കെ.എം.ഷാജി എം.എല്‍.എ കള്ളപ്പണ ഇടപാടിന്റെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും ഒരിക്കലും അനുകരിക്കാന്‍ പാടില്ലാത്ത ഉദാഹരണമെന്ന് ഡി.വൈ.എഫ്.ഐ നേതാവ് എ.എ.റഹീം. കെ.എം.ഷാജിയുടെ സമ്പത്തില്‍ അസാധാരണ വളര്‍ച്ചയാണുണ്ടായതെന്നും, ഇതിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ഷാജി തയ്യാറാകണമെന്നും റഹീം ആവശ്യപ്പെട്ടു.
2016ലെ സത്യവാങ്മൂലത്തില്‍ 47.80 ലക്ഷം രൂപയാണ് ആസ്തിയായി കെ.എം.ഷാജി കാണിച്ചിരിക്കുന്നത്. ഇതില്‍ 10 ലക്ഷം രൂപ വായ്പയെടുത്തിട്ടുള്ള നിര്‍മാണത്തിലിരിക്കുന്ന വീടിനെപ്പറ്റിയും പറയുന്നുണ്ട്. തൊട്ടടുത്ത മാസങ്ങളില്‍ പണി പൂര്‍ത്തിയായ വീട് വേങ്ങേരി വില്ലേജ് ഓഫീസര്‍ അളക്കുന്നു. ഇതില്‍ മൂന്ന് നിലകളെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5660 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് ഇത്. പിഡബ്ല്യുഡി റേറ്റ് കണക്കാക്കിയാല്‍ തന്നെ നാല് കോടിയിലേറെ രൂപ ചെലവാകും ഈ വീടിന്. രണ്ട് നില വീടിനുള്ള പെര്‍മിറ്റ് മാത്രമുള്ളപ്പോളാണ് ഇതെന്നും റഹീം പറഞ്ഞു.
ഇഞ്ചിക്കൃഷി നടത്തിയാണ് വീടുവെയ്ക്കാന്‍ പണം കിട്ടിയതെന്ന് പറയുന്ന ഷാജി അക്കാര്യം സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ഇനി പാട്ടത്തിന് കൃഷി ചെയ്ത് പണം സമ്പാദിച്ചതാണെങ്കില്‍ അങ്ങനെ ലഭിച്ച പണം കൈമാറ്റം നടത്തിയതിന്റെ ബാങ്ക് രേഖകള്‍ എവിടെയന്ന് വ്യക്തമാക്കണം. ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഇഞ്ചിക്കര്‍ഷകര്‍ക്ക് ഷാജി ഒരു വിദഗ്ധ ക്ലാസെടുത്ത് കൊടുക്കണമെന്നും റഹീം പരിഹസിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഷാജി തുടര്‍ച്ചയായി കള്ളം പറയുന്നു. പൊതുപ്രവര്‍ത്തനം സ്വത്ത് സമ്പാദിക്കാനുള്ള മാര്‍ഗമാണെന്ന് കരുതുന്ന ആളാണ് കെ.എം.ഷാജി എന്നും റഹീം ആരോപിച്ചു. പാണക്കാട് തങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണം. ഇഞ്ചിക്കര്‍ഷകനല്ല, അധോലോക കര്‍ഷകനാണ് ഷാജിയെന്നും, സ്ഥാനമൊഴിയണമെന്നും റഹീം ആവശ്യപ്പെട്ടു.