ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ വീണ്ടും ആരോപണങ്ങളുമായി സിനിമ സംവിധായിക ആയിഷ സുല്‍ത്താന ഹൈക്കോടതിയില്‍. തന്റെ പക്കല്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത ലാപ്‌ടോപ്പും ഫോണും ഉപയോഗിച്ച് രാജ്യദ്രോഹക്കേസില്‍ വ്യാജ തെളിവുകളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ഐഷ സുൽത്താന കോടതിയിൽ ആരോപിച്ചു.
ലാപ്‌ടോപ് ഫൊറന്‍സിക് പരിശോധനയ്ക്ക് എന്ന പേരില്‍ ഗുജറാത്തിലെ ലാബിലേയ്ക്ക് അയച്ചതിൽ ദുരുദ്ദേശമുണ്ട്. അവർ കസ്റ്റഡിയിൽ എടുത്ത ഫോൺ ദിവസങ്ങൾക്ക് ശേഷവും സ്വിച്ച് ഓണ്‍ ആയിരുന്നു. തന്റെ ലാപ്‌ടോപ്പും ഫോണും ഇപ്പോൾ ആരുടെ കൈവശമാണെന്ന് വ്യക്തമല്ല. ഫോണില്‍ വ്യാജ തെളിവുകള്‍ തിരുകിക്കയറ്റാന്‍ സാധ്യതയുണ്ട് - ഐഷ കോടതിയിൽ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ മൊബൈലില്‍ സന്ദേശങ്ങളയച്ചെന്ന ആരോപണം വാസ്തവവിരുദ്ധമാണ്. ചര്‍ച്ച നടക്കുമ്പോള്‍ തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ചര്‍ച്ചയ്ക്കിടെ ആരുടെയെങ്കിലും ഉപദേശം സ്വീകരിച്ചതായുള്ള ആരോപണം ശരിയല്ല. ഫോണില്‍നിന്നു വാട്‌സാപ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്ന ആരോപണവും തെറ്റാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് തന്റെ അക്കൗണ്ടിലേക്കു പ്രവാസികള്‍ പണം അയച്ചതെന്ന് ആയിഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
അതെ സമയം ‘ജൈവായുധ’ പരാമർശത്തിന്റെ പേരിലുള്ള രാജ്യദ്രോഹക്കേസ് അന്വേഷണവുമായി ആയിഷ സുൽത്താന സഹകരിക്കുന്നില്ലെന്നു ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. കേസ് റജിസ്റ്റർ ചെയ്ത ശേഷം മൊബൈലിൽ നിന്നു മെസേജുകളും ചാറ്റുകളും ഡിലീറ്റ് ചെയ്തതിൽ സംശയം പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ ലക്ഷദ്വീപുകാർക്കു നേരെ ജൈവായുധം പ്രയോഗിച്ചതായി 2021 ജൂൺ 7ലെ ചാനൽ ചർച്ചയിൽ പറഞ്ഞതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന ഹർജിയിലായിരുന്നു പൊലീസിന്റെ വിശദീകരണം. ചർച്ചയുടെ ദൃശ്യങ്ങൾ പരിശോധിച്ചാൽ ആയിഷ മൊബൈൽ ഫോണിൽ നോക്കി വായിക്കുന്നതു വ്യക്തമാണ്. ആ സമയത്തു മറ്റാരുമായോ ആശയവിനിമയം ഉണ്ടായിരുന്നതായും പോലീസ് ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.