അധ്യക്ഷപദവി തിരികെ എറ്റെടുക്കുകയെന്നതാണ് രാഹുല്‍ഗാന്ധിക്ക് ഗോണ്‍ഗ്രസ്സിനോടും രാജ്യത്തോടും ചെയ്യാവുന്ന സുപ്രധാന ഉത്തരവാദിത്വമെന്ന് എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് ദ ക്യുവിനോട്. അതിലൂടെയാണ് നിലവിലെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ സാധിക്കുകയെന്നും കെപിസിസി ഉപാധ്യക്ഷന്‍ കൂടിയായ വിഷ്ണുനാഥ് പറഞ്ഞു. നേതൃപദവിയിലേക്കില്ലെന്ന തന്റെ തീരുമാനം രാഹുല്‍ഗാന്ധി പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. അതിനപ്പുറമുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. ഇതുസംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് ബിജെപിയാണ്. രാഹുല്‍ഗാന്ധി അദ്ധ്യക്ഷ പദവിയിലേക്ക് തിരികെയെത്തരുതെന്നാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്. എന്തെങ്കിലും തരത്തില്‍ അതിന് തടയിടാനാകുമോയെന്ന് കുടുംബവാഴ്ചയെന്നെല്ലാം ആരോപിച്ച് പരിശ്രമിക്കുകയാണ് ബിജെപി. 2019 ല്‍ പ്രിയങ്ക ഗാന്ധി പങ്കുവെച്ചത് ഇപ്പോള്‍ ഒരു പുസ്തകത്തിന്റെ ഭാഗമായി പുറത്തുവന്നപ്പോള്‍ 2020 ല്‍ പറഞ്ഞതുപോലെയാക്കി ചര്‍ച്ചയാക്കുന്നത് ദുരുദ്ദേശപരമാണെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.
'ബിജെപിയെയും ആര്‍എസ്എസിനെയും ചോദ്യം ചെയ്യുന്നത് രാഹുല്‍ മാത്രം'
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചത് താനായതിനാല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നുപറഞ്ഞ് മാതൃക കാണിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. ഇതിന്‍മേല്‍ പാര്‍ട്ടിക്കുള്ളില്‍ ഒരുപാട് ചര്‍ച്ച നടക്കുകയും പ്രവര്‍ത്തക സമിതി സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുക്കുകയും ചെയ്തു. രാഹുല്‍ഗാന്ധി തന്നെ അധ്യക്ഷനായി വരണമെന്നാണ് നേതാക്കളും പ്രവര്‍ത്തകുരമെല്ലാം ആഗ്രഹിക്കുന്നത്. അതിന് നിരവധി കാരണങ്ങളുണ്ട്. ഇന്നത്തെ ഇന്ത്യയില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരെ ശക്തമായ നിലപാടുയര്‍ത്താന്‍ ധൈര്യം കാട്ടുന്നത് രാഹുല്‍ മാത്രമാണ്. കോണ്‍ഗ്രസ്സിനെയും അതിന്റെ ശക്തിയെയും ബിജെപി നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു തെരഞ്ഞടുപ്പ് തോല്‍വിയില്‍ അവസാനിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് അതിന്റെ ചരിത്രം വിലയിരുത്തി അവര്‍ മനസ്സിലാക്കിയിട്ടുണ്ട്.അതിനാല്‍ കുടുംബവാഴ്ചയെന്ന് കുറ്റപ്പെടുത്തി രാഹുലിനെ ക്രൂശിക്കാനാണ് ശ്രമം. റഫാല്‍ അഴിമതി, പൗരത്വപ്രശ്‌നം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, പൗരാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്, തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് നിശ്ശബ്ദമാണ്. മായാവതി ബിജെപിക്ക് ഒപ്പമാവുകയാണ്. ചന്ദ്രബാബു നായിഡു കേന്ദ്രത്തിന് കീഴടങ്ങിയിരിക്കുന്നു. ഇടതുപക്ഷം ശബ്ദമില്ലാത്ത ദുര്‍ബലാവസ്ഥയിലുമാണ്. സിപിഎമ്മിനുള്ള ഏക മുഖ്യമന്ത്രിയായ പിണറായി വിജയന്‍ റഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറഞ്ഞതായി കേട്ടിട്ടുണ്ടോ. ദേശാഭിമാനിയിലെങ്കിലും അങ്ങനെ വന്നതായി കണ്ടിട്ടുണ്ടോ. മമത ബാനര്‍ജി വലിയ പോരാളിയാണെന്നൊക്കെ തോന്നുമെങ്കിലും വാജ്‌പേയി മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരുന്നയാളാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.
