പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ യുവാവിന്റെ കുടുംബത്തിന് ഇനിയും നീതി അകലെ. കോട്ടയം മേലുകാവ് സ്വദേശിയായ രാജേഷാണ് ചെയ്യാത്ത കുറ്റത്തിന് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കിയ ശേഷം മൂന്ന് മാസം മുന്‍പ് ആത്മഹത്യ ചെയ്തത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മാതാപിതാക്കള്‍ മുട്ടാത്ത വാതിലുകളില്ല. വാടകയ്ക്ക് എടുത്തുകൊടുത്ത കാര്‍ ചിലര്‍ മാല മോഷ്ടിക്കാന്‍ ഉപയോഗിച്ചതിനാണ് രാജേഷിനെ മര്‍ദ്ദിച്ചത് മാര്‍ച്ച് 19 നാണ് രാജേഷിനെ മേലുകാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 21 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവാവിന് മര്‍ദ്ദനമേറ്റിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായിരുന്നു.
ജാമ്യത്തില്‍ ഇറങ്ങിയ രാജേഷ് കേസില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തശേഷം ജീവനൊടുക്കി. മോഷണസംഘത്തെ കിട്ടാതെ വന്നപ്പോള്‍ രാജേഷിനെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് മേലുകാവ് പൊലീസിനെതിരായ പരാതി. എസ് ഐ സന്ദീപ് രാജേഷിനെ മര്‍ദ്ദിച്ചെന്നാണ് അച്ഛന്‍ ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. അച്ഛന്‍ പിഎസ് രാജു, അമ്മ ഓമന എന്നിവര്‍ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി അദ്ധ്യക്ഷന്‍ വികെ മോഹനന്‍ മുന്‍പാകെയെത്തി പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ അതോറിറ്റി എസ്‌ഐയോട് ഓഗസ്റ്റ് 12ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
സംഭവം ഇന്റലിജന്‍സ് എഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്ന് മാസമായിട്ടും യാതൊരു നടപടികളുമുണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു. വാടകയ്ക്ക് എടുത്തുകൊടുത്ത വാഹനത്തില്‍ പോയവര്‍ വഴിയാത്രക്കാരിയുടെ മാല പൊട്ടിക്കുകയായിരുന്നു. എന്നാല്‍ രാജേഷിന് ഇതില്‍ പങ്കില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മകന് ക്രൂരമായ മര്‍ദ്ദനമാണ് നിരേടേണ്ടി വന്നത്. 2 കാലുകളും മടക്കിവെച്ച് ഏറെ നേരം മര്‍ദ്ദിച്ചിരുന്നു. കാല്‍വെള്ളയിലും തുടരെ പ്രഹരമേറ്റിരുന്നു. പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് കുറ്റം സമ്മതിക്കേണ്ടി വന്നു. അവശനായാണ് സ്റ്റേഷനില്‍ നിന്ന് മകന്‍ പുറത്തുവന്നത്. മാര്‍ച്ച് 20 ന് തെളിവെടുപ്പിന് വീട്ടില്‍ എത്തിച്ചപ്പോഴും മര്‍ദ്ദിച്ചിരുന്നതായും മാതാപിതാക്കള്‍ പറയുന്നു. കൂടാതെ രാജേഷിന്റെ അമ്മയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും കുടുംബം ആരോപിച്ചു.