Around us

'വേട്ടതുടങ്ങി, അടുത്ത മെമ്മോ'; അലന്‍-താഹ ജാമ്യ ഉത്തരവ് വായിച്ച് എഫ്ബി പോസ്റ്റിട്ടതിന് ഉമേഷ് വള്ളിക്കുന്നിന് കാരണംകാണിക്കല്‍ നോട്ടീസ്

അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് വായിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പൊലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നിന് വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. സുഹൃത്തായ യുവതിക്ക് താമസിക്കാന്‍ ഫ്‌ളാറ്റ് എടുത്തുകൊടുത്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസുകാരനാണ് ഉമേഷ് വള്ളിക്കുന്ന്. തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായി അഭിപ്രായ പ്രകടനം നടത്തിയെന്നും പൊലീസ് വകുപ്പ് സ്വീകരിച്ച അച്ചടക്ക നടപടിയെ കളിയാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ്. പൊലീസ് ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ടതായ മാര്‍ഗനിര്‍ദേശങ്ങളുണ്ടായിട്ടും അച്ചടക്കലംഘനം കാട്ടിയെന്നാണ് മെമ്മോയില്‍ ആരോപിക്കുന്നത്. ശിക്ഷാനടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ 7 ദിവസത്തിനകം മറുപടി നല്‍കണമെന്നും അല്ലാത്തപക്ഷം യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കോഴിക്കോട് കമ്മീഷണര്‍ എ.വി ജോര്‍ജ് നല്‍കിയ മെമ്മോയില്‍ പരാമര്‍ശിക്കുന്നു.

എന്നാല്‍ നടപടികള്‍ എന്തുതന്നെയായാലും കേരളത്തില്‍ ഇനിയൊരിക്കലും മറ്റൊരു പോലീസുകാരനെതിരെയും ഇതുപോലൊന്ന് പുറപ്പെടുവിക്കാന്‍ ഒരധികാരിയും ധൈര്യപ്പെടില്ലെന്ന് ഉറപ്പാണെന്നായിരുന്നു ഉമേഷിന്റെ പ്രതികരണം. നമ്മള്‍ വീണുപോയാലും സിസ്റ്റം നവീകരിക്കപ്പെടും. അതാണ് ഈ പോരാട്ടത്തിന്റെ വിജയം. പൊലീസുകാരന്‍ എന്ന നിലയില്‍ അധികകാലം ജീവിക്കാന്‍ എന്നെയിനി അനുവദിക്കില്ലെന്നുറപ്പാണ്. തുടര്‍ച്ചയായി നിയമനടപടികള്‍ നേരിടേണ്ടി വരും. മെമ്മോയ്ക്ക് മറുപടിയെഴുതാന്‍ സര്‍വീസ് ജീവിതം തികയാതെ വരും. തുടര്‍ച്ചയായി ശിക്ഷാവിധികള്‍ വരും. അധികം വൈകാതെ പൊലീസ് സേനയുടെ 'അന്തസ്സി'നും 'സല്‍പ്പേരി'നും തീരാ കളങ്കമായ ഉമേഷ് വള്ളിക്കുന്നിനെ തിരിച്ചുവരാനാത്ത വിധം സേനയില്‍ നിന്ന് പുറന്തള്ളും - അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമിലായിരുന്ന ഉമേഷ് വള്ളിക്കുന്നിനെ ഒരധ്യാപികയുടെ അമ്മയുടെ പരാതിയുണ്ടെന്ന് ആരോപിച്ചാണ് സസ്പെന്‍ഡ് ചെയ്തത്. ഉമേഷ്, മകളുടെ ഫ്‌ളാറ്റില്‍ നിത്യസന്ദര്‍ശകനാണെന്നും രക്ഷിതാക്കളില്‍ നിന്ന് അകറ്റുകയാണെന്നും മോചിപ്പിച്ചുതരണമെന്നും ആരോപിച്ചാണ് അമ്മ പരാതിപ്പെട്ടത്. ഇതില്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ സംഗീത സംവിധായികയായ തന്റെ ആവശ്യത്തിനായാണ് ഫ്‌ളാറ്റെടുത്തതെന്നും പാട്ടുകള്‍ ചെയ്യുന്നത് സംബന്ധിച്ച് വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ടാണ് മാറി താമസിച്ചതെന്നും യുവതി വ്യക്തമാക്കിയിരുന്നു. 31 വയസ്സുള്ള തന്നെ, സ്ത്രീയെന്ന നിലയ്ക്ക് ഇത്തരം ആക്ഷേപങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് പോലും ചിന്തിക്കാതെ, ഉമേഷ് നിത്യസന്ദര്‍ശകനാണെന്നൊക്കെ എഴുതിപ്പിടിപ്പിച്ചെന്നും ഇത് അപകീര്‍ത്തികരമാണെന്നും കാണിച്ചാണ് യുവതി കമ്മീഷണര്‍ക്കെതിരെ പരാതി നല്‍കിയത്. ഇതില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്. യഥാര്‍ത്ഥ പൊലീസ് സദാചാര പൊലീസ് ചമയുകയാണെന്ന് എ.വി ജോര്‍ജിനെതിരെ പ്രതിഷേധമുയരുകയും ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സസ്പെന്‍ഷന്‍ ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. 31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്‌ളാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിന, അവളുടെ മൊഴിക്ക് വിപരീതമായി 'അവളുടെ പേരില്‍ ഫ്ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു, നിത്യ സന്ദര്‍ശനം നടത്തുന്നു', എന്നൊക്കെ പഴയ ആല്‍ത്തറ മാടമ്പികളുടെ കുശുമ്പന്‍ പരദൂഷണം പോലുള്ള വാചകങ്ങള്‍ ഒരു പോലീസുകാരന്റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാള്‍ വാഴട്ടെയെന്നായിരുന്നു മറുപടി.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT