കുടുംബ മഹിമയുടെയും പാരമ്പര്യത്തിന്റെയും പേരിൽ സ്ഥാനമാനങ്ങൾ പലതും നേടിയിട്ടും ആർത്തി സഹിക്കാതെ മറുകണ്ടം ചാടിയ കഥയല്ല, . സ്ത്രീയുടെ ആത്മാഭിമാനത്തിനുവേണ്ടി പോരാടിയ രണ്ടു ചരിത്രനായികമാരുടെ കഥയാണ് അക്കാമ്മയുടേതും ആനി മസ്ക്രീനിന്റേതും..
"അടുത്തു നടക്കുവാൻ പോകുന്ന തെരഞ്ഞെടുപ്പിൽ സ്ത്രീകൾ സ്ഥാനാർഥികളായി നിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നത് ഒന്നോ രണ്ടോ പേർ മാത്രമാണ്. സമ്മതിദായകരാണെങ്കിൽ അറുപതു ശതമാനവും സ്ത്രീകളാണ്. വിദ്യാഭ്യാസത്തിലും പബ്ലിക് സർവീസിലും മുന്നണിയിൽ നിൽക്കുന്ന സ്ത്രീകൾ നിയമസഭാ സാമാജികരായി തെരഞ്ഞെടുക്കപ്പെടുന്നതിനു ഇന്നത്തെ രാഷ്ട്രീയകക്ഷികൾ സന്ദർഭം നൽകാത്തത് പരിതാപകരമാണ്. ഇതപര്യന്തം രാജ്യസേവനം ചെയ്തവരെപ്പോലും പുറന്തള്ളിയിരിക്കുകയാണ്".....
1951- ലെ പത്രത്താളുകളിൽ പ്രത്യക്ഷപ്പെട്ട ഒരു പ്രസ്താവനയുടെ തുടക്കമാണ് ഇത് .രാജ്യത്തെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച ഒരു സ്ത്രീ സമ്മതിദായകാരോട്, പ്രത്യേകിച്ച് സ്ത്രീ വോട്ടർമാരോട് അഭ്യർത്ഥിക്കുകയാണ് :
"തിരുവനന്തപുരം നെയ്യാറ്റിൻകര പാർലമെന്റു സീറ്റിൽ സ്ഥാനാർത്ഥിയായി നിൽക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്ന കാര്യം പൊതുജനങ്ങളും പ്രത്യേകിച്ച് സ്ത്രീകളും ഇതിനകം മനസിലാക്കിക്കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ ഇരുപതു കൊല്ലത്തെ ജീവിതവും ഞാൻ രാജ്യസേവനത്തിനായിട്ടാണ് അർപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് സമ്മതിദായകരായ എല്ലാവരും വിശിഷ്യ സ്ത്രീകളും എന്റെ സ്ഥാനാർത്ഥിത്വം വിജയിപ്പിച്ചു തരണമെന്നപേക്ഷിക്കുന്നു."
തിരുകൊച്ചി സംസ്ഥാനത്തുനിന്ന് ജനസഭയിലേക്കുള്ള ( ലോക്സഭയുടെ അന്നത്തെ പേര്) കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിക്കപ്പെടാതെ പോയ ഒരു വനിതാ നേതാവ്. കുടുംബ മഹിമയുടെയും പാരമ്പര്യത്തിന്റെയും പേരിൽ സ്ഥാനമാനങ്ങൾ പലതും നേടിയിട്ടും ആർത്തി സഹിക്കാതെ മറുകണ്ടം ചാടിയ കഥയല്ല, ഇത്.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻ്റെ സ്ഥാപക നേതാക്കളിലെ ഏക വനിതയായിരുന്നു ആനി മസ്‌ക്രീൻ .ഒരർദ്ധരാത്രിയിൽ സർ സി പിയുടെ ഗുണ്ടകൾ അവരും അമ്മയും തനിച്ചു താമസിക്കുന്ന വീട്ടിൽ കടന്നു കയറിച്ചെന്ന് ഉടുത്തിരുന്ന വസ്ത്രങ്ങളൊഴിച്ച് ഉപ്പുചിരട്ട വരെയുള്ള സകല സാധനങ്ങളും കവർന്നെടുത്തു കൊണ്ടുപോയി. ഒരുപാടുകാലം ജയിലിൽ കിടന്നു. കോൺസ്റ്റിറ്റുവെൻ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 വനിതകളിൽ ഒരാൾ. പറവൂർ ടി.കെ നാരായണപിള്ളയുടെ മന്ത്രിസഭയിൽ വളരെ കുറച്ചുകാലം ആരോഗ്യ- വിദ്യുച്ഛ ക്തി മന്ത്രിയുമായിരുന്നു.
