പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത മുസ്ലീം സ്ത്രീകളെ അധിക്ഷേപിച്ച് സമസ്ത നേതാവ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. സ്ത്രീകള്‍ പ്രതിഷേധിക്കാന്‍ നടുറോഡിലിറങ്ങുന്നത് ഇസ്ലാം മതം അനുവദിക്കുന്നില്ല, പ്രാര്‍ത്ഥനാ വേളയില്‍ പോലും സ്ത്രീപുരുഷന്മാര്‍ ഇടകലരുന്നത് അനുവദിക്കാത്ത ഒരു മതം കോളേജുകളിലും ഓഫീസുകളിലും ക്ലബ്ബുകളിലും സദസുകളിലും അത് അനുവദിക്കുമെന്ന് എങ്ങനെ സങ്കല്‍പ്പിക്കുമെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നു.
പൗരത്വ നിയമത്തിന്റെ പേര് പറഞ്ഞ് നടുറോഡിലിറങ്ങി ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പരപുരുഷന്മാര്‍ക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്ന പൊന്നു പെങ്ങളെ, ഇത് ഇസ്ലാം മതം അനുവദിക്കുന്നില്ല. പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലില്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയി, പുരുഷന്മാരും സാക്ഷാല്‍ നമ്മുടെ സഹോദരിമാരും ഇട കലര്‍ന്ന് നീങ്ങുന്ന പ്രകടനത്തില്‍ നമ്മുടെ മഹല്ലിന്റെ ഉത്തരവാദപ്പെട്ട പ്രമുഖരുമുണ്ട്. മുന്‍നിരയില്‍ പോലും വനിതാ പ്രാതിനിധ്യമുണ്ട്. ഇതെന്ത് മാത്രം ഖേദകരമാണെന്നും, ഈ സംസ്‌കാരം അപകടസൂചനയാണെന്നും അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇസ്ലാമിക ചട്ടക്കൂടില്‍ നിന്നുകൊണ്ട് പ്രതിഷേധിക്കാനും, പ്രസംഗിക്കാനും, അവകാശങ്ങള്‍ ചോദിക്കാനും, പ്രതികരിക്കാനും അവള്‍ക്ക് അവകാശമുണ്ട്. ഇതാരും നിഷേധിക്കുന്നില്ല. വിധികള്‍ പാലിക്കണമെന്ന് മാത്രം. മതനിയമങ്ങള്‍ പാലിക്കാതെ പോയാല്‍ ആരാണ് രക്ഷക്കെത്തുകയെന്നും സമസ്ത നേതാവ് ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്ക വിഭാഗമായിത്തീര്‍ന്ന മുസ്ലിംകള്‍ ഇന്ന് മുന്നേറ്റത്തിന്റെ ചുവടുവെപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ഈ മാറ്റം ദൃശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് സ്ത്രീകള്‍ വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
സാഹചര്യം അനുകൂലമായപ്പോള്‍ ഇസ്ലാം സ്ത്രീകള്‍ക്ക് അനുവദിച്ച് നല്‍കിയ അവകാശങ്ങള്‍ അവര്‍ നന്നായി ഉപയോഗപ്പെടുത്തി. വിദ്യ നേടണമെന്ന് ഇസ്ലാം സ്ത്രീയോട് നിര്‍ദ്ദേശിച്ചു. 'വിജ്ഞാന സമ്പാദനം മുസ്ലിം സ്ത്രീപുരുഷന്മാര്‍ക്ക് ഒരുപോലെ നിര്‍ബന്ധമാണ്' (നബിവചനം) സ്ത്രീക്ക് സമ്പത്ത് എത്രവേണമെങ്കിലും സമ്പാദിക്കാനും ക്രയവിക്രയം നടത്താനും അവകാശം നല്‍കി. അനന്തരാവകാശം നല്‍കി. ഇഷ്ടമുള്ള ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനും അനിവാര്യ ഘട്ടത്തില്‍ ഭര്‍ത്താവിനെ ഒഴിവാക്കാനും അവകാശം നല്‍കി. അവളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ എല്ലാ ബാധ്യതകളും ഭര്‍ത്താവിന്റെ ബാധ്യതയായി നിശ്ചയിച്ചു. സ്ത്രീ സുരക്ഷയ്ക്കും അവളുടെ പ്രകൃതിക്കും അനുയോജ്യമായ എല്ലാ സ്വാതന്ത്ര്യങ്ങളും ഇസ്ലാം സ്ത്രീക്ക് അനുവദിച്ചു നല്‍കിയിട്ടുണ്ട്.
