ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സേനയുടെ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു കേണലിനും രണ്ട് ജവാന്‍മാര്‍ക്കുമാണ് ജീവഹാനിയുണ്ടായത്. 16 ബിഹാര്‍ ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസറാണ് കൊല്ലപ്പെട്ട ആന്ധ്ര സ്വദേശി കേണല്‍ സന്തോഷ്. ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇരു സേനകളും മുഖാമുഖമെത്തിയാണ് സംഘര്‍ഷമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വെടിവെപ്പുണ്ടായിട്ടില്ലെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിശദീകരണം. മുഖാമുഖമെത്തി മറ്റേതെങ്കിലും ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍.
കല്ലും വടിയും ഉപയോഗിച്ചുള്ള ആക്രമണമാകാമെന്നും നിഗമനങ്ങളുണ്ട്. ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ 1975 ന് ശേഷം സൈനികരുടെ മരണം ഇതാദ്യമാണ്. ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ഇരുവിഭാഗത്തെയും അതിര്‍ത്തി കമാന്‍ഡര്‍മാര്‍ യോഗം ചേര്‍ന്നതായി വിവരമുണ്ട്. അതേസമയം ഇരുഭാഗത്തും ശക്തമായ പടനീക്കം നടക്കുന്നുമുണ്ട്. സൈനികര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി. ഏകപക്ഷീയമായ നടപടി എടുക്കരുതെന്നും പ്രകോപനം ഉണ്ടാക്കരുതെന്നും ഇന്ത്യ അതിര്‍ത്തി ലംഘിക്കുകയാണെന്നും ചൈന ആരോപിക്കുന്നു. ഏപ്രില്‍ ഒന്നുമുതലാണ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തര്‍ക്കപരിഹാരത്തിന് ബ്രിഗേഡിയര്‍, കേണല്‍ തലത്തില്‍ കഴിഞ്ഞ ദിവസവും ചര്‍ച്ചകള്‍ നടന്നിരുന്നു.