ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ കുറ്റാരോപിതരായ രണ്ട് പേര്‍ക്ക് രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റില്‍ ഉന്നതപദവി നല്‍കി കേന്ദ്രസര്‍ക്കാര്‍. മഹന്ത് നൃത്യ ഗോപാല്‍ ദാസ്, ചമ്പത് റായ് എന്നിവര്‍ക്കാണ്, ഫെബ്രുവരി 19ന് ചേര്‍ന്ന ട്രസ്റ്റിന്റെ ആദ്യ യോഗത്തില്‍ സുപ്രധാന പദവികള്‍ നല്‍കിയത്. ഫെബ്രുവരി 5ന് പുറത്തുവിട്ട അംഗങ്ങളുടെ ലിസ്റ്റില്‍ ഇവരുടെ പേരുണ്ടായിരുന്നില്ല. പിന്നീടാണ് ഇവരെ ട്രസ്റ്റ് അംഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ആദ്യ പട്ടിക പുറത്തുവന്നതിന് പിന്നാലെ മഹന്ത് നൃത്യയെയും ചമ്പത് റായിയെയും ട്രസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ രാം ജന്മഭൂമി ന്യാസ് രംഗത്തെത്തിയിരുന്നു. ഇവരെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കുകയായിരുന്നുവെന്നും, അടുത്ത ഘട്ടത്തില്‍ പേരുള്‍പ്പെടുത്താമെന്ന ഉറപ്പ് ലഭിച്ചിരുന്നുവെന്നും, രാം ജന്മഭൂമി ന്യാസ് അംഗം ദ ക്വിന്റിനോട് പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
1992ല്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ കുറ്റാരോപിതരാണ് മഹന്ത് നൃത്യ ഗോപാല്‍ ദാസും, ചമ്പദ് റായിയും. ഇവരെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയ നടപടി സുപ്രീംകോടതി വിധിയുടെ ഉദ്ദേശ്യത്തിന് വിരുദ്ധമാണെന്ന് അയോധ്യകേസില്‍ മുസ്ലീം അപേക്ഷകര്‍ക്കായി വാദിച്ച പ്രധാന അഭിഭാഷകന്‍ സഫര്യാബ് ജിലാനി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുന്ന കാര്യം ലോക്‌സഭയില്‍ നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്. ട്രസ്റ്റിയായി നിയമിച്ചിരിക്കുന്നത് മുന്‍ അറ്റോണി ജനറലും അയോധ്യക്കേസിലെ ഹിന്ദു ഭാഗത്തിന്റെ അഭിഭാഷകനുമായ കെ പരസരനെയാണ്.