മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വലിയ വിഭാഗം ജീവനക്കാര്‍ പ്രവൃത്തി സമയത്ത് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതായി പരാതി. സമ്മേളനങ്ങള്‍, യോഗങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, യാത്രയയപ്പുകള്‍ തുടങ്ങിയവയ്ക്കായി ഭരണ പ്രതിപക്ഷാനുകൂല സംഘടനകളിലുള്ളവര്‍ നിരന്തരം പ്രവൃത്തിസമയം ചെലവഴിക്കുന്നതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇക്കാരണത്താലടക്കം നൂറുമുതല്‍ നൂറ്റമ്പതുവരെ ഫയലുകള്‍ വിവിധ സെക്ഷനുകളില്‍ കെട്ടിക്കിടക്കുന്നതായി ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ഫലത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പെടെ സര്‍വകലാശാലയിലെത്തുന്നവര്‍ വലയുന്നത് സ്ഥിരം സംഭവവുമാണ്. വിവിധ സെക്ഷനുകളിലെ ഒഴിഞ്ഞ കസേരകളാണ് ഇവരെ വരവേല്‍ക്കുന്നത്. ക്യാബിനുകളില്‍ ജീവനക്കാര്‍ ഇല്ലാത്തതുമൂലം പോയി പിന്നെ വരൂവെന്ന് പറഞ്ഞ് മടക്കുകയാണെന്ന് ഇവിടെയെത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഭരണപക്ഷാനുകൂല സംഘടനയായ എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ 36 ാം വാര്‍ഷിക സമ്മേളനം വ്യാഴം, വെള്ളി ദിവസങ്ങളിലാണ്. യൂണിവേഴ്‌സിറ്റിയുടെ മെയിന്‍ ഹാള്‍ സമ്മേളനത്തിനായി വൈസ് ചാന്‍സലര്‍ അനുവദിച്ചിട്ടുമുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലാണ് ഉദ്ഘാടകന്‍. ഇവിടുത്തെ ഏറ്റവും പ്രബലമായ സംഘടനയാണിത്. പ്രവൃത്തി ദിവസങ്ങളിലാണ് പരിപാടി. ശമ്പളാനുകൂല്യങ്ങള്‍ പറ്റിക്കൊണ്ട് ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതോടെ സര്‍വകാലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാവുകയാണ്. സമ്മേളനം നടക്കുന്നതിന് ദിവസങ്ങള്‍ മുന്‍പേ തന്നെ സംഘാടനത്തിന്റെ പേരുപറഞ്ഞ് ഉദ്യോഗസ്ഥര്‍ സീറ്റില്‍ നിന്ന് മാറും.
സെക്രട്ടറിയേറ്റില്‍ അവധി ദിവസങ്ങളിലാണ് സമ്മേളനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംഘടിപ്പിക്കാറ്. എന്നാല്‍ എംജിയില്‍ പ്രവൃത്തി ദിവസമാണ് സമ്മേളനങ്ങള്‍. പരിപാടികള്‍ സംഘടിപ്പിക്കാന്‍ മെയിന്‍ ഹോള്‍ വിട്ടുകൊടുക്കുകയും ചെയ്യും. ചടങ്ങുകളോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ സെക്ഷനുകളിലെ സീറ്റുകള്‍ കാലിയായിരിക്കും. ചിലര്‍ ഈ അവസരം ഉപയോഗപ്പെടുത്തി മുങ്ങുകയും ചെയ്യും. എതിര്‍ സംഘടനക്കാര്‍ സീറ്റ് വിടുന്നുണ്ടെങ്കില്‍ തങ്ങള്‍ക്കുമായിക്കൂടേയെന്ന ന്യായവുമായി മറ്റ് പ്രസ്ഥാനങ്ങളിലുള്ളവരും ഈ ദിവസങ്ങളില്‍ സ്ഥലം വിടാറുണ്ടെന്ന് പരാതികളുണ്ട്.
ശമ്പളാനുകൂല്യങ്ങള്‍ പറ്റിക്കൊണ്ടാണ് വലിയ വിഭാഗം ജീവനക്കാരുടെ നിയമവിരുദ്ധ നടപടി. ഇതുമൂലം ആവശ്യക്കാര്‍ നിരവധി തവണ സര്‍വകലാശാലയില്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഇന്റര്‍വെല്‍ സമയത്ത് പരിപാടി വെച്ച് വൈകുന്നേരം വരെ നീട്ടുന്ന സംഭവങ്ങളും തുടര്‍ക്കഥയാണ്. സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ ജീവനക്കാര്‍ പോകാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. അല്ലെങ്കില്‍ പലതരം ഭീഷണികള്‍ നേരിടേണ്ടി വരുമെന്നും ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. സംഘടനയില്‍ സജീവമായിട്ടുള്ളവര്‍ ഒന്നിലും സജീവമല്ലാത്ത കീഴ്ജീവനക്കാരെക്കൊണ്ട് തങ്ങളുടെ ജോലിയെടുപ്പിക്കുന്ന സംഭവങ്ങളും നടന്നുപോരുന്നു. പ്രവൃത്തി ദിവസങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെ മുന്‍ വൈസ് ചാന്‍സലര്‍മാരായ രാജന്‍ ഗുരുക്കളും ജാന്‍സി ജെയിംസും ശക്തമായി രംഗത്തുവന്നിരുന്നു. എന്നാല്‍ സംഘടനകള്‍ ഈ നീക്കത്തെ ഏതുവിധേനയും അട്ടിമറിക്കുന്നതാണ് ചരിത്രം.
എംജിയില്‍ 95 ശതമാനം ജീവനക്കാരും ഏതെങ്കിലും സംഘടനകളില്‍ അംഗത്വമുള്ളവരാണ്. എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷനാണ് ഇടതുസംഘടന. യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയനാണ് യുഡിഎഫ് പക്ഷത്തേത്. ബിജെപിയുടേതായി എംപ്ലോയീസ് സംഘും, ഇതര രാഷ്ട്രീയങ്ങളില്‍ വിശ്വസിക്കുന്നവരുടേതായി എംപ്ലോയീസ് ഓര്‍ഗനൈസേഷനുമുണ്ട്. ഇവയ്‌ക്കെല്ലാം വനിതാ വിംഗുകളും സാംസ്‌കാരിക ഫോറങ്ങളുമുണ്ട്. അവയുടെയും പരിപാടികള്‍ എല്ലാ മാസവുമുണ്ടാകും. പലപ്പോഴും പരിപാടിയില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് വിസി ഉത്തരവിറക്കുകയും ചെയ്യും. ഇതിന്റെ മറപറ്റി എതിര്‍ സംഘടനക്കാരും മുങ്ങും. ഇത്തരത്തില്‍ ക്രമക്കേടുകളുടെ കൂത്തരങ്ങായി യൂണിവേഴ്‌സിറ്റി മാറിയെന്നാണ് പരാതി. ആവശ്യക്കാരെ പലകുറി നടത്തിക്കുന്നത് കൈക്കൂലി പറ്റാനാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.