരിച്ചടിച്ചു. ഇത് കേട്ട അര്‍ണബ് കശ്മീരി മാധ്യമപ്രവര്‍ത്തകനെ 'ക്ലോസറ്റ് ടെററിസ്റ്റ്' എന്ന് വിളിച്ച് അധിക്ഷേപിച്ചു. ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ ഡല്‍ഹിയില്‍ വരൂ, ഞാന്‍ നിങ്ങളെ ചോദ്യം ചെയ്യും എന്നും റിപ്പബ്ലിക് മേധാവി കശ്മീര്‍ സ്വദേശികളോട് ആക്രോശിച്ചു. 'മുഗളന്‍മാര്‍ പണിത ഞങ്ങളുടെ സ്വന്തം ചെങ്കോട്ടയില്‍ വെച്ചാകാം' എന്നായി ഹൈദരി.
ബാബര്‍ ഖദ്രി ലക്ഷ്‌കറെ തോയ്ബ അനുയായിയാണെന്നും ഹൈദരി അയാളെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നും അര്‍ണബ് പറഞ്ഞു. ഇതിനിടെ അവതാരകന്‍ ഖദ്രിയെ ഇനാം ഉന്‍ നബി എന്ന് വിളിച്ചു. നിങ്ങള്‍ക്ക് നിങ്ങളുടെ അതിഥികളുടെ പേരു പോലും ഓര്‍മ്മയില്ലല്ലോയെന്ന് ഖദ്രി കളിയാക്കിയതോടെ അര്‍ണബ് വീണ്ടും രോഷാകുലനായി. ഖദ്രി തന്നെ അസ്വസ്ഥനാക്കുന്നു എന്നായി അര്‍ണബ്. 'പക്ഷെ നിങ്ങള്‍ ഇന്ത്യയെ മുഴുവന്‍ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്' എന്ന് ഖദ്രി തിരിച്ചടിച്ചു. സംസാരിക്കാന്‍ ഇട നല്‍കാതെ കശ്മീരികളെ അര്‍ണബ് നിരന്തരം ദ്രോഹിക്കുന്നതിനേക്കുറിച്ച് ഖദ്രി സംസാരം തുടര്‍ന്നു. ഇതോടെ റിപ്പബ്ലിക് ടിവി അവതാരകന്‍ സംസാരം നിര്‍ത്തി തലയ്ക്ക് കൈ കൊടുത്ത് ഇരുന്നു. അര്‍ണബ് ഗോസ്വാമിയെ നിശ്ശബ്ദനാക്കിയ ഇരുവരേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്ററാറ്റികള്‍.