തന്നോടൊപ്പം മന്ത്രിയായ ഇ. ജോൺ ഫിലിപ്പോസിനെതിരെ അഴിമതി ആരോപണമുന്നയിക്കുന്നതുവരെ ചെന്നെത്തിയ ആഭ്യന്തര കലഹങ്ങൾ ആനി മസ്‌ക്രീനെ കോൺഗ്രസ് നേതൃത്വത്തിന് അനഭിമതയാക്കി.1952- ലെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം - നെയ്യാറ്റിൻകര പാർലമെൻ്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്ത അവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി, ആർ.എസ്.പി , കെ.എസ്.പി കക്ഷികളുടെ ഐക്യമുന്നണി പിന്തുണ നൽകി.കോൺഗ്രസ്സ്, പി.എസ്.പി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിക്കൊണ്ട് ആനി മസ്‌ക്രീൻ വിജയിച്ചു.
ഇനി 1952 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം നിഷേധിച്ച മറ്റൊരു വനിതാ നേതാവിന്റെ കഥ.
1938- ൽ സ്റ്റേറ്റ് കോൺഗ്രസിന്റെ 'ഡിക് റ്റേറ്റർ' എന്ന നിലയിൽ ആയിരക്കണക്കിന് സമരയോദ്ധാക്കളെ നയിച്ചു കൊണ്ട് വെട്ടിമുറിച്ച കോട്ടയുടെ വാതിൽക്കലെത്തിയപ്പോൾ തോക്കുമായി വന്ന് തന്നെ തടഞ്ഞ പട്ടാള മേധാവി കേണൽ വാട്കിൻസിന്റെ മുൻപിൽ ജ്വലിക്കുന്ന കണ്ണുകളോടെ വിരിമാറ് വിരിച്ചുകാണിച്ച് "ഇങ്ങോട്ട് വെയ്ക്കു വെടി " എന്നാക്രോശിച്ച തിരുവിതാംകൂറിന്റെ ജാൻസി റാണി അക്കമ്മ ചെറിയാൻ.
മീനച്ചിൽ പാർലമെൻ്റ് സീറ്റിൽ മത്സരിക്കാൻ അപേക്ഷ കൊടുത്ത അക്കമ്മ ചെറിയാന് കോൺഗ്രസ് സീറ്റ് കൊടുക്കാതിരുന്നത്, പ്രധാനമായും ഒരു സ്ത്രീയാണ് എന്ന കാരണത്താലാണ്. സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ ഒരു സ്ത്രീയുടെ പേരു പോലുമില്ലെന്നു കണ്ടപ്പോൾ പ്രധാന മന്ത്രി നെഹ്രു ക്ഷുഭിതനായി. ലിസ്റ്റ് വലിച്ചെറിഞ്ഞിട്ട് വനിതകളുടെ പേരുൾപ്പെടുത്തി തയ്യാറാക്കി ക്കൊണ്ടുവരാൻ കെ.പി.സി.സി സെക്രട്ടറി സദാശിവൻ പിള്ളയോട് ആവശ്യപ്പെട്ടു.
