ലിംനീതിയില്‍ തുറന്ന ചര്‍ച്ച വേണമെന്ന് സി.പി.ഐ നേതാവ് ആനിരാജ്. അതൊന്നും മറച്ചുവെച്ചുകൊണ്ട് ഇനിയങ്ങോട്ടേക്ക് പോകാനാകില്ലെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. കെ.കെ രമയ്‌ക്കെതിരായ എം.എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ആനി രാജ പറഞ്ഞത്
ഇതൊരു വലിയ വിഷയമാണ്. കേരളം പോലുള്ള സംസ്ഥാനത്ത് പ്രത്യേകിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും വലിയ സാന്നിധ്യമുള്ള ഒരു സംസ്ഥാനം എന്ന രീതിയില്‍ ജെന്‍ഡര്‍ ഇക്വാലിറ്റി, ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി എന്നുള്ള വിഷയങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ വേണം.
അതൊന്നും ഇനിയിങ്ങനെ മറച്ചുവെച്ചുകൊണ്ട്, അകത്ത് മാത്രം, അകത്തളത്തില്‍ പറഞ്ഞുകൊണ്ട്, അല്ലെങ്കില്‍ ആരെയെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിനെ സംരക്ഷിച്ചുകൊണ്ടൊന്നും ഇനിയങ്ങോട്ടേക്ക് പോകാന്‍ കഴിയില്ല. തുറന്ന ചര്‍ച്ചകള്‍ വേണം.
അതേസമയം വിഷയത്തില്‍ നേതാക്കളുമായി ആലോചിക്കാതെയാണ് ആനി രാജയുടെ പ്രതികരണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. വിഷയത്തില്‍ നിലപാട് പറയേണ്ട വേദിയില്‍ പ്രതികരിക്കുമെന്ന് പറഞ്ഞ് മന്ത്രി ചിഞ്ചുറാണി ഒഴിഞ്ഞുമാറുകയായിരുന്നു.
അതേസമയം നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും കാനമടക്കമുള്ള എല്ലാ നേതാക്കളും പ്രതികരിക്കണമെന്നില്ലെന്നും ആനി രാജ പറഞ്ഞു. വിഷയത്തില്‍ ബിനോയ് വിശ്വവും ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമനും എം.എം മണിക്കെതിരെ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരുന്നു.