News n Views

ബുര്‍ഖയണിഞ്ഞവരെയും താടിയുള്ളവരെയും വേട്ടയാടുന്നു; പള്ളികളില്‍ ബാങ്കുവിളിയില്ല; ഭീതിയില്‍ ശ്രീലങ്കന്‍ മുസ്ലീങ്ങള്‍

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് മുസ്ലിം സമൂഹം വേട്ടയാടപ്പെടുന്നു. പലായനം ചെയ്ത് ഇസ്ലാംമത വിശ്വാസികള്‍. 

THE CUE

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ചാവേറാക്രമണങ്ങളുണ്ടായതിന് പിന്നാലെ ശ്രീലങ്കയിലെ മുസ്ലിം സമൂഹം കടുത്ത അരക്ഷിതാവസ്ഥയില്‍. ആക്രമണങ്ങളില്‍ 359 പേര്‍ കൊല്ലപ്പെടുകയും 500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാഷണല്‍ തൗഹീദ് ജമാഅത്ത് ഉള്‍പ്പെടെയുള്ള സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലങ്കന്‍ ഭരണകൂടത്തിന്റെ വാദം. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇസ്ലാം മതസ്ഥര്‍ ശ്രീലങ്കയില്‍ വേട്ടയാടപ്പെടുകയാണ്.

കടുത്ത വിദ്വേഷ പ്രചരണമാണ് മുസ്ലിം വിഭാഗത്തിനെതിരെ തുടരുന്നത്. പ്രദേശവാസികളില്‍ നിന്നും പൊലീസില്‍ നിന്നും ഒരുപോലെ ക്രൂരതകള്‍ക്കിരയാവുകയാണ് 10 ശതമാനത്തോളം വരുന്ന മുസ്ലിം ന്യൂനപക്ഷം. ഏതുനിമിഷവും തങ്ങള്‍ ആക്രമിക്കപ്പെടാമെന്ന ഭീതിയില്‍ കഴിയുകയാണിവര്‍. ബുര്‍ഖയണിഞ്ഞവരെയും താടിവെച്ചവരെയും പൊലീസും ജനങ്ങളും ഒരുപോലെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയാണ്. ബുര്‍ഖയണിഞ്ഞ്‌ കടകളിലെത്തുന്നവരെ ആട്ടിപ്പായിക്കുകയാണെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ തുടര്‍ന്ന്, സ്‌ഫോടനമുണ്ടായ മേഖലകളില്‍ നിന്ന് മുസ്ലിം മതസ്ഥര്‍ പലായനം ചെയ്യുകയാണ്.

ഭീകരാക്രമണങ്ങള്‍ ഒഴിവാക്കാന്‍ ബുര്‍ഖ നിരോധിക്കണമെന്ന് പാര്‍ലമെന്റംഗം അഷു മരസിങ്കെ സഭയില്‍ പ്രമേയമവതരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ കടുത്ത വര്‍ഗീയ ഭിന്നിപ്പിന് രാഷ്ട്രീയ നേതൃത്വങ്ങളും കോപ്പുകൂട്ടിയതോടെയാണ് ഇസ്ലാം മത വിശ്വാസികള്‍ തീര്‍ത്തും അരക്ഷിതാവസ്ഥയിലായത്. ഭീകരാക്രമണശേഷം പള്ളികളില്‍ താല്‍ക്കാലികമായി ബാങ്കുവിളികള്‍ നിര്‍ത്തിവെച്ചു. പലയിടങ്ങളിലും വെള്ളിയാഴ്ച പ്രാര്‍ത്ഥന അനിശ്ചിതത്വത്തിലുമാണ്. പള്ളികളിലേക്കുള്ള ആളുകളുടെ വരവും കുറഞ്ഞു. ഈ വിഭാഗക്കാരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുള്‍പ്പെടെ ആക്രമണങ്ങളും അരങ്ങേറുന്നുണ്ട്.

എനിക്ക് താടിയുണ്ട്. കാണുന്നിടത്തെല്ലാം പൊലീസ് തടഞ്ഞ് ചോദ്യം ചെയ്യുകയാണ്. മുസ്ലിം സമൂഹത്തെയൊന്നാകെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഞങ്ങള്‍ക്കെതിരായ ആളുകളുടെ മനോഭാവം മാറാന്‍ ഒരുപാട് കാലമെടുക്കും
താഹിര്‍
പ്രദേശവാസികളാല്‍ വേട്ടയാടപ്പെടുകയാണ്, ഞങ്ങളെ പിന്‍തുടര്‍ന്ന് മര്‍ദ്ദിച്ചു. വീട്ടുടമസ്ഥന്‍ തങ്