വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ സിനിമ താരങ്ങളായ അമലാ പോളിനും ഫഹദ് ഫാസിലിനുമെതിരെ കേസെടുക്കാനാവില്ലെന്ന് ക്രൈം ബ്രാഞ്ച്. ഇരുവരെയും കേസില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാല്‍ അമലാ പോളിനെതിരായ കേസ് നിലനില്‍ക്കില്ല. സുരേഷ് ഗോപി എം പിക്കെതിരായ കേസില്‍ നടപടി തുടരും.
പുതുച്ചേരിയിലെ തിലാസപ്പെട്ടില്‍ വാടകയ്ക്കു താമസിച്ചുവെന്ന രേഖയാണ് ബെന്‍സ് കാര്‍ രജിസ്ട്രര്‍ ചെയ്യാന്‍ അമലാ പോള്‍ ഉപയോഗിച്ചത്. ഇത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച്് കണ്ടെത്തിയിരുന്നു. ഇതില്‍ നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ 20 ലക്ഷം രൂപ രജിസ്‌ട്രേഷന് നല്‍കേണ്ടയിടത്ത് 1.25 ലക്ഷം രൂപയാണ് പുതുച്ചേരിയില്‍ അമല അടച്ചത്. 1.12 കോടി രൂപ വിലവരുന്ന ബെന്‍സായിരുന്നു അമല പോള്‍ വാങ്ങിയത്.
ഫഹദ് ഫാസില്‍ പിഴയടച്ചതിനാലാണ് കേസില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. 19 ലക്ഷം രൂപ നികുതിയിനത്തില്‍ അടച്ചിട്ടുണ്ട്. ഡീലര്‍മാരാണ് കാറുകള്‍ രജിസ്ട്രര്‍ ചെയ്തതെന്നും നികുതിയെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്നുമാണ് ഫഹദ് നേരത്തെ മൊഴി നല്‍കിയത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.