News n Views

ബാംഗ്ലൂര്‍ അമൃത കോളേജ് അടച്ചിട്ടു; കോളേജ് തുറക്കുന്ന ദിവസം മുതല്‍ പ്രക്ഷോഭമെന്ന് വിദ്യാര്‍ത്ഥികള്‍; ‘അമൃതാനന്ദ മയി നേരിട്ടെത്തണം’

THE CUE

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന് പിന്നാലെ ബാംഗ്ലൂര്‍ അമൃത കോളേജ് അടച്ചിട്ടു. നവംബര്‍ നാലുവരെ കോളേജ് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സമരത്തേത്തുടര്‍ന്ന് യുണിവേഴ്സിറ്റി ഡീന്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതിന് പിന്നാലെ നവംബര്‍ നാല് വരെ കോളേജ് അടയ്ക്കുകയാണെന്ന് ഡീന്‍ സസങ്കന്‍ രാമനാഥന്‍ പ്രഖ്യാപിക്കുകയായിരുന്നു. ഹോസ്റ്റല്‍ വിദ്യര്‍ത്ഥികളോട് ഒഴിയാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ചയാണ് ബെലന്തൂര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന വിശാഖപട്ടണം സ്വദേശി ശ്രീഹര്‍ഷ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കോളേജ് അധികൃതരുടെ പീഡനത്തെത്തുടര്‍ന്നാണ് ഹര്‍ഷ ജീവനൊടുക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഡിസിപ്ലിനറി കമ്മിറ്റിയംഗങ്ങളെ അടിയന്തരമായി പിരിച്ചുവിടണമെന്ന ആവശ്യവുമായാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.

കോളേജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഡിസിപ്ലിനറി കമ്മറ്റിയിലെ പത്ത് പേരേയും പിരിച്ചുവിടണമെന്ന വിദ്യാര്‍ത്ഥികളുടെ മുഖ്യ ആവശ്യം നിരാകരിക്കപ്പെട്ടു. പലവിദ്യാര്‍ത്ഥികളും കരഞ്ഞുകൊണ്ടാണ് ചര്‍ച്ച കഴിഞ്ഞു പുറത്തിറങ്ങിയത്. കുറ്റാരോപിതരായ പത്ത് പേരെയും അന്വേഷണം കഴിയുന്നത് വരെ കോളേജില്‍ പ്രവേശിപ്പിക്കരുതെന്ന ഞങ്ങളുടെ ആവശ്യം കോളേജ് അധികൃതര്‍ നിഷേധിച്ചെന്ന് വിദ്യര്‍ത്ഥികളിലൊരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അച്ചടക്ക സമിതി വിദ്യര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം, അതിനായി ഡിസിപ്ലിനറി കമ്മറ്റി മീറ്റിങ്ങുകള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കണം, ഹോസ്റ്റലുകളില്‍ നല്ല ഭക്ഷണം ലഭ്യമാക്കണം, എല്ലാ സമയവും ഹോസ്റ്റലുകളില്‍ വെള്ളം ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. ഇതില്‍ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും കാര്യം മാത്രമാണ് കോളേജ് അധികൃതര്‍ അംഗീകരിച്ചത്. കോളേജ് തുറക്കുന്ന ദിവസം മുതല്‍ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

ഞങ്ങള്‍ കുറേ കരഞ്ഞു. മാനസികമായി ഒരുപാട് തകര്‍ന്നു. ഞങ്ങള്‍ നിസ്സഹായരാണ്. പ്രതീക്ഷകളൊക്കെ അവസാനിച്ചു. എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് എന്ത് ഉറപ്പാണുള്ളത്? ഞങ്ങള്‍ എന്തായാലും പൊരുതാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥി
അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ മാതാ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്നത്തില്‍ ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. കോളേജ് അടച്ചെങ്കിലും പിരിഞ്ഞു പോകാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല.

കോളേജ് ഹോസ്റ്റലിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും നല്ല ഭക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് ശ്രീഹര്‍ഷ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ രണ്ട് മാസം മുമ്പ് സമരം ചെയ്തിരുന്നു. പിന്നാലെ ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തു. സമരത്തിനിടെ കോളേജ് ബസിന്റെ ചില്ല് തകര്‍ത്തു എന്ന ആരോപിച്ചായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ശ്രീഹര്‍ഷ ആത്മഹത്യ ചെയ്തത്. ക്യാമ്പസ് ഇന്റര്‍വ്യുവിലൂടെ ഹര്‍ഷക്ക് കിട്ടിയ ജോലി ഇല്ലാതാക്കുമെന്ന് ഡിസിപ്ലിനറി കമ്മറ്റി ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. കോളേജ് അധികൃതര്‍ തെളിവ് നശിപ്പിച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT