വി കെ ശ്രീകണ്ഠന്‍ എംപിയുടെ 'പാലക്കാടന്‍ പ്രതികാരം' ക്ലൈമാക്‌സിലെത്തി. പതിറ്റാണ്ടുകളായി വെട്ടി നിര്‍ത്തിയ താടി കോണ്‍ഗ്രസ് നേതാവ് ഇന്ന് ഷേവ് ചെയ്തു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടന്ന വാശിയാണ് ഇതോടെ മധുരപ്രതികാരത്തില്‍ കലാശിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി എം ബി രാജേഷിനെ പാലക്കാട് അട്ടിമറിച്ചതോടെയാണ് വി കെ ശ്രീകണ്ഠന്റെ താടിക്കഥ ജനം അറിയുന്നത്. ഷൊര്‍ണൂര്‍ എസ് എന്‍ കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകനായിരിക്കെയാണ് കഥയുടെ തുടക്കം. എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദ്ദനം ഏറ്റുവാങ്ങിയെന്നും അക്രമികളിലൊരാള്‍ സോഡാക്കുപ്പി പൊട്ടിച്ച് മുഖത്ത് കുത്തിയെന്നും ശ്രീകണ്ഠന്‍ പറയുന്നു. സോഡാക്കുപ്പി ഇടതുകവിള്‍ തുളച്ച് വായ്ക്കുള്ളിലെത്തി. 13 തുന്നലുകളുമായി തീവ്രപരിചരണവിഭാഗത്തില്‍ കിടന്നു. മുറിവ് ഉണങ്ങുന്നതുവരെ താടി ഷേവ് ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
ഉണങ്ങിയെങ്കിലും താടി വടിച്ചില്ല. എന്ന് താടി വടിക്കുമെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ 'എന്നെ ആക്രമിച്ച പ്രസ്ഥാനത്തെ തോല്‍പിക്കുന്ന അന്ന് മാത്രമേ അത് സംഭവിക്കൂ' എന്ന ശ്രീകണ്ഠന്‍ മറുപടി നല്‍കി. പ്രതിജ്ഞ നിറവേറ്റാന്‍ 2019വരെയാണ് പഴയ കെഎസ്‌യുക്കാരന്‍ കാത്തിരുന്നത്. ഉടന്‍ തന്നെ താടിയെടുക്കുമെന്ന് പാലക്കാട്ടെ ജയത്തിന് ശേഷം ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു. താടിയില്ലാത്ത ശ്രീകണ്ഠനോടൊപ്പം നില്‍ക്കുന്ന ചിത്രം ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.