പ്രത്യേക പദവി വേണമെന്ന ആന്ധ്രയുടെയും ബിഹാറിന്റെയും ആവശ്യം നിരസിച്ച കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും നല്‍കിയത് കൈനിറയെ പദ്ധതികള്‍. ബിഹാറിന് 26,000 കോടിയുടെയും ആന്ധ്രയ്ക്ക് 15,000 കോടിയുടെയും പദ്ധതികളാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറില്‍ പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയവ നിര്‍മിക്കും. സ്‌പോര്‍ട്‌സ് മേഖലയിലെ വികസനത്തിനും പണം നല്‍കും. വെള്ളപ്പൊക്കത്തെ നേരിടാന്‍ 11,500 കോടി രൂപയാണ് അനുവദിച്ചത്. നളന്ദ സര്‍വകലാശാലയുടെ വികസനത്തിന് മുന്‍ഗണന നല്‍കുകയും രണ്ട് ക്ഷേത്ര ഇടനാഴികള്‍ക്ക് പദ്ധതി അവതരിപ്പിക്കുകയും ചെയ്യും. മൂന്ന് എക്‌സ്പ്രസ് വേകളും ബക്‌സറില്‍ ഗംഗയ്ക്ക് കുറുകെ രണ്ടുവരിപ്പാലവും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചു. പിര്‍പൈന്തിയില്‍ 2400 മെഗാവാട്ടിന്റെ പുതിയ വൈദ്യുത പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിനായി 15,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് അനുവദിച്ചത്. പോളാവരം ജലസേചന പദ്ധതി വേഗം പൂര്‍ത്തീകരിക്കുന്നതിനായി സാമ്പത്തിക സഹായം അനുവദിക്കും. തലസ്ഥാന രൂപീകരണത്തിനായി പ്രത്യേകം തുക നല്‍കും. ഹൈദരബാദ്-ബംഗളൂരു വ്യവസായ ഇടനാഴി, വിശാഖപട്ടണം വ്യവസായ ഇടനാഴി തുടങ്ങിയവയാണ് പ്രധാനമായും പദ്ധതിയിലുള്ളത്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് നിതീഷ് കുമാറിന്റെ ജെഡിയു, ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം എന്നിവരുടെ സഹായത്തോടെയാണ് മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇരു സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി വേണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിച്ചിരുന്നെങ്കിലും അത് കേന്ദ്രം നിരസിച്ചിരുന്നു. പിന്നാലെയാണ് ബജറ്റില്‍ വന്‍ വാഗ്ദാനങ്ങള്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമായി അനുവദിച്ചത്.
ബിഹാര്‍, ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിനായി കാര്യമായി പുതിയ പദ്ധതികളൊന്നും ബജറ്റില്‍ നിര്‍ദേശിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക പാക്കേജുകള്‍ പ്രതീക്ഷിച്ചിരുന്നു. 24,000 കോടി രൂപയുടെ പാക്കേജായിരുന്നു കേരളം പ്രതീക്ഷിച്ചത്. എയിംസ് ഉള്‍പ്പെടെ സംസ്ഥാനം നിരന്തരം ആവശ്യപ്പെടുന്ന പദ്ധതികള്‍ പോലും അനുവദിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനത്തിനായി 5000 കോടി രൂപയുടെ പദ്ധതി ധനമന്ത്രാലയത്തിന്റെ അനുമതിക്കായി നല്‍കിയിരുന്നു.