അന്യ പുരുഷന്മാര്‍ക്കിടയില്‍ അവളുടെ ശരീരഭാഗങ്ങളും, മുടിയും പ്രദര്‍ശിപ്പിക്കുന്നത് ഇസ്ലാം കണിശമായി വിലക്കിയിട്ടുണ്ട്. 'പ്രവാചകരേ, സ്വപത്‌നിമാരോടും, പെണ്‍മക്കളോടും, വിശ്വാസിനികളായ സ്ത്രീകളോടും പറയുക: 'അവര്‍ തങ്ങളുടെ മുഖപടങ്ങള്‍ താഴ്ത്തിയിടട്ടെ' (അല്‍ അഹ്‌സാബ്: 59). ഈ നിയമം സ്ത്രീ സുരക്ഷയുടെ ഭാഗമാണെന്ന് ഖുര്‍ആന്‍ തുടര്‍ന്ന് അതേ സൂക്തത്തില്‍ തന്നെ വ്യക്തമാക്കുന്നു: 'അതത്രേ, അവര്‍ തിരിച്ചറിയപ്പെടുന്നതിനും, ശല്യം ചെയ്യപ്പെടാതിരിക്കാനും, ഏറ്റവും ഉചിതമായ മാര്‍ഗ്ഗം.' (അല്‍ അഹ്‌സാബ്: 59).
അന്യ സ്ത്രീ പുരുഷന്മാരുടെ ദര്‍ശനം വിലക്കിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു: 'പ്രവാചകരെ, വിശ്വാസികളായ പുരുഷന്മാരോട് പറയുക: അവരുടെ ദൃഷ്ടികള്‍ അവര്‍ താഴ്ത്തുകയും ജനനേന്ദ്രിയങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യട്ടെ.' (അന്നൂര്‍: 30).
'വിശ്വാസിനികളായ സ്ത്രീകളോട് പറയുക: അവര്‍ ദൃഷ്ടികള്‍ താഴ്ത്തുകയും ജനനേന്ദ്രിയങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യട്ടെ. തങ്ങളുടെ അലങ്കാരങ്ങള്‍ വെളിപ്പെടുത്താതിരിക്കുകയും ചെയ്യട്ടെ - സ്വയം വെളിവായതൊഴിച്ച്.' (അന്നൂര്‍: 31)
ഇസ്ലാം അനുവദിച്ച കാര്യങ്ങള്‍ക്കല്ലാതെ അന്യസ്ത്രീയുടെ മുഖത്തേക്ക് പോലും ബോധപൂര്‍വം നോക്കല്‍ പുരുഷന് നിഷിദ്ധമാണ്. (തുഹ്ഫ: 7/193). സ്ത്രീകള്‍ മുഖം തുറന്നിട്ട് പുറത്തു പോകാന്‍ പാടില്ല എന്ന കാര്യത്തില്‍ മുസ്ലിംകള്‍ ഏകാഭിപ്രായക്കാരാണ്. (അതേ ഗ്രന്ഥം).
അന്യ പുരുഷന്‍ അവളെ നോക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ മുഖം മറക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാകും. (അ:ഗ്ര).
ഇത്ര കണിശമായ മതനിയമങ്ങള്‍ അംഗീകരിക്കുന്നുവെന്ന് പറയുന്ന മുസ്ലിം സഹോദരിക്ക് നടുറോഡില്‍ കിടന്ന് വാഹനം തടയാന്‍ എങ്ങനെ സാധിക്കും? നിയമം വക വെക്കാതെ പോലീസുകാര്‍ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ കാത്തുകിടക്കുന്ന സഹോദരിക്ക് ഏത് ഇസ്ലാമിക നിയമത്തിന്റെ പിന്‍ബലമാണുള്ളത്?
പൗരത്വ നിയമ ഭേദഗതിയുടെ പേര് പറഞ്ഞ് മഹല്ലുകളിലും പട്ടണങ്ങളിലും നടുറോഡിലുമിറങ്ങി ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പരപുരുഷന്മാര്‍ക്കിടയിലൂടെ മുഷ്ടിചുരുട്ടി പ്രകടനം നടത്തുന്ന പൊന്നു പെങ്ങളേ, ഇത് ഇസ്ലാം അനുവദിക്കുന്നില്ല. നമ്മുടെ രക്ഷകനായ അല്ലാഹുവും, മാര്‍ഗദര്‍ശിയായ നബിതിരുമേനി(സ)യും ഇത് ഒട്ടും ഇഷ്ടപ്പെടുന്നില്ല. മത നിയമങ്ങള്‍ പാലിക്കാതെ പോയാല്‍ ആരാണ് നമ്മുടെ രക്ഷക്കെത്തുക? അല്ലാഹുവിന്റെ സംരക്ഷണത്തിന് എങ്ങനെയാണ് നാം അര്‍ഹരാവുക? അല്ലാഹുവിന്റെ സഹായമില്ലാതെ മോദിക്കോ അമിത്ഷാക്കോ നമ്മെ സഹായിക്കാനാകുമോ?
എന്റെ തൊട്ടടുത്ത പഞ്ചായത്തില്‍ ഒരു മഹല്ല് പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലില്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയി, പുരുഷന്മാരും സാക്ഷാല്‍ നമ്മുടെ സഹോദരിമാരും ഇs കലര്‍ന്ന് നീങ്ങുന്ന പ്രകടനത്തില്‍ നമ്മുടെ മഹല്ലിന്റെ ഉത്തരവാദപ്പെട്ട പ്രമുഖരുമുണ്ട്. മുന്‍നിരയില്‍ പോലും വനിതാ പ്രാതിനിധ്യമുണ്ട്. ഇതെന്ത് മാത്രം ഖേദകരമാണ്?. ഈ സംസ്‌കാരം അപകടസൂചനയാണ്. നബി (സ) പറഞ്ഞു: 'ഇസ്രാഈല്‍ വംശകരുടെ നാശത്തിന്റെ തുടക്കം സ്ത്രീകളില്‍ നിന്നാണ്.''
പൗരത്വ വിഷയം സ്ത്രീകളുടെത് കൂടിയല്ലേ എന്നാണ് ചോദ്യം. സ്ത്രീകളുടെ സംരക്ഷണത്തിന് അവള്‍ തന്നെ സമരം ചെയ്യണമെന്നത് ഇസ്ലാമിക നിയമമല്ല. സ്ത്രീസംരക്ഷണം പുരുഷന്റെ ബാധ്യതയാണ് ഇസ്ലാമില്‍. ഇസ്ലാമിക ചട്ടക്കൂടില്‍ നിന്നുകൊണ്ട് പ്രതിഷേധിക്കാനും, പ്രസംഗിക്കാനും, അവകാശങ്ങള്‍ ചോദിക്കാനും, പ്രതികരിക്കാനും അവള്‍ക്ക് അവകാശമുണ്ട്. ഇതാരും നിഷേധിക്കുന്നില്ല. വിധികള്‍ പാലിക്കണമെന്ന് മാത്രം.
ആയിശ (റ) യുദ്ധത്തിന് നേതൃത്വം നല്‍കിയില്ലേ എന്നാണ് ചിലരുടെ ചോദ്യം. ആ മാതൃകാമഹതിയെ കുറിച്ച് അപവാദം പറയരുത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു യുദ്ധത്തിന് അവര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. മുഖവും മുന്‍കൈയും ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ മുഴുവന്‍ മറച്ച അവര്‍ ഒട്ടകക്കൂടാരത്തിനുള്ളിലിരുന്നാണ് യുദ്ധത്തിന് നേതൃത്വം നല്‍കിയത്. സ്ത്രീ ശരീരം മുഴുവന്‍ മറച്ചാലും വസ്ത്രത്തിനുമുണ്ടല്ലോ ഒരാകര്‍ഷണീയത. അതുപോലും പ്രകടമാകാതിരിക്കാനാണ് അവര്‍ ഒട്ടകക്കട്ടിലില്‍ തന്നെ ഇരുന്നത്. യുദ്ധത്തില്‍ ഒട്ടകത്തിന്റെ കാലിന് വെട്ടേറ്റപ്പോള്‍ ഒട്ടകക്കൂടാരം എടുത്തുകൊണ്ടുപോയി അവര്‍ക്ക് പ്രത്യേക ടെന്റുണ്ടാക്കി പൂര്‍ണ സംരക്ഷണം സ്വഹാബികള്‍ നല്‍കി. (അല്‍ബിദായവന്നിഹായ: 7/292). യുദ്ധത്തില്‍ മഹതി ആയിശ (റ) പുരുഷന്മാര്‍ക്കിടയില്‍ ഇറങ്ങി നേതൃത്വം നല്‍കിയതിന് തെളിവുണ്ടെങ്കില്‍ പറയട്ടെ.
സ്ത്രീകള്‍ക്ക് ഇസ്ലാം യുദ്ധം നിശ്ചയിച്ചിട്ടില്ല. ആവശ്യമാണെങ്കില്‍ യുദ്ധ സംഘത്തോടൊപ്പം അവര്‍ക്ക് പോകാം. മുറിവ് പറ്റിയ ഭടന്മാരെ ശുശ്രൂഷിക്കാനും, അവര്‍ക്ക് വെള്ളം നല്‍കാനും അതുപോലെയുള്ള സേവനം ചെയ്യാനും അവരുടെ സാന്നിധ്യം പ്രയോജനം ചെയ്യും. അനസ് (റ) വില്‍ നിന്ന് നിവേദനം: 'നബി തിരുമേനി (സ) ഉമ്മുസുലൈം (റ) യെയും, മറ്റു ചില സ്ത്രീകളെയും യുദ്ധത്തിന് കൊണ്ടുപോയിരുന്നു. അവര്‍ സൈനികര്‍ക്ക് വെള്ളം നല്‍കുകയും, പരിക്കേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു.' (മുസ്ലിം)
ഉമ്മു അതിയ്യ(റ) യില്‍ നിന്ന് നിവേദനം: ഞാന്‍ പ്രവാചകരോടൊപ്പം ഏഴ് യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഞാന്‍ ഒട്ടകക്കൂടാരങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയും പോരാളികള്‍ക്ക് ഭക്ഷണമുണ്ടാക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും രോഗികളെ പരിചരിക്കുകയുമാണ് ചെയ്തിരുന്നത്.(മുസ്ലിം)
ഉമ്മു അമ്മാറ [റ]എന്ന ധീരവനിത ഉഹ്ദ് യുദ്ധത്തില്‍ നബി (സ )യെ സംരക്ഷിക്കാന്‍ പോരാടിയില്ലേ എന്നാണ് മറ്റൊരു ചോദ്യം. തീര്‍ച്ചയായും അതെ എന്നാണ് ഉത്തരം. സംഭവത്തിന്റെ പൂര്‍ണരൂപം ഇപ്രകാരമാണ്: മഹതി ഉമ്മു അമ്മാറ (റ) തന്റെ ഭര്‍ത്താവ് ഗസിയ്യ യോടൊപ്പം ഉഹ്ദ് യുദ്ധത്തിന് പോയി. ആദ്യഘട്ടം അവര്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തില്ല.പ്രത്യുത, ഒരു തോല്‍പാത്രം വെള്ളവുമായി പരിക്കേറ്റവര്‍ക്കും മറ്റുമായി വെള്ളം നല്‍കാന്‍ സജ്ജമായി നില്‍ക്കുകയായിരുന്നു. പിന്നീട് യുദ്ധം തീവൃ മാവുകയും ഒരു ഘട്ടത്തില്‍ പല സ്വഹാബികളും പ്രവാചകരെ വിട്ട് ഓടിപ്പോവുകയും ചെയ്തപ്പോള്‍ അവര്‍ നേരിട്ട് പോര്‍ക്കളത്തില്‍ ഇറങ്ങി ധീരധീരം പടവെട്ടി.
മുസ്ലിംകള്‍ക്ക് നേരെ ശത്രുക്കള്‍ ഇങ്ങോട്ട് വന്ന് ആക്രമിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുമ്പോള്‍ സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ യുദ്ധം എല്ലാവര്‍ക്കും നിര്‍ബന്ധമാക്കുമെന്ന കര്‍മശാസ്ത്ര നിയമമാണിവിടെ വ്യക്തമാകുന്നത്.
'മുസ്ലിം ജനവാസമുള്ള സ്ഥലത്തോ അവരുടെ പ്രദേശങ്ങളിലോ ശത്രു ഇങ്ങോട്ട് വന്ന് ആക്രമിച്ചാല്‍ അവരെ സാധ്യമായ എല്ലാ നിലയിലും പ്രതിരോധിക്കല്‍ മുസ്ലിങ്ങള്‍ക്ക് നിര്‍ബന്ധമാകും. യുദ്ധം നിര്‍ബന്ധമില്ലാത്ത ദരിദ്രന്‍ ,കുട്ടി, കടബാധ്യതയുള്ളവന്‍, അടിമ, സ്ത്രീ, എന്നിവര്‍ക്കെല്ലാം ഈ ഘട്ടത്തില്‍ പ്രതിരോധം നിര്‍ബന്ധമാകും ' [തുഹ്ഫ: 9/235]
പ്രവാചക തിരുമേനി [സ] യെ ശത്രുക്കള്‍ വളഞ്ഞിട്ടു അക്രമിക്കാന്‍ ശ്രമിച്ച ഈ ഘട്ടം ഉധൃത സാഹചര്യത്തേക്കാള്‍ ഗുരുതരമാണല്ലോ.
പര പുരുഷന്‍മാര്‍ക്കിടയില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നതും സമ്മിശ്ര വേദികളില്‍ പങ്കെടുക്കുന്നതും സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ പരിഭാഷയില്‍ പറയുന്നത് കാണുക'
' സ്ത്രീപുരുഷ സമ്മിശ്രമായ സദസ്സുകള്‍ ഇസ്ലാമിക പ്രകൃതിയുമായി എത്രമാത്രം വിയോജിക്കുന്നുവെന്ന് ഈ നിയമങ്ങളില്‍ നിന്ന് സ്വയം വ്യക്തമാണ്. പ്രാര്‍ത്ഥനാവേളയില്‍ ദിവ്യ മന്ദിരത്തില്‍ വെച്ച് പോലും സ്ത്രീപുരുഷന്മാര്‍ ഇടകലരുന്നതനുവദിക്കാത്ത ഒരു മതം കോളേജുകളിലും ഓഫീസുകളിലും ക്ലബ്ബുകളിലും സദസ്സുകളിലും അതനുവദിക്കുമെന്ന് എങ്ങിനെ സങ്കല്‍പ്പിക്കും?' [തഫ്ഹീമുല്‍ ഖുര്‍ആന്‍: 3/384 ] സൂറത്തു ന്നൂര്‍ 31 ആം സൂക്തത്തിന്റെ വ്യാഖ്യാനത്തിലാണിത് പറയുന്നത്.
ഇസ്ലാമിക നിയമം ആധുനികകാലത്തിനനുയോജ്യമല്ലെന്ന് പറയുന്നവര്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്ക് പ്രതിവിധിയു ണ്ടെങ്കില്‍ നിര്‍ദ്ദേശിക്കട്ടെ. ഇസ്ലാമിക നിയമങ്ങള്‍ ഭാഗികമായെങ്കിലും നടപ്പാക്കുന്ന മുസ്ലിം രാജ്യങ്ങളിലെ സ്ത്രീ സുരക്ഷയും ഇതര രാജ്യങ്ങളിലെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങളും താരതമ്യം ചെയ്യട്ടെ.