കെ.പി. സി.സി നിലപാടിൻ്റെ വിശദീകരണമായി, കെ.പി. സി.സി പ്രസിഡന്റ് കുമ്പളത്തു ശങ്കുപ്പിള്ള പറഞ്ഞത്, അക്കാമ്മ ചെറിയാനെ ക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ നല്ല അഭിപ്രായമില്ലെന്നും അവർ വെറുമൊരു വളണ്ടിയർ ആണെന്നും അത്രമാത്രം പ്രാധാന്യമുള്ള വ്യക്തിയല്ലെന്നുമൊക്കെയായിരുന്നു .
കുമ്പളത്തോട് അക്കമ്മ ചെറിയാൻ പ്രതികരിച്ചത് ഇങ്ങനെയാണ്:
"മലയാളരാജ്യത്തിന്റെ പ്രതിനിധിയുമായി കെ.പി. സി.സി പ്രസിഡന്റ് ശ്രീ.കുമ്പളത്തു ശങ്കുപ്പിള്ള നടത്തിയ ഒരു അഭിമുഖ സംഭാഷണത്തിൽ സ്ത്രീകളെപ്പറ്റി പരാമർശിച്ചിരിക്കുന്ന ഭാഗം എന്നെ അത്ഭുതപ്പെടുത്തി. ശ്രീ. ശങ്കു പ്പിള്ളയെപ്പറ്റി എനിക്കറിയാവുന്നിടത്തോളം ഇത്രമാത്രം നിലവിട്ട ഒരു പ്രസ്താവന അദ്ദേഹം പുറപ്പെടുവിക്കാൻ മുതിരുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.
വടക്കേ ഇന്ത്യയിലെ സ്ത്രീകൾ രാഷ്ട്രീയപ്രബുദ്ധത കൂടിയവരാണെന്നും അവർ ധാരാളമായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വിസ്തീർണ്ണത യുടെയും ജനസംഖ്യയുടെയും തോതു വെച്ചു നോക്കിയാൽ, നമ്മുടെ നാട്ടിലെ സ്ത്രീകൾ അവരോടു കിടപിടിക്കത്തക്ക സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ടെന്നു ധൈര്യസമേതം പറയുവാൻ സാധിക്കും. ഒരുപക്ഷെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത സ്ത്രീകളെ സ്ഥാനാർഥികളായി കിട്ടുവാൻ വിഷമമാണെന്ന് ഇല ക്ഷൻ കമ്മിറ്റിക്ക് തോന്നിയിരുന്നാൽ തന്നെയും, വിദ്യാഭ്യാസ യോഗ്യതയും, സാമർഥ്യവും ഉള്ള സ്ത്രീകളെ കോൺഗ്രസിന് പുറത്തുനിന്ന് എടുക്കുവാൻ പ്രയാസമില്ലായിരുന്നു. ശ്രീ. ശങ്കുപ്പിള്ളയുടെ പ്രഖ്യാപനം കണ്ടാൽ തോന്നും, പുരുഷന്മാരിൽ നിന്ന് തെരഞ്ഞെടുത്തിട്ടുള്ള സ്ഥാനാർഥികളെല്ലാം തന്നെ രാഷ്ട്രീയപ്രബുദ്ധതയുള്ളവരും, സേവന സന്നദ്ധരും, സ്വാതന്ത്ര്യസമരത്തിൽ ധീരധീരം പോരാടിയിട്ടുള്ളവരുമാണെന്ന്.
എന്നാൽ നാട്ടുകാർക്ക് നല്ലവണ്ണമറിയാം, അതിൽ എത്രയെത്ര പേർ സ്വാതന്ത്ര്യസമരത്തെ എതിർത്തവരും, സർ സി പി യുടെ സ്വതന്ത്ര തിരുവിതാംകൂറിനെ അനുകൂലിച്ചവരും, രാജ്യത്തെ ഒറ്റിക്കൊടുത്തവരുമാണെന്ന്. ഈ വാസ്തവം പ്രസ്താവനകൾകൊണ്ടു മറച്ചുവെയ്ക്കാമെന്നു വിചാരിക്കുന്നത് വെറും മൗഢ്യമാണ്.