ഇന്ത്യയുടെ മണ്ണ് ചൈന കയ്യടക്കിയത് രഹസ്യമാക്കി വെയ്ക്കുകയായിരുന്നു കേന്ദ്രം. അവരെ സംസാരിക്കാന്‍ നിര്‍ബന്ധിതരാക്കിയത് രാഹുലാണ്. ആറുമാസം കഴിയുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകാന്‍ പോവുകയാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ എന്നെ പരിഹസിക്കുമായിരിക്കും. പക്ഷേ നിങ്ങള്‍ എഴുതിവെച്ചോളൂ അതാണ് സംഭവിക്കാന്‍ പോവുകയെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം വിശദീകരിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ ഇടപെട്ട നിരവധി സന്ദര്‍ഭങ്ങളുണ്ടായി. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ അദ്ദേഹം അധ്യക്ഷ പദവിയിലേക്ക് തിരികെയെത്തേണ്ടതിന്റെ അനിവാര്യതയുണ്ട്. ബിജെപി-നരേന്ദ്രമോദി കമ്പനിയെ എതിരിടാന്‍ അവരുടെ ദുഷ്പ്രവൃത്തികളെ ചോദ്യം ചെയ്യാന്‍ രാഹുലിനെ പോലെ വേറൊരാളില്ലെന്ന് കാണാം. ബാക്കി കക്ഷികളെല്ലാം കീഴടങ്ങി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെ കൂടി ഏതുവിധേനയും ദുര്‍ബലപ്പെടുത്തിയാല്‍ അവരുടെ അപ്രമാദിത്വത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാമെന്നാണ് ബിജെപി കരുതുന്നത്. അതൊന്നും വിലപ്പോകില്ല.
'ദുഷ്ടലാക്കോടെയുള്ള കുടുംബവാഴ്ച ആരോപണം'
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ രാഹുല്‍ഗാന്ധിയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. ബാക്കിയെല്ലാ രാഷ്ട്രീയപാര്‍ട്ടികളും പരാജയപ്പെട്ടില്ലേ. അവരുടെ ആരുടെയും നേതൃത്വത്തെ പരാജയത്തിന്റെ പേരില്‍ ആരും ചോദ്യം ചെയ്യുന്നില്ല. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ കാലത്ത് സിപിഎമ്മിനുണ്ടായിരുന്ന പാര്‍ലമെന്ററി അംഗത്വം എത്ര വലുതായിരുന്നു. വിദേശ രാജ്യത്തുനിന്ന് ഭരണാധികാരികള്‍ വന്നാല്‍ അവര്‍ സിപിഎം നേതാക്കളെ കൂടി കാണുമായിരുന്നു. എന്നാല്‍ പ്രകാശ് കാരാട്ടിന്റെയും സീതാറാം യെച്ചൂരിയുടെയും കയ്യിലേക്ക് പാര്‍ട്ടിയെത്തിയപ്പോള്‍ എന്തായി. രാഹുല്‍ഗാന്ധിയുടെ പടം വെച്ച് ജയിച്ച രണ്ട് എംപിമാരും പിന്നെ കേരളത്തില്‍ ഒരു എംപിയുമായും സിപിഎം പരിമിതപ്പെട്ടില്ലേ. പ്രകാശ് കാരാട്ടോ യെച്ചൂരിയോ പാരമ്പര്യത്തിന്റെ പേരില്‍ സെക്രട്ടറിമാരായായതുകൊണ്ടല്ലല്ലോ അവര്‍ പരാജയപ്പെട്ടത്. അങ്ങനൈയെങ്കില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമ്പോള്‍ മാത്രം കുടുംബവാഴ്ചയാണ് കാരണമെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്.
മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവ് നയിച്ചിട്ട് സമാജ് വാദി പാര്‍ട്ടി ഒരു നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. ലാലു പ്രസാദ് യാദവ് ജയിലിലായതോടെ തേജസ്വി യാദവ് ആണ് ആര്‍ജെഡിയെ നയിക്കുന്നത്. ലാലുവിന്റെ മകന്‍ ദേജ് പ്രതാപ് യാദവിന്റെ ഭാര്യാപിതാവടക്കം എംഎല്‍എമാര്‍ ജെഡിയുവില്‍ ചേര്‍ന്നു. ആര്‍ജെഡിയും തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തെ കുടുംബവാഴ്ച പറഞ്ഞ് ആരെങ്കിലും ചോദ്യം ചെയ്യുന്നുണ്ടോ. തമിഴ്‌നാട്ടില്‍ കരുണാനിധിയുടെ മകന്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഡിഎംകെ പരാജയപ്പെട്ടിട്ടില്ലേ. ഇവരെയൊന്നും കുടുംബവാഴ്ച പറഞ്ഞ് ആരും കുറ്റപ്പെടുത്തുന്നില്ല. അതിനാല്‍ രാഹുല്‍ ഗാന്ധിയെ മാത്രം ക്രൂശിക്കുന്നതിന് പിന്നില്‍ ബിജെപിക്ക് കൃത്യമായ അജണ്ടയുണ്ടെന്നത് വ്യക്തമാണ്. അദ്ദേഹത്തെ വേട്ടയാടി കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം.രാഹുല്‍ഗാന്ധി നേതൃ പദവിയില്‍ ഉണ്ടായിരുന്നപ്പോഴാണ് കര്‍ണാടക, പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലൊക്കെ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലേറിയത്. ജയമൊന്നും അദ്ദേഹത്തിന്റെ ക്രെഡിറ്റല്ലെന്നും പരാജയത്തിന്റെയെല്ലാം ഉത്തരവാദി അദ്ദേഹമാണെന്നും പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്. ഇതിനകം ഇന്ത്യയില്‍ രാഹുല്‍ എത്താത്ത ഒരു റവന്യൂ ജില്ല പോലുമുണ്ടാകില്ല. എല്ലായിടത്തുമെത്തി മനുഷ്യരോട് സംസാരിച്ച് അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട അനുഭവമാണ് നമുക്കുമുന്നിലുള്ളത്. നൊബേല്‍ സമ്മാനം കിട്ടിയവര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരോട് അദ്ദേഹം ഇപ്പോഴും ആശയവിനിമയം നടത്തിവരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'കുറ്റം പറയാന്‍ വേണ്ടി യുക്തിയില്ലാ വാദങ്ങള്‍ '
രാഹുലിനെ തെരുവില്‍ കാണുന്നില്ലെന്നാണ് ഡല്‍ഹിയിലെ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരുടെ വാദം. അദ്ദേഹം ഓണ്‍ലൈനില്‍ മാത്രമാണെന്നാണ് വിമര്‍ശിക്കുന്നത്. പറയുന്നതില്‍ യുക്തിയുണ്ടോയെന്നു പോലും നോക്കാതെ കുറ്റം ആരോപിക്കാന്‍ വേണ്ടി ഓരോന്നുന്നയിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളുള്ളപ്പോള്‍ എങ്ങനെയാണ് ആള്‍ക്കൂട്ടമുള്ള പ്രതിഷേധം സംഘടിപ്പിക്കാനാവുക. എന്നിട്ടും, കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനമുണ്ടായപ്പോള്‍ അവരെ കാണാനും സാന്ത്വനമേകാനും അദ്ദേഹം തെരുവിലിറങ്ങി. അവരോട് സംസാരിച്ചു.നാടണയാന്‍ അവര്‍ക്ക് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തു.അങ്ങനെ നാട്ടിലെത്തിയവര്‍ മാധ്യമങ്ങളോട് പറഞ്ഞപ്പോഴാണ് അതുപോലും പുറംലോകമറിഞ്ഞത്. അല്ലാതെ അദ്ദേഹമോ കോണ്‍ഗ്രസ്സോ കൊട്ടിഘോഷിച്ചിട്ടല്ല. തൊഴിലാളികള്‍ക്കായി വാഹനസൗകര്യം ഏര്‍പ്പെടുത്താന്‍ എല്ലാ പിസിസികളോടും അദ്ദേഹം നിര്‍ദേശിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരുകളോട് അതിനുള്ള ചെലവ് വഹിക്കാന്‍ നിര്‍ദേശിച്ചു. ഓണ്‍ലൈനിലൂടെയും ക്രിയാത്മക ഇടപെടലുകള്‍ നടത്തിയതായി കാണാം. അഭിജിത് ബാനര്‍ജി, അമര്‍ത്യ സെന്‍, തുടങ്ങിയ നൊബേല്‍ ജേതാക്കളായ സാമ്പത്തിക ശാസ്ത്രജ്ഞര്‍, രഘുറാം രാജനെ പോലുള്ള ധനകാര്യ വിദഗ്ധന്‍, പ്രശസ്തരായ എപ്പിഡമോളജിസ്റ്റുമാര്‍ എന്നിവരോടൊക്കെ സംസാരിക്കുകയും അതില്‍ നിന്നുയരുന്ന നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെയ്ക്കുകയും ചെയ്തു. അതിനെയൊക്കെ പോസിറ്റീവായി കാണുന്നതിന് പകരം ഓണ്‍ലൈനില്‍ മാത്രമാണെന്ന് വിമര്‍ശിക്കുന്നതില്‍ ഒരു കാര്യവുമില്ല.