പൂനെയില്‍ ഏണസ്റ്റ് ആന്‍ഡ് യംഗില്‍ എക്‌സിക്യൂട്ടീവായിരുന്ന അന്നയുടെ മരണത്തിന് കാരണം അമിത ജോലി ഭാരം ആണെന്ന വാദത്തിന് ബലം നൽകി സുഹൃത്തിന്റെ പ്രതികരണം. തൊഴിൽ സമ്മർദ്ദം കാരണം ജോലി ഉപേക്ഷിക്കാനോ നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങാനോ അന്നാ സെബാസ്റ്റ്യൻ ആലോചിച്ചിരുന്നതായി സുഹൃത്ത് ആൻമേരി. പണിയെടുത്ത് പണിയെടുത്ത് നെഞ്ചുവേദന വന്നുവെന്ന് അന്ന തന്നോട് പറഞ്ഞിരുന്നു. സ്ട്രെസ് കാരണമുളള നെഞ്ച് വേദനയാണെന്ന് ഡോക്ടറും അന്നയോട് പറഞ്ഞു. അന്ന അമിത ജോലി ഭാരം മൂലം രാജിവെച്ച് വീട്ടിലേക്ക് തിരിച്ച് വരാൻ ആലോചിച്ചിരുന്നു എന്നും ആന്മേരി പറഞ്ഞു.
ആന്മേരിയുടെ വാക്കുകൾ
അന്നക്ക് ജോലി സ്ഥലത്ത് വലിയ സമ്മർദ്ദമുണ്ടായിരുന്നു. ഇക്കാര്യം ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ശനി, ഞായർ ദിവസങ്ങളിലും ജോലിക്ക് പോകണം. രാവിലെ 6 മണിക്ക് ഓഫീസിലേക്കെത്തണം. രാത്രി 12 , 1 മണി സമയത്തെല്ലാമാണ് തിരികെ വരുന്നത്. ഇടവേള പോലുമുണ്ടായിരുന്നില്ല. അന്ന വീട്ടിലേക്ക് വരാനിരിക്കെയാണ് മരണമുണ്ടായത്. വീട്ടിലെത്തി കഴിഞ്ഞ് വർക്ക് ഫ്രം ഹോം ചോദിക്കാമെന്ന് അന്ന കരുതിയിരുന്നു. അതിന് ശേഷം കൊച്ചിയിലേക്ക് ട്രാൻസ്ഫർ വാങ്ങാമെന്നും കരുതി. തീരെ പറ്റാത്ത അവസ്ഥയെങ്കിൽ ജോലി ഉപേക്ഷിക്കാമെന്ന് കരുതിയിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് നെഞ്ച് വേദന വന്നു. അന്ന് എനിക്ക് മെസേജ് അയച്ചിരുന്നു. പണിയെടുത്ത് പണിയെടുത്ത് നെഞ്ചുവേദന വന്നുവെന്ന് അന്ന പറഞ്ഞിരുന്നു. സ്ട്രെസ് കാരണമുളള നെഞ്ച് വേദനയാണ്. ഡോക്ടറും പറഞ്ഞു. ഫുഡ് ശരിയായി കഴിക്കുന്നില്ല, ഉറക്കമില്ല, ഇതെല്ലാം കാരണമാണെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. അപ്പോഴും തൊഴിൽ സമ്മർദ്ദത്തെ കുറിച്ച് അന്ന പറഞ്ഞിരുന്നു.
അന്നയുടെ അമ്മ അനിത അഗസ്റ്റിന്‍ ഇവൈ ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്ത് വൈറലായതോടെയാണ് കോര്‍പറേറ്റ് കമ്പനികളിലെ ജോലിഭാരവും അത് ജീവനക്കാരില്‍ ഏല്‍പിക്കുന്ന മാനസികാഘാതവും സംബന്ധിച്ച് വലിയ ചര്‍ച്ചകളുണ്ടായത്. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ കൂടി വ്യക്തമാക്കിക്കഴിഞ്ഞു. ഇവൈ പ്രതിനിധികള്‍ അന്നയുടെ മാതാപിതാക്കളെ വീട്ടിലെത്തി കാണുകയും കമ്പനി ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. കമ്പനിയില്‍ നിന്ന് അന്നയ്ക്ക് വലിയ ജോലി സമ്മര്‍ദ്ദമാണ് അനുഭവിക്കേണ്ടി വന്നതെന്ന് അമ്മ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അന്നയ്ക്ക് സംഭവിച്ചത്
അന്നയുടെ മരണം എങ്ങനെയെന്ന് അമ്മ അനിത എഴുതിയ കത്തില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ ജൂലൈ 6ന് പൂനെയില്‍ വെച്ചായിരുന്നു അന്നയുടെ സിഎ കോണ്‍വൊക്കേഷന്‍. അതിനായി മാതാപിതാക്കള്‍ പൂനെയില്‍ എത്തിയിരുന്നു. ഒരാഴ്ചയ്ക്കു മുന്‍പ് നെഞ്ച് വേദന വന്നിരുന്നതായി മകള്‍ പറഞ്ഞിരുന്നത് അനുസരിച്ച് അന്നയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. രാത്രി ഒരു മണിക്ക് താമസസ്ഥലത്ത് എത്തിയപ്പോളാണ് നെഞ്ചുവേദനയുണ്ടായതെന്നാണ് അന്ന പറഞ്ഞത്. പൂനെയിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ല. ഇസിജിയില്‍ പ്രശ്‌നങ്ങളില്ലായിരുന്നു. മകള്‍ക്ക് ആവശ്യമായ ഉറക്കം ലഭിക്കുന്നില്ലെന്നും ഭക്ഷണം വളരെ വൈകിയാണ് കഴിക്കുന്നതെന്നും കാര്‍ഡിയോളജിസ്റ്റ് പറഞ്ഞു. അന്റാസിഡുകളാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. അതുകൊണ്ടുതന്നെ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്ന് മാതാപിതാക്കളും ധരിച്ചു. ഡോക്ടറെ കണ്ടതിന് ശേഷവും ചെയ്തു തീര്‍ക്കാന്‍ ജോലിയേറെയുണ്ടെന്ന് പറഞ്ഞ് അന്ന ഓഫീസിലേക്ക് പോവുകയും രാത്രി വളരെ വൈകി മടങ്ങിയെത്തുകയുമായിരുന്നു. കോണ്‍വൊക്കേഷന്‍ ദിവസമായ ജൂലൈ 7 ഞായറാഴ്ച അന്ന ഉച്ച വരെ വര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്യുകയായിരുന്നു. ജോലിത്തിരക്ക് കാരണം അവര്‍ക്ക് കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ പോലും സമയത്തിന് എത്താനായില്ല. പിന്നീട് ജൂലൈ 20ന് അന്ന മരിച്ചു എന്ന സന്ദേശമാണ് മാതാപിതാക്കളെ തേടിയെത്തിയത്. അമിത ജോലിഭാരമാണ് തങ്ങളുടെ മകളെ മരണത്തിലേക്ക് നയിച്ചതെന്ന് അനിത അഗസ്റ്റിന്‍ തന്റെ കത്തില്‍ പറയുന്നുണ്ട്.
ഇവൈയില്‍ ചേര്‍ന്ന ടീമിന്റെ മാനേജറെക്കുറിച്ച് മറ്റുള്ളവര്‍ അന്നയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരവധി പേര്‍ രാജിവെച്ചു പോകാന്‍ കാരണം ഈ മാനേജരാണെന്നായിരുന്നു അവര്‍ പറഞ്ഞത്. ക്രിക്കറ്റ് മാച്ചുകള്‍ ഉള്ള ദിവസങ്ങളില്‍ അയാള്‍ മീറ്റിങ്ങുകള്‍ റീഷെഡ്യൂള്‍ ചെയ്യുകയും വൈകുന്നേരങ്ങളില്‍ ജോലി അസൈന്‍ ചെയ്യുകയും ചെയ്യും. രാത്രികളിലും വാരാന്ത്യങ്ങളിലും മകള്‍ക്ക് അമിത ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അമ്മ പരാതിപ്പെടുന്നു. പരാതി പറഞ്ഞപ്പോള്‍ തങ്ങളും രാത്രി ജോലി ചെയ്യുന്നുണ്ടല്ലോ എന്നായിരുന്നു മാനേജര്‍മാരുടെ മറുപടി. കമ്പനിയിലെ ജോലി സംസ്‌കാരത്തെക്കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടാണ് അവര്‍ കത്ത് അവസാനിപ്പിക്കുന്നത്. ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്ന തരത്തിലായിരിക്കണം ജോലി സാഹചര്യങ്ങളെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.