ഈ നാട്ടിലെ സ്ത്രീകളുടെ നിലയെപ്പറ്റി പറയുന്നതുകേട്ടാൽ തോന്നും ഈ നാട്ടിലെ കാര്യങ്ങളൊന്നും ഇവിടുത്തെ ജനങ്ങൾക്ക് അറിഞ്ഞു കൂടെന്ന്.
പ്രാദേശികാഭിപ്രായം എനിക്കനുകൂലമായിരുന്നില്ല എന്നതുകൊണ്ടാണ് എന്റെ സ്ഥാനാർഥിത്വത്തിനുള്ള അപേക്ഷ നിരസിച്ചതെന്ന് ഇടയ്ക്ക് അദ്ദേഹം പറയുന്നു. പ്രാദേശികാഭിപ്രായം ആരാഞ്ഞ ആൾ തന്നെ എനിക്കു പകരം സ്ഥാനാർഥിയായി എന്നതിൽ കവിഞ്ഞ് ഒരു വിശദീകരണം ഈ കാര്യത്തിൽ നൽകേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ശ്രീ. ടി.എം വർഗീസിനെ റാന്നിയിലും ശ്രീ. പറവൂർ ടി. കെ നാരായണ പിള്ളയെ ചിറയിൻകീഴിലും ശ്രീ. എ ജെ ജോണിനെ പൂഞ്ഞാറ്റിലും സ്ഥാനാർഥികളായി നിറുത്തിയിരിക്കുന്നതും എന്തു പ്രാദേശികാഭിപ്രായത്തെ അടിസ്ഥാനമാക്കിയാണെന്ന് അറിയുവാൻ പൊതുജനങ്ങൾക്ക് കൗതുകമുണ്ടായിരിക്കും.
കോൺഗ്രസ് ഇന്നു നിറുത്തിയിരിക്കുന്ന സ്ഥാനാർഥികളോടുള്ള പൊതുജനാഭിപ്രായത്തിന്റെ കൂടുതൽ കൊണ്ടായിരിക്കാം, എട്ടും പത്തും വരെ സ്ഥാനാർഥികൾ, ഓരോ സ്ഥലത്തും അവർക്കെതിരായി നിൽക്കുന്നത്.
പ്രസ്താവനകൾ കൊണ്ടു സ്വന്തം ദുഷ്‌ചെയ്തികൾക്കു വെള്ള പൂശി, പൊതുജനങ്ങളുടെ കണ്ണിൽ മണ്ണിടുന്ന ഈ ഏർപ്പാട് നമ്മുടെ നേതാക്കന്മാർ ഇനിയെങ്കിലും തുടരാതിരിക്കുന്നത് നന്നായിരിക്കും."
പി ടി ചാക്കോ ആ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ ജോർജ്ജ് തോമസ് കൊട്ടുകാപ്പള്ളിക്ക് ആ സീറ്റ് കൊടുക്കാൻ വേണ്ടി രാജിവെച്ചു.1953- ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അക്കമ്മ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു. അവരുടെ ഇളയ സഹോദരി റോസമ്മയും ഭർത്താവ് പി ടി പുന്നൂസും കമ്മ്യൂണിസ്റ്റുകാർ ആണെന്നതുകൊണ്ട് അക്കാമ്മയും ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു കോൺഗ്രസിൻ്റെ പ്രചാരണം. പള്ളി ക്കും പട്ടക്കാർക്കും അപ്രമാദിത്വമുള്ള മണ്ഡലത്തിൽ അക്കാമ്മ ചെറിയാൻ പരാജയപ്പെടാൻ അത് ഒരു പ്രധാന കാരണമായിരുന്നു.
