ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിക്ക് നേരെ നടന്നത് കണ്ണൂര്‍ മോഡല്‍ കൊലപാതക ശ്രമമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കായംകുളത്ത് വച്ച് സുഹൈലിനെ ഒരു സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. എറണാകുളത്ത് ചികില്‍സയിലുള്ള സുഹൈല്‍ അപകടനില തരണം ചെയ്തു. കുറ്റവാളികളെ പൊലീസ് സംരക്ഷിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കായംകുളം മാങ്ങാരത്ത് വച്ച് സുഹൈലിനെ മുഖംമൂടി സംഘം കഴുത്തില്‍ വെട്ടിയത്. പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
ഭരണിക്കാവ് പഞ്ചായത്തില്‍ സി.പി.എം നടത്തിയ കമ്മ്യൂണിറ്റി കിച്ചനിലെ അഴിമതി ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കൊവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നിന്ന് പോരാടുമ്പോഴാണ് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ കണ്ണൂര്‍ മോഡല്‍ കൊലപാതകം ആസുത്രണം ചെയ്യാന്‍ സി.പി.എം. ശ്രമിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്തു നെറികേടുകാട്ടിയാലും ഭരണത്തിന്റെ തണലില്‍ സംരക്ഷിക്കപ്പെടുമെന്ന ഉത്തമബോധ്യമാണ് സി.പി.എം പ്രവര്‍ത്തകരെ ഇത്തരം ഹീനകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നും മുല്ലപ്പള്ളി.
ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നമ്മുടെ നാട് ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് കായംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്.
ലോക്ക് ഡൗണിനെ തുടർന്ന് നമ്മുടെ നാട്ടിൽ ദുരിതത്തിലായവർക്ക് സഹായവുമായി സ്വാന്തന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം.
ഒറ്റക്കെട്ടായി ഈ മഹാമാരിയെ പ്രതിരോധിക്കേണ്ട ഈ ഗുരുതരമായ സാഹചര്യത്തിലും രാഷ്ട്രീയമായി അഭിപ്രായവ്യത്യാസം ഉള്ളവരെ അടിച്ചമർത്തുന്ന ഇത്തരം നടപടികൾ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
സുഹൈലിന് നേരെ ഉണ്ടായ സിപിഎം അക്രമവും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കുറ്റക്കാരെ സംരക്ഷിക്കുന്നതിന് പകരം ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.