രാജ്യത്ത് കൊവിഡ് വ്യാപനം കടുക്കുമ്പോള്‍ രോഗപ്രതിരോധ രംഗത്ത് സുപ്രധാന ഇടപെടലുകളുമായി സന്നദ്ധ കൂട്ടായ്മയായ പാര്‍ലമെന്റേറിയന്‍സ് വിത്ത് ഇന്നൊവേറ്റേര്‍സ് ഫോര്‍ ഇന്ത്യ. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ടെസ്റ്റിംഗ്, ചികിത്സാ - ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഒരുക്കിയാണ് ശ്രദ്ധേയമായ പ്രവര്‍ത്തനം. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും ആരോഗ്യരംഗത്തെ വിദഗ്ധരും പ്രമുഖ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദഗ്ധരായ പ്രതിനിധികളുമാണ് പിഐഐയിലുള്ളത്. കോണ്‍ഗ്രസിന്റെ ദേശീയ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ അനില്‍ ആന്റണി സംരംഭത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളാണ്. സമാജ് വാദി പാര്‍ട്ടി വക്താവ് ഘനശ്യാം തിവാരിയാണ് ഇത്തരമൊരാശയം മുന്നോട്ടുവെച്ചതെന്ന് അനില്‍ ആന്റണി ദ ക്യുവിനോട് പറഞ്ഞു. ഘനശ്യാം ഹെല്‍ത്ത് പോളിസി വിദഗ്ധനും ഹാര്‍വേഡ് ബിരുദധാരിയുമാണ്. സാങ്കേതിക വിദ്യയും, കുറഞ്ഞചെലവിലുള്ള നവീന ആശയങ്ങളുമെല്ലാം സംയോജിപ്പിച്ച് കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുക ലക്ഷ്യമിട്ടാണ് കൂട്ടായ്മയാരംഭിച്ചത്. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 14 എംപിമാര്‍ ഇതിന്റെ ഭാഗമായി.
ഏപ്രില്‍ ഒന്നാം ആഴ്ചയായിരുന്നു രൂപീകരണം. ബെഡുകളുടെയും ടെസ്റ്റിംഗുകളുടെയും കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് പദ്ധതികള്‍ വിഭാവനം ചെയ്തത്. ഇതിനായി പൊതുജനങ്ങള്‍ക്കും സംരംഭകര്‍ക്കും ആശയങ്ങളും കുറഞ്ഞ ചെലവിലുള്ള ടെക്‌നോളജി മാതൃകകളും അവതരിപ്പിക്കാന്‍ അവസരം നല്‍കി. ഇത്തരത്തില്‍ അഞ്ഞൂറിലേറെ ആശയങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ചു. അതില്‍ നിന്നുള്ള മികച്ചവയെടുത്ത് സംഘടന പ്രാവര്‍ത്തികമാക്കുകയായിരുന്നു. സെക്യൂരിറ്റി രംഗത്തെ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനി മുന്നോട്ടുവെച്ച ആശയമായിരുന്നു ലാര്‍ജ് സ്‌കെയില്‍ ടെമ്പറേച്ചര്‍ സ്‌ക്രീനിങ് ഡിവൈസ്. ഇത് എംപി കെ സുധാകരനുമായി സഹകരിച്ച് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ചു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ 20 ബെഡുകളുള്ള താല്‍ക്കാലിക ചികിത്സാ കേന്ദ്രവും സജ്ജമാക്കി. രാജ്യത്തെ പ്രമുഖ ഡിസൈന്‍ സ്‌കൂളായ ആനന്ദ് സര്‍വകലാശാലയുടെ ആശയപ്രകാരമാണ് ഇത് സാധ്യമാക്കിയത്. ഡല്‍ഹിയില്‍ നൂറ് വീതം ബെഡുകളുള്ള രണ്ട് കേന്ദ്രങ്ങള്‍ ഒരുക്കി. രാജ്കോട്ടില്‍ 75 ബെഡുകളുള്ള ചികിത്സാ കേന്ദ്രവും തയ്യാറാക്കി. ഇത്തരത്തില്‍ ബിഹാര്‍, ഗുജറാത്ത്, ഡല്‍ഹി, കേരളം എന്നീ സംസ്ഥാനങ്ങളിലായി അഞ്ഞൂറോളം ബെഡുകള്‍ കൂടി ഒരുക്കുന്നുണ്ട്. ബോംബെയില്‍ ഒഴിഞ്ഞ മൂന്ന് ബില്‍ഡിംഗുകളിലായി ചികിത്സാ- ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കി. ബിഹാറില്‍ കണ്ടെയ്‌നറുകള്‍ ടെസ്റ്റിംഗ് സ്റ്റേഷനാക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ടെസ്റ്റിങ്ങിനുള്ള സംവിധാനങ്ങളൊരുക്കുകയാണ് ലക്ഷ്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ക്ലസ്റ്ററുകള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന സംവിധാനത്തിന്റെ സേവനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് 100 ബെഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം തയ്യാറാകും. ഡല്‍ഹിയിലും ബംഗളൂരുവിലും 200 ബെഡുകള്‍ വീതവുമാണ് സജ്ജീകരിക്കുന്നത്. 4 കേന്ദ്രങ്ങളിലായാണിത്. മൈല്‍ഡ്, മോഡറേറ്റ് വിഭാഗങ്ങളില്‍ പെടുന്ന രോഗികള്‍ക്ക് താല്‍ക്കാലിക കേന്ദ്രങ്ങളില്‍ ചികിത്സ ലഭ്യമാക്കും. ലോ കോസ്റ്റ് മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് കിടക്കയും മറ്റും തയ്യാറാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
രാഷ്ട്രീയ ഭേദമന്യേ എംപിമാര്‍ ഈ സംവിധാനത്തിന്റെ ഭാഗമാണെന്നതാണ് സവിശേഷത. ഡോ. രാജീവ് ഗൗഡ, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം (കോണ്‍ഗ്രസ്) പ്രിയങ്ക ചതുര്‍വേദി ( ശിവസേന) മഹുവ മൊയിത്ര (തൃണമൂല്‍ കോണ്‍ഗ്രസ് ) കലാനിധി വീരസ്വാമി (ഡിഎംകെ) കൃഷ്ണ ലാവു (വൈഎസ്ആര്‍ കോണ്‍ഗ്രസ്) ഡാനിഷ് അലി ( ബിഎസ്പി) ഡോ. സുജിത്കുമാര്‍ (ബിജെഡി), ശുഭാംശു ത്രിവേദി, വരുണ്‍ ഗാന്ധി (ബിജെപി) സഞ്ജയ് സിംഗ് (ആം ആദ്മി പാര്‍ട്ടി) എന്നിവരാണ് പാര്‍ലമെന്റംഗങ്ങള്‍. ഡോ മീനാക്ഷി ദത്ത ഘോഷ്, ഡോ. അര്‍ണാബ് മുഖര്‍ജി, ഡോ. ആമിറുള്ള ഖാന്‍, ഡോ. സൊണാലി, ഡോ.നന്ദിത തുടങ്ങിയ ആരോഗ്യരംഗത്തുനിന്നുള്ള വിദഗ്ധര്‍ ഇതിന്റെ ഭാഗമാണ്. പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ. സെന്റര്‍ ഫോര്‍ പോളിസി റിസേര്‍ച്ച് , ഐഐഎം ഇന്‍ഡോര്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഇതിന്റെ ഭാഗമാണ്. എയര്‍ടെല്‍, യൂബര്‍,സിസ്‌കോ, പിരമല്‍ ഗ്രൂപ്പ് തുടങ്ങിയവയും കൂട്ടായ്മയിലുണ്ട്. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് സമാഹരിച്ച് സംവിധാനങ്ങള്‍ ഒരുക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് വെട്ടിച്ചുരുക്കിയത് തിരിച്ചടിയായി. തുടര്‍ന്ന് സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് സേവനങ്ങള്‍ ലഭ്യമാക്കി വരികയാണ്. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ചാണ് ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. കൂടുതല്‍ പ്രശ്‌നമുള്ള മേഖലകള്‍ തിരിച്ചറിഞ്ഞാണ് സഹായം എത്തിക്കുന്നത്.