അന്തരീക്ഷ മലിനീകരണത്താല്‍ രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ ശ്വാസം മുട്ടാന്‍ തുടങ്ങിയിട്ട് നാളുകളായി. ഡല്‍ഹിയിലെ വായു നിലവാര സൂചിക(എ ക്യൂ ഐ) അപകടകരമായ തോതിലേക്ക് ഉയര്‍ന്നതോടെ വിഷവാതകം ശ്വസിക്കാതിരിക്കാന്‍ ആളുകള്‍ മാസ്‌ക് ധരിക്കുകയും വീടുകളില്‍ വായു ശുദ്ധീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ശുദ്ധ വായു ശ്വസിക്കാന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ഓക്സിജന്‍ ബാറുകളിലേക്ക് നീങ്ങുകയാണ്.
ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിൽ ശുദ്ധമായ ഓക്‌സിജൻ ലഭ്യമാകുന്ന ബാർ സാകേതിലാണ് ആരംഭിച്ചിരിക്കുന്നത്. 'ഓക്‌സി പ്യൂർ' എന്നാണ് ബാറിന് പേരിട്ടിരിക്കുന്നത്. 15 മിനിറ്റ് ശ്വസിക്കുന്നതിന് 299 രൂപയാണ് വില. ഓറഞ്ച്, ഗ്രാമ്പൂ, പുല്‍ത്തൈലം, പുതിന, കര്‍പ്പൂര തുളസി, യൂക്കാലിപ്റ്റസ്, കര്‍പ്പൂരവള്ളി എന്നീ സുഗന്ധങ്ങളിലാണ് ഓക്‌സിജന്‍ വില്‍പ്പന. സുഗന്ധം നിറഞ്ഞതാണ് വേണ്ടതെങ്കിൽ 15 മിനിറ്റിന് 499 രൂപയാകും.
പ്രതിദിനം 20-25 പേര്‍ ശുദ്ധവായു തേടിയെത്തുന്നുണ്ടെന്നാണ് സ്റ്റോറിന്റെ ചുമതല വഹിക്കുന്ന ജോണ്‍സണ്‍ പറയുന്നത്. പാഴ്‌സലായി കൊണ്ടുപോകാന്‍ കഴിയുന്ന ഓക്സിജന്‍ ക്യാനുകളും നല്കുന്നുണ്ട്. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഓക്സി പ്യൂറിന്റെ രണ്ടാമത്തെ സ്റ്റോര്‍ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് ജോണ്‍സണ്‍ പറയുന്നു.
4.6 കോടി ജനങ്ങളാണ് രാജ്യ തലസ്ഥാനത്തുള്ളത്.
ഗുരുതര ശ്വാകോശരോഗങ്ങളുമായി എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്ന് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനേത്തുടര്‍ന്ന് എല്ലാ പ്രൈമറി സ്‌കൂളുകളും അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഈയാഴ്ച്ച ഉത്തരവിട്ടിരുന്നു. ഈ മാസം രണ്ടാം തവണയാണിത്. വായു മലിനീകരണം കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്നുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്.
തലസ്ഥാനത്തെ വായുമലിനീകരണത്തേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യേക പാര്‍ലമെന്ററി സമിതി വിളിച്ചു ചേര്‍ത്തെങ്കിലും അധികൃതര്‍ പങ്കെടുക്കാന്‍ എത്താത്തതിനാല്‍ റദ്ദാക്കേണ്ടി വന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം