കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 11 പേര്‍ സംസ്ഥാനത്ത് അറസ്റ്റില്‍. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.അറസ്റ്റ് ചെയ്തവരുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണും ലാപ്‌ടോപുകളും പിടിച്ചെടുത്തു.
കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട് എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പൊലീസ്നി രീക്ഷിച്ച് വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ ജനുവരി മുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയുടെ മൂന്നാം ഘട്ടത്തിലാണ് 11 പേരെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ മുതല്‍ രാത്രിവരെ ഏഴ് ജില്ലകളിലായി നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 37 പേരാണ് പൊലീസിന്റെ പിടിയിലായത്. ടെലഗ്രാമിലെ ഗ്രൂപ്പുകളിലൂടെയാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഗ്രൂപ്പുകളെക്കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്. 126 പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലുമാണ്.