Around us

നികുതിപ്പണം നഷ്ടപ്പെട്ടെന്ന പ്രചാരണം വ്യാജം, ആശങ്കവേണ്ടെന്ന് ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ് സംബന്ധിച്ച വാർത്തകൾക്കെതിരെ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ. ഇപ്പോൾ വരുന്ന വാർത്തകളെല്ലാം വ്യാജമാണെന്നും, തട്ടിപ്പ് മുൻപേതന്നെ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നുവെന്നും ആര്യ രാജേന്ദ്രൻ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മേയർ നികുതിവെട്ടിപ്പ് സമ്മതിച്ചുവെന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ആര്യ രാജേന്ദ്രൻ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. ജൂലൈയിൽ തന്നെ പണം അപഹരിക്കപ്പെട്ടത് ശ്രദ്ധയില്പെട്ടിരുന്നുവെന്നും, സെപ്റ്റംബർ 22 ന് അന്വേഷണറിപ്പോർട്ട് ലഭിച്ചയുടനെത്തന്നെ വേണ്ട നടപടികൾ എടുത്തിരുന്നുവെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. നികുതി കൃത്യമായി അടച്ച ആർക്കും വീണ്ടും നികുതിയടക്കേണ്ട അവസ്ഥയുണ്ടായില്ലെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.

ആര്യ രാജേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നഗരസഭയിൽ ഒടുക്കിയ നികുതി നഷ്ടപെട്ടെന്ന പ്രചരണം സത്യവിരുദ്ധം.

നഗരസഭയിൽ ജനങ്ങൾ ഒടുക്കിയ വീട്ടുകരം നഷ്ടപ്പെട്ടന്ന തരത്തിൽ ചില മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും നടത്തുന്ന പ്രചരണം സത്യവിരുദ്ധമാണ്. യഥാർത്ഥ വസ്തുത സംബന്ധിച്ച് പത്രസമ്മേളനം വിളിച്ചു തന്നെ എല്ലാ മാധ്യമങ്ങളോടും വിശദീകരിച്ചിരുന്നു. ഇന്നലെ നടന്ന നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിലും ഇക്കാര്യത്തിൽ നഗരസഭയെടുത്ത മുഴുവൻ നടപടികളും പ്രതിപാദിച്ചിരുന്നു. യഥാർത്ഥത്തിൽ ജനങ്ങൾ ഒടുക്കിയ നികുതി നഗരസഭാ കണക്കുകളിൽ രേഖപ്പെടുത്താത്തതായ പ്രശ്നങ്ങൾ ഇല്ല. എന്നാൽ വരവ് വന്ന തുക സെക്രട്ടറിയുടെ പേരിലുള്ള നഗരസഭാ അക്കൗണ്ടിൽ ഒടുക്കുന്നതിന് ചുമതലപ്പെട്ടവർ വീഴ്ചവരുത്തി എന്ന പ്രശ്നമാണ് നിലവിലുള്ളത്.

2021 ജൂലൈ 6-ന് ശ്രീകാര്യത്ത് പണാപഹരണം ശ്രദ്ധയിൽപ്പെട്ട അന്നുതന്നെ വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുത്തു എന്ന് മാത്രമല്ല ആ വിവരം അന്ന് തന്നെ പത്രമാധ്യമങ്ങളെ വാർത്താകുറിപ്പിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. നേമം സോണലിലും, ആറ്റിപ്ര സോണലിലും പണാപഹരണം നടന്നതായി 2021 സെപ്റ്റംബർ 22ന് റിപ്പോർട്ട് ലഭിക്കുകയും, അന്നുതന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയവരുടെ പേരിൽ നടപടി എടുക്കുകയും, ആ വിവരവും പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

നഗരസഭ തന്നെ അന്വേഷണം നടത്തുകയും, കുറ്റക്കാരുടെ പേരിൽ നടപടിയെടുക്കുകയും ചെയ്ത നിലവിലെ സംഭവവികാസങ്ങൾ മാധ്യമങ്ങൾ അറിഞ്ഞത് നഗരസഭ പത്രക്കുറിപ്പിലൂടെ ആണെന്നിരിക്കെ "നികുതിവെട്ടിപ്പ് സമ്മതിച്ച് മേയർ" എന്ന രീതിയിൽ ഒരു മാധ്യമത്തിൽ വന്ന വാർത്ത വസ്തുതകൾക്ക് നിരക്കാത്തതാണ്. നഗരസഭയിൽ പണാപഹരണം നടന്നുവെന്ന് 06.07.2021-ന് തന്നെ മാധ്യമങ്ങളെ അറിയിച്ചത് നഗരസഭാ വാർത്താകുറിപ്പിലൂടെ ആണെന്നിരിക്കെ ഇപ്പോൾ പുതുതായി മേയർ ഇക്കാര്യം സമ്മതിച്ചു എന്ന തരത്തിലെ വാർത്ത തെറ്റിദ്ധാരണ പരത്താനാണ്. നഗരസഭയിൽ നികുതി കൃത്യമായി ഒടുക്കിയ ഒരാളും വീണ്ടും അത്തരം നികുതി ഒടുക്കേണ്ട സാഹചര്യം നിലവിലില്ല. പണം അക്കൗണ്ടിൽ ഒടുക്കാത്തതിന് ചുമതലപ്പെട്ടവരുടെ പേരിൽ കർശന പൊലീസ് നടപടി ഉൾപ്പെടെ സ്വീകരിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയർ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

വസ്തുതകൾ ഇതായിരിക്കെ നഗരസഭ സോണൽ ഓഫീസുകളിലെ പണാപഹരണവുമായി ബന്ധപ്പെട്ടുള്ള യഥാർത്ഥ വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ആര്യ രാജേന്ദ്രൻ.എസ്

മേയർ, തിരുവനന്തപുരം നഗരസഭ

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

SCROLL FOR NEXT