പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. ജോസ് ടോം പുലിക്കുന്നേലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസില്‍ ധാരണ. പുലിക്കുന്നേലിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച് പി ജെ ജോസഫ് രംഗത്തെത്തിയത് വീണ്ടും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഉന്നതാധികാര സമിതിയംഗവുമാണ് മുതിര്‍ന്ന നേതാവായ ജോസ് ടോം.
മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ ജോസ് ടോം ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമാണ്. 10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് അംഗമായിരുന്നു. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്. ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യാന്‍ കോട്ടയം ഡിസിസി ഓഫീസില്‍ പി ജെ ജോസഫ്, മോന്‍സ് ജോസഫ്, ജോയി എബ്രഹാം തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ച നടന്നിരുന്നു. നിഷ ജോസ് കെ മാണി മത്സരിക്കുന്നില്ലെന്ന വിവരം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വ്യക്തമാക്കിയിരുന്നു.
നിഷയേയും ജോസ് ടോമിനേയും കൂടാതെ ബേബി ഉഴുത്തുവാല്‍, ഫിലിപ്പ് കുഴികുളം, ബൈജു ജോണ്‍, എന്നിവരേയും പരിഗണിച്ചിരുന്നു.
നിഷ ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം നല്‍കില്ലെന്ന് പി ജെ ജോസഫ് പ്രസ്താവന നടത്തിയിരുന്നു. രണ്ടില ചിഹ്നം സംബന്ധിച്ച വിവാദം തുടര്‍ന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ജോസ് കെ മാണി തിരിച്ചടിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പാലായില്‍ രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. എംപി തോമസ് ചാഴിക്കാടന്‍ അദ്ധ്യക്ഷനായ ജോസ് കെ മാണി വിഭാഗവുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.