നടി പായല്‍ ഘോഷ് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. സംഘടനയുടെ വനിതാ വിഭാഗം ഉപാദ്ധ്യക്ഷ പദവിലാണ് നടിയെ നിയമിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍പിഐയില്‍ ചേര്‍ന്നതെന്ന് പായല്‍ ഘോഷ് പറഞ്ഞു. പായല്‍ തങ്ങളുടെ ഭാഗമായത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് രാംദാസ് അത്തേവാലയും പ്രതികരിച്ചു. അനുരാഗ് കശ്യപിനെതിരെ പായല്‍ഘോഷ് ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. ഇതില്‍ സംവിധായകനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ നടിയുടെ ആരോപണങ്ങള്‍ കെട്ടുകഥയാണെന്ന് വിശദീകരിച്ച് അനുരാഗ് കശ്യപ് തള്ളുകയാണുണ്ടായത്. ബോളിവുഡിലെ നിരവധി പ്രമുഖര്‍ സംവിധായകന് പിന്‍തുണയുമായെത്തുകയും ചെയ്തിരുന്നു. അനുരാഗ് കശ്യപ് വൈകാതെ അറസ്റ്റ് ചെയ്യപ്പെടുമെന്നായിരുന്നു ഇതേക്കുറിച്ച് രാംദാസ് അത്തേവാലയുടെ പരാമര്‍ശം.
അനുരാഗ് കശ്യപിനെതിരായ പോരാട്ടത്തില്‍ അത്തേവാല നല്‍കുന്ന പിന്‍തുണയ്ക്ക് നടി നന്ദിയറിയിച്ചു. ആര്‍പിഐ അംബേദ്കറുടെ പാര്‍ട്ടിയാണെന്ന് ഞാന്‍ പായല്‍ഘോഷിനോട് പറഞ്ഞു. ദളിതര്‍, ആദിവാസികള്‍, ഒബിസി വിഭാഗക്കാര്‍, ഗ്രാമീണര്‍, ചേരികളില്‍ കഴിയുന്നവര്‍ തുടങ്ങിയ സമൂഹങ്ങളെയെല്ലാം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണിത്. ഇക്കാര്യം വ്യക്തമാക്കി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നടി പാര്‍ട്ടിയില്‍ ചേരുകയായിരുന്നുവെന്ന് രാംദാസ് അത്തേവാല വിശദീകരിച്ചു.