ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തെ തള്ളി എല്‍ഡിഎഫ്. വിസിലടിക്കും മുമ്പ് ഗോളടിക്കാന്‍ ചെന്നിത്തല ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. പിണറായി സര്‍ക്കാരിനെ കുരുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. കേരളത്തില്‍ ഭരണഘടനാ പ്രതിസന്ധിയില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എകെ ബാലനും രംഗത്തെത്തിയിരുന്നു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും, സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ ഞങ്ങളാണ് മുന്‍പന്തിയിലെന്ന ധാരണ ആര്‍ക്കും വേണ്ടെന്നുമായിരുന്നു എകെ ബാലന്‍ പറഞ്ഞത്.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരെയും അനുവദിക്കില്ല. ഭരണഘടനാപരമായി സ്പീക്കറും സര്‍ക്കാരും ഗവര്‍ണറും കടമകള്‍ നിര്‍വഹിക്കും. അതില്‍ ഏതെങ്കിലും ഒരു ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ ചര്‍ച്ച ചെയ്യണം. അതിനുള്ള വേദി നിയമസഭയാകുന്നതില്‍ തെറ്റില്ല. പക്ഷെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന വിധത്തില്‍ പ്രതിപക്ഷം, സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.