ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിപാര്‍ട്ടിക്ക് മുന്‍തൂക്കം പ്രവചിച്ച് എബിപി-സി വോട്ടര്‍ സര്‍വേ. 70 നിയമസഭാ സീറ്റില്‍ 56 സീറ്റുകള്‍ വരെ എഎപി നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ബിജെപിക്ക് 10 മുതല്‍ 24 വരെ സീറ്റുകളും കോണ്‍ഗ്രസിന് 4 സീറ്റുകള്‍ വരെയും ലഭിച്ചേക്കാമെന്നും സര്‍വേ പറയുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കഴിഞ്ഞ ദിവസം പുറത്തുവന്ന ടൈംസ് നൗ ഐപിഎസ്ഒഎസ് സര്‍വേയും എഎപിയുടെ വിജയമായിരുന്നു പ്രവചിച്ചത്. 54 മുതല്‍ 60 സീറ്റുകള്‍ വരെ ആം ആദ്മി പാര്‍ട്ടി നേടുമെന്നായിരുന്നു സര്‍വേ പ്രവചിച്ചത്. ബിജെപിക്ക് 10 മുതല്‍ 14 സീറ്റുകളിലാണ് വിജയസാധ്യതയെന്നും റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെ മാത്രമാണ് കോണ്‍ഗ്രസിന് സര്‍വേയില്‍ സാധ്യത കല്‍പ്പിച്ചത്. മിക്ക മണ്ഡലങ്ങളില്‍ ആം ആദ്മിയും ബിജെപിയും തമ്മിലാണ് ഏറ്റമുട്ടല്‍. ആംആദ്മിക്ക് 52 ശതമാനം വോട്ടും ബിജെപിക്ക് 34 ശതമാനവും കോണ്‍ഗ്രസിന് 4 ശതമാനവുമാണ് സര്‍വേ പ്രവചിച്ചത്.
ഡല്‍ഹി പിടിക്കാനിറങ്ങിയ ബിജെപി മുഖ്യശത്രുവായി കാണുന്നത് ആം ആദ്മി പാര്‍ട്ടിയെയാണ്. ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ അരവിന്ദ് കെജ്റിവാളിനെയും ആം ആദ്മിയെയും കടന്നാക്രമിച്ചാണ് ബിജെപിയുടെ പ്രചാരണം. ഇതിനിടെയാണ് ബിജെപി വീഴ്ച പ്രവചിച്ച് സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഈ മാസം എട്ടിനാണ് ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. 11നാണ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റിലൊതുങ്ങിയിരുന്നു. 67 സീറ്റുകളുമായാണ് അരവിന്ദ് കെജ്രിവാള്‍ അധികാരത്തിലെത്തിയത്.