തിരഞ്ഞെടുപ്പ് വരുത്തിവെച്ച വൻ കടബാധ്യത മൂലം, പ്രതാപശാലികളായ കരിപ്പാപ്പറമ്പിൽ കുടുംബത്തിൽ നിന്ന് തനിക്ക് ഓഹരിയായി കിട്ടിയ വസ്തുവകകളെല്ലാം വിറ്റ് ചിറക്കടവിലെ ചെറിയൊരു രണ്ടു മുറി വീട്ടിലേക്ക് അക്കമ്മയും സ്വാതന്ത്ര്യസമരസേനാനിയായ ഭർത്താവ് വി.വി വർക്കിയും കൊച്ചു മകനും താമസം മാറ്റി.
വർഷങ്ങൾക്കു ശേഷം
1957- ൽ ആരുടേയും പിന്തുണയില്ലാതെ ഒറ്റക്ക് തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ മത്സരിച്ച ആനി മസ്‌ക്രീൻ, വിജയിച്ച കമ്മ്യൂണിസ്റ്റ് സ്വതന്ത്രൻ അഡ്വ. എസ്. ഈശ്വരയ്യർക്കും രണ്ടാമതെത്തിയ പി എസ് പി യുടെ പട്ടം താണുപിള്ളയ്ക്കുമൊക്കെ പിറകിൽ നാലാമതായി കെട്ടി വെച്ച കാശ് നഷ്ടപ്പെടുത്തിക്കൊണ്ട് പരാജയപ്പെട്ടു.
1967- ൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മൂവാറ്റുപുഴയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ച അക്കമ്മ ചെറിയാന് സപ്തകക്ഷി മുന്നണിക്കും കേരളാ കോൺഗ്രസിനും പിറകിൽ മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ....
അക്കമ്മ ചെറിയാന്റെ ആത്മകഥയായ 'ജീവിതം ഒരു സമരം' എന്ന പുസ്തകത്തിൽ നിന്ന് :
"സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ് വർക്കിംഗ് കമ്മിറ്റി പാർലമെന്റിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളെപ്പറ്റി ആലോചിക്കുകയാണ്. ചെയർമാൻ പട്ടം താണുപിള്ള പുരുഷന്മാരുടെ പേരുകൾ തുരുതുരെ നിർദ്ദേശിക്കുന്നു. ഇ. ജോൺ ഫിലിപ്പോസാണ് പേരുകൾ പറയുന്നത്. മസ്‌ക്രീൻ എന്നെ തോണ്ടിപ്പറഞ്ഞു.
"എനിക്ക് പാർലമെന്റിൽ പോയാൽ കൊള്ളാമെന്നുണ്ട്."
ഞാൻ എഴുന്നേറ്റ് മസ്‌ക്രീന്റെ പേര് നിർദ്ദേശിച്ചു. ഉടനെ പ്രസിഡന്റ് ( പട്ടം ) പറയുകയാണ്.
"അവർ അവിടെച്ചെന്ന് വല്ല വിവരക്കേടും പറയും."
"Akkamma, do you propose to go?"
" No Sir." ഞാൻ പറഞ്ഞു.
ഉടനെ ഫിലിപ്പോസ് പുറകിൽ നിന്നും പറഞ്ഞു :
"അക്കമ്മക്ക് നല്ല സുഖമില്ല."
ഡൽഹിയാത്രക്കും താമസത്തിനും ലോക്കപ്പിൽ താമസിച്ചതും സെൻട്രൽ ജയിലിൽ നീണ്ടുനിന്നതുമായ അസുഖത്തെപ്പറ്റിയാണ് അദ്ദേഹം സൂചിപ്പിച്ചത്.
ഉടനെ മിസ്റ്റർ ജി. രാമചന്ദ്രൻ
"Why she attends the committees more than any of you",എന്നു പറഞ്ഞു.
അന്ന് അതവിടെ അവസാനിച്ചു. മസ്‌ക്രീനെ എടുത്തതുമില്ല.