കിഴക്കന്‍ ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ആദിവാസി കര്‍ഷകരെ കൂട്ടക്കൊല ചെയ്ത ഗ്രാമത്തലവന്‍ സംഭവ സ്ഥലത്തേക്ക് എത്തിയത് വന്‍ സന്നാഹങ്ങളുമായാണെന്ന് വെളിപ്പെടുത്തല്‍. ഗ്രാമത്തലവനും മുഖ്യപ്രതിയുമായ യാഗ്യ ദത്ത് 32 ട്രാക്ടര്‍ ട്രോളികളിലായി 200ഓളം ആളുകളേയും കൊണ്ടാണ് വന്നതെന്ന് വെടിവെയ്പിന് ദൃക്‌സാക്ഷിയായ ഒരാള്‍ എന്‍ഡിടിവിയോട് വെളിപ്പെടുത്തി. ഭൂമി പിടിച്ചെടുക്കാനെത്തിയപ്പോള്‍ ആദിവാസികള്‍ പ്രതിഷേധിച്ചെന്നും തുടര്‍ന്ന് യാഗ്യ ദത്തിന്റെ ആളുകള്‍ വെടിവെയ്ക്കുകയായിരുന്നെന്നും ദൃക്‌സാക്ഷിയായ സ്ത്രീ പറഞ്ഞു.
അവര്‍ പെട്ടെന്ന് വെടിവെയ്പ് ആരംഭിച്ചു. ആളുകള്‍ നിലത്ത് വീഴാന്‍ തുടങ്ങി. വെടികൊണ്ട് വീണവരെ ലാത്തികൊണ്ട് അടിക്കാന്‍ ആരംഭിച്ചു. ഭീകരമായിരുന്നു അത്.ദൃക്‌സാക്ഷി
വെടിവെയ്പ് അരമണിക്കൂര്‍ നേരത്തോളം നീണ്ടുനിന്നെന്ന് മറ്റൊരു ദൃക്‌സാക്ഷിയും വ്യക്തമാക്കി.
അവര്‍ തോക്കുമായിട്ടാണ് വന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അവര്‍ വെടിവെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ജീവന്‍ രക്ഷിക്കാനായി അങ്ങോട്ടും ഇങ്ങോട്ടും ഓടി. പൊലീസിനെ വിളിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് വന്നത്. വെടിവെയ്പ് അര മണിക്കൂര്‍ തുടര്‍ന്നു.ദൃക്‌സാക്ഷി
ഗ്രാമവാസികളും ഗ്രാമത്തലവനും തമ്മില്‍ 36 ഏക്കര്‍ വിസ്തൃതിയുള്ള ഭൂമിയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്. പ്രദേശത്തെ ഒരു സമ്പന്ന കുടുംബത്തില്‍ നിന്നും പത്ത് വര്‍ഷം മുമ്പ് താന്‍ വാങ്ങിയ ഭൂമിയാണിതെന്ന് യാഗ്യ ദത്ത് വാദിച്ചു. തങ്ങള്‍ തലമുറകളായി കൃഷി ചെയ്തുകൊണ്ടിരുന്ന ഭൂമി വിട്ടുകൊടുക്കാന്‍ ആദിവാസികള്‍ തയ്യാറായിരുന്നില്ല.
പതിറ്റാണ്ടുകളായി ഭൂമി കൈവശമുണ്ടായിരുന്നെങ്കിലും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ കര്‍ഷകരുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് പ്രാഥമികാ അന്വേഷണത്തിന് ശേഷം അധികൃതര്‍ പറഞ്ഞു. 1955ല്‍ ഗാമത്തിലെ വലിയൊരു ഭാഗം ഭൂമിയുടേയും ഉടമസ്ഥത പ്രദേശത്തെ ഒരു ധനിക കുടുംബത്തിന്റെ കീഴിലുളള സഹകരണസംഘത്തിലേക്ക് മാറ്റിയിരുന്നു. ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. 1966ല്‍ പദ്ധതി ഉപേക്ഷിച്ചെങ്കിലും ഭൂമി സര്‍ക്കാരിന് വിട്ടുനല്‍കിയില്ല. 1989ല്‍ ഇതേ കുടുംബത്തിലെ തന്നെ മറ്റംഗങ്ങള്‍ക്ക് ഭൂമി കൈമാറ്റം ചെയ്തു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കളും ഇക്കൂട്ടത്തില്‍ ഉണ്ട്. 2010ല്‍ ഈ കുടുംബം ഭൂമിയുടെ വലിയൊരുഭാഗം ഗ്രാമത്തലവന് വില്‍ക്കുകയായിരുന്നു.
സര്‍ക്കാരിനോട് ആദിവാസികള്‍ അപേക്ഷിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അവര്‍ വില്‍പനയെ എതിര്‍ത്തിരുന്നു. ഈ ഭൂമി ഇവിടുത്തെ ഗ്രാമസഭയുടേതാണ്. പക്ഷെ ആദിവാസി കര്‍ഷകരെ ആരും കേട്ടില്ല.ഛോട്ടെ ലാല്‍, മുന്‍ എംപി
കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 24 ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതിയായ യാഗ്യ ദത്തിനെ പൊലീസ് ഇതുവരേയും പിടികൂടിയിട്ടില്ല.