കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍ പൊട്ടിയതല്ല അവിനാശി അപകടത്തിന്റെ കാരണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ലോറി ഡ്രൈവര്‍ക്കാണ്. ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ ആരോപിച്ചു.
അപകടമുണ്ടാക്കിയ കണ്ടെയ്‌നര്‍ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യം പരിഗണനയിലുണ്ട്. ലോറിയില്‍ രണ്ട് ഡ്രൈവര്‍ വേണമെന്ന നിയമം ഭേദഗതി ചെയ്തതാണ് തിരിച്ചടിയായതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്‌നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഈ മാസം 25ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം നടക്കും.
അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മോട്ടോര്‍ വാഹനവകുപ്പ് ഗതാഗത കമ്മിഷണര്‍ക്ക് നല്‍കും. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് നിഗമനം. ദേശീയ പാതയില്‍ ലോറി ബേ-കള്‍ ഒരുക്കാനുള്ള ശുപാര്‍ശയും നല്‍കും.