സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടന്ന് വെയ്ക്കാൻ പെൺകുട്ടികൾ തയ്യാറാകണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഓരോ പെൺകുട്ടികളും തന്റെ മകളാണ്. വിസ്മയയും തന്റെ മകളാണെന്ന് അദ്ദേഹം വികാരനിര്‍ഭരനായി പറഞ്ഞു.
പല മേഖലകളിലും മുന്നിലായ കേരളത്തില്‍ സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകള്‍ ഇപ്പോഴും തുടരുകയാണ്. എല്ലാ കാര്യത്തിലും മുന്നിലായ കേരളം ഇത്തരം കാര്യങ്ങളില്‍ മാത്രമാണ് പിന്നിൽ. സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണം അനുവാര്യമാണ്. ഇതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. സന്നദ്ധ പ്രവർത്തകർ സ്ത്രീധനത്തിനെതിരെ ശക്തമായി രംഗത്തുവരണം. സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന കല്യാണങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിക്കണം. പ്രളയകാലത്ത് സന്നദ്ധപ്രവര്‍ത്തനത്തിന് യുവാക്കളെ ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വെറും 24 മണിക്കൂറിനുള്ളില്‍ 73,000 യുവജനങ്ങളാണ് എന്തിനും സജ്ജമായി മുന്നോട്ടുവന്നിരുന്നു.
അതേസമയം, കേസില്‍ അറസ്റ്റിലായ കിരണ്‍ കുമാറിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശാസ്താംകോട്ട കോടതിയുടേതാണ് ഉത്തരവ്. വിസ്മയയുടെ മരണം നടന്ന ഭര്‍തൃഗൃഹത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്‍ നേരിട്ടെത്തി പരിശോധന നടത്തും.