ആത്മഹത്യാ പ്രേരണാ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണോബ് ഗോസ്വാമിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിരാ ബാനര്‍ജിയും ഉള്‍പ്പെടുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. ഏഴ് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അര്‍ണാബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചത്. അര്‍ണബിന് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അമ്പതിനായിരം രൂപ കെട്ടിവക്കാന്‍ അര്‍ണബിനോട് കോടതി നിര്‍ദ്ദേശിച്ചു. അര്‍ണബിനെ ഉടന്‍ ജയില്‍ മോചിതനാക്കും.
ആര്‍ക്കിടെക്ടിന് പണം നല്‍കാനുണ്ടെന്ന കാരണത്തില്‍ ആത്മഹത്യാ പ്രേരണാ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. അര്‍ണോബിനൊപ്പം കേസില്‍ ഉള്‍പ്പെട്ട ഫിറോസ് മുഹമ്മദ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു. തുടരന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി ഹാജരാജയ്. കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഭാഷകന്‍ കപില്‍ സിബല്‍ മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടിയും ഹാജരായി.
സാങ്കേതിക കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒരാള്‍ക്ക് ജാമ്യം നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ സൂചിപ്പിച്ച് കോടതി വ്യക്തമാക്കി. വ്യക്തിസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന നടപടികളാണ് കോടതികളില്‍ നിന്ന് ഉണ്ടാകേണ്ടത്. പണം നല്‍കാനുണ്ടെന്ന കാരണത്തില്‍ ഒരാള്‍ക്കെതിരെ എങ്ങനെ ആത്മഹത്യാ പ്രേരണാ കേസ് നിലനില്‍ക്കുമെന്നും വാദത്തിനിടെ കോടതി ചോദിച്ചു. ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തില്‍ പ്രതികളുടെ ഭാഗത്ത് നിന്ന് നിരന്തരമായ സമ്മര്‍ദ്ദം ഉണ്ടെങ്കിലേ പ്രേരണക്കുറ്റം നിലനില്‍ക്കൂ. ഒരാളുടെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുണ്ടാകും. റിപബ്ലിക് ചാനല്‍ താന്‍ കാണാറില്ല. പക്ഷേ ഒരു പൗരനെ ആണ് ജയിലില്‍ അയച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.
അര്‍ണബിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം തള്ളിയാണ് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നത്. ഹൈക്കോടതിയെ സമീപിച്ചിപ്പോള്‍ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു എന്നതിനാല്‍ നിയമവിരുദ്ധമായി തടങ്കല്‍ വച്ചെന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.
കയ്യടിച്ച് ആഹ്ലാദം പങ്കുവച്ചാണ് റിപ്പബ്ലിക് ടിവിയുടെ ന്യൂസ് റൂം ജാമ്യ വാര്‍ത്ത സ്വീകരിച്ചത്. അര്‍ണബ് ജയിലില്‍ ആയത് മുതല്‍ ചാനലിലെ പ്രധാന വാര്‍ത്തകളും ചര്‍ച്ചകളുമെല്ലാം അര്‍ണബിലേക്ക് കേന്ദ്രീകരിച്ചിരുന്നു. ന്യൂസ് റൂമില്‍ നിന്ന് കരഞ്ഞും കയ്യടിച്ചുമെല്ലാം ചാനല്‍ പ്രവര്‍ത്തകര്‍ ജാമ്യവാര്‍ത്തയോട് പ്രതികരിക്കുന്ന വീഡിയോയാണ് ചാനല്‍ ട്വിറ്ററില്‍ ഉള്‍പ്പെടെ പങ്കുവച്ചിരിക്കുന്നത്.
Arnab Goswami Granted Interim Bail