വളര്‍ത്തുനായയുമായി ഉദ്ഘാടന വേദിയിലെത്തിയെന്ന, അധ്യാപികയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. വീരന്‍ എന്ന വളര്‍ത്തുനായ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നുവെന്ന് അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മറുപടിയായി 18 ാം പടി നായകന്‍ കുറിച്ചു. കുറവിലങ്ങാട് ദേവമാതാ കോളജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയ അക്ഷയ് രാധാകൃഷ്ണന്‍ വളര്‍ത്തുനായയായ വീരനെ വേദിയിലേക്ക് കൂട്ടിയിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് അധ്യാപികയായ മിനി സെബാസ്റ്റ്യന്‍ ചിത്രം സഹിതം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഈ നടനെ ഇനി വിളിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും പട്ടി വേദിയിലുണ്ടാകുമെന്നും പരാമര്‍ശിച്ചായിരുന്നു കുറിപ്പ്. പരിപാടിക്കിടയില്‍ പട്ടി വേദിയിലൂടെ അലഞ്ഞുതിരിയും. പിന്‍കര്‍നിലും സ്പീക്കറിലുമൊക്കെ മൂത്രമൊഴിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ വീരനെയും കൊണ്ട് വലിഞ്ഞുകേറി വന്നതാണെന്ന് പറയരുതെന്നും നായ ഷണിക്കപ്പെട്ട അതിഥിയായിരുന്നുവെന്നും അക്ഷയ് രാധാകൃഷ്ണന്‍ മറുപടിയുമായി രംഗത്തെത്തി. ഉറപ്പായും നായയെയും കൊണ്ട് വരണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അക്ഷയ് കുറിച്ചു.
അധ്യാപികയുടെ കുറിപ്പ്
18ാം പടി എന്ന സിനിമയിലഭിനയിച്ച അക്ഷയ് രാധാകൃഷ്ണന്‍ (അയ്യപ്പന്‍ ) എന്ന നടനെ ഉദ്ഘാടനത്തിനും മറ്റും വിളിക്കുമ്പോള്‍ സൂക്ഷിക്കുക. അയാളുടെ പട്ടിയും വേദിയിലുണ്ടാവും.പരിപാടിക്കിടയില്‍ സ്റ്റേജിലൂടെ പട്ടി അലഞ്ഞു തിരിയും. പിന്‍കര്‍ട്ടനിലും സ്പീക്കറിലുമൊക്കെ മൂത്രമൊഴിക്കും. അനുഭവമാണ്.
അക്ഷയ് രാധാകൃഷ്ണന്റെ മറുപടി
പ്രിയപ്പെട്ട മിനി ടീച്ചര്‍,ടീച്ചര്‍ എന്നെ പഠിപ്പിച്ചിട്ടില്ല, എങ്കിലും ടീച്ചര്‍ എന്ന് വിളിക്കുന്നത് ഞാന്‍ ആ പദവിയെ ബഹുമാനിക്കുന്നത് കൊണ്ടാണ്.ഈ അയ്യപ്പന്‍ ആവുന്നതിനു മുന്‍പ് ഒരു അക്ഷയ് രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു.അന്ന് ഈ വിമര്‍ശിക്കുന്നവരോ നാട്ടുകാരോ എന്തിനു ചില ബന്ധുക്കള്‍ പോലും എന്റെ കൂടെ ഇല്ലായിരുന്നു.അന്നും ഇന്നും എന്റെ കൂടെ ഉണ്ടായിരുന്ന ഒരേ ഒരാള്‍ വീരന്‍ മാത്രമാണ്.അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ശേഷം ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്‌നേഹിക്കുന്ന ഒരേ ഒരാളും ഈ വീരന്‍ ആണ്. ഇതുവരെ വീരന്‍ ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ല,ഉപദ്രവിച്ചിട്ടില്ല എന്ന് മാത്രമല്ല, വീരനെ പരിചയപെട്ടവര്‍ക്ക് എല്ലാം എന്നെക്കാള്‍ കൂടുതല്‍ വീരനെ ഇഷ്ടപെട്ടിട്ടേ ഒള്ളു. ആദ്യം എന്നെ കാണാന്‍ വരുന്നവര്‍ പിന്നീട് വീരനെ കാണാന്‍ ആണ് വന്നിട്ടുള്ളത്.വീരനുമായി എവിടെയും പോകാം എന്ന ധൈര്യം എനിക്കുണ്ട്. വെറും ഒരു വയസായ കുഞ്ഞിനെ നിങ്ങള്‍ ആരെങ്കിലും ഒറ്റയ്ക്ക് ഇരുത്തി പോവാറുണ്ടോ,പ്രത്യേകിച്ച് നിങ്ങള്‍ ഇല്ലാതെ അവര്‍ക്ക് പറ്റാത്ത ഒരവസ്ഥ വന്നാല്‍.അതുപോലെ തന്നെ ആണ് എനിക്ക് വെറും ഒരു വയസ് മാത്രം പ്രായമുള്ള എന്റെ വീരനും.അവന് ഞാന്‍ ഇല്ലാതെ പറ്റില്ല.എവിടെയെങ്കിലും ആര്‍ക്കെങ്കിലും അവനെ കൊണ്ട് ഒരു ഉപദ്രവം ഉണ്ടായി എന്നറിഞ്ഞാല്‍ പരസ്യമായി ഞാന്‍ വന്നു ടീച്ചറോട് മാപ് ചോദിക്കാം .വീരന് ഇതുവരെ ഒരു ചടങ്ങിലോ പൊതുസ്ഥലത്തൊ മൂത്രമൊഴിചിട്ടില്ല,വീട്ടിന്റെ ഉള്ളില്‍ വളര്‍ന്ന നായ ആയത് കൊണ്ട് വളരെ വൃത്തിയുള്ള ഒരു ജീവി തന്നെ ആണ് വീരന്‍.പൊതുവെ വൃത്തിഹീനമായ സ്ഥലങ്ങളില്‍ മാത്രമേ വീരന്‍ മൂത്രമൊഴിക്കാറുള്ളു,അതില്‍ ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.പിന്നെ ഒരു വലിയ കാര്യം കുടി ടീച്ചറെ അറിയിക്കട്ടെ,വീരന്‍ ക്ഷണിക്കപ്പെട്ട അഥിതി ആണ്. എന്നെ ഈ ചടങ്ങിലേക്ക് ആദ്യം വിളിച്ചപ്പോള്‍ കോളേജിലെ കുട്ടികള്‍ പറഞ്ഞത് തന്നെ വീരനെയും ഉറപ്പായും കൊണ്ട് വരണം എന്നാണ്.അതിന്റെ ഉദാഹരണം ആണ് സ്റ്റേജിലേക്ക് വീരനെ കേറ്റിയപ്പോള്‍ ഉണ്ടായ വലിയ കയ്യടി.അതുകൊണ്ട് പട്ടിയെയും കൊണ്ട് വലിഞ്ഞു കേറി വന്നു എന്ന് പറയരുത്.ഞാന്‍ മൂലമോ വീരന്‍ മൂലമോ ആര്‍ക്കെങ്കിലും എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. പറയാം.തിരിഞ്ഞു നോക്കാന്‍ ഒരു പട്ടിയും ഇല്ലായിരുന്നു എന്നൊക്കെ ഓരോത്തര്‍ പറയില്ലേ,പക്ഷെ എന്റെ കൂടെ ഒരു പട്ടി ഉണ്ടായിരുന്നു,അത് കൊണ്ട് പറഞ്ഞു പോയതാണ്.
അതേസമയം അധ്യാപിക ഇതിന് മറുപടിയുമായും രംഗത്തെത്തി.
അധ്യാപികയുടെ മറുപടി
താങ്കളുടെ മറുപടി ഇഷ്ടപ്പെട്ടു. ഒരപേക്ഷയുണ്ട് സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന ഞങ്ങളുടെ കോളേജ് പോലുള്ള 'വൃത്തിഹീനമായ ' (താങ്കളുടെ ഭാഷയില്‍) ഇടങ്ങളില്‍ കൊണ്ടുവരുമ്പോള്‍ വേണ്ട മുന്‍കരുതലുമായി വരുമല്ലോ. താങ്കളുടെ സ്വകാര്യഇഷ്ടങ്ങളെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ .അതല്ലെങ്കില്‍ അനിഷ്ടമുണ്ടാകുന്ന മനുഷ്യരും ഈ ഭൂമിയില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവര്‍ക്ക് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. അത് വിനിയോഗിക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇനി ഒരു മറുപടി താങ്കള്‍ക്കെഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നുകൂടി പറഞ്ഞു കൊള്ളട്ടെ. എന്റെ വിവേകവും ശരികളും നിങ്ങളുടേതില്‍ നിന്ന് വളരെ ഭിന്നമായതുകൊണ്ട് നമ്മള്‍ തമ്മില്‍ തര്‍ക്കിക്കുന്നത് വൃഥാവ്യായാമമായിപ്പോകും.