അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അസം എം.എല്‍.എ അഖില്‍ ഗൊഗോയ്. ദ ക്യുവിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഗൊഗോയിയുടെ പ്രതികരണം. തന്റെ മുസ്ലിം വിരുദ്ധ രാഷ്ട്രീയം എല്ലാ ദിവസവും അക്രമോത്സുകമാകുകയാണെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഒരു അവസരവും ഉപേക്ഷിക്കുന്നില്ലെന്ന് അഖില്‍ ഗൊഗോയ് പറഞ്ഞു. യോഗി ആദിത്യനാഥിനെപ്പോലും ഹിമന്ത ബിശ്വ ശര്‍മ്മ ഇതിനോടകം മറികടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസമില്‍ നടക്കുന്ന ഏറ്റമുട്ടലുകള്‍ നിയമവിരുദ്ധമാണെന്നും ഇത് തുടരാന്‍ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണെന്നും അഖില്‍ ആരോപിച്ചു. അസമിലെ സിബ്‌സാഗറില്‍ നിന്നുള്ള എം.എല്‍.എയാണ് അഖില്‍ ഗൊഗോയ്. 2019ല്‍ പൗരത്വ സമരങ്ങളുടെ ഭാഗമായി ദേശീയ സുരക്ഷാനിയമം ചുമത്തി അറസ്റ്റിലാക്കപ്പെട്ട അഖില്‍ ഗൊഗോയ് തടവറയില്‍ നിന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്.
പ്രചരണത്തിന് ഇറങ്ങിയില്ലെങ്കിലും 12000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഖില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.
അഴിമതിയ്‌ക്കെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം കൃഷക് മുക്തി സംഗ്രാം സമിതി എന്ന കര്‍ഷക സംഘടനയുടെ നേതാവ് കൂടിയാണ്. ഗുവാഹത്തിയിലെ കോട്ടണ്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇടതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായി രാഷ്ട്രീയ രംഗത്തെത്തിയ അഖില്‍ ഗൊഗോയി സി.പി.ഐ.എം.എല്‍ നേതാവായ സന്തോഷ് റാണയോടൊപ്പമായിരുന്നു തുടക്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.
അണ്ണാ ഹസാരെയുടെ മുന്‍കൈയില്‍ ഇന്ത്യാ എഗയിന്‍സ്റ്റ് കറപ്ഷന്‍ എന്ന മുന്നേറ്റം രൂപംകൊണ്ടപ്പോള്‍ തുടക്കത്തില്‍ അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് അണ്ണാ ഹസാരെയുടെയും സംഘത്തിന്റെയും ഉദ്ദേശ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് പുറത്തുപോവുകയായിരുന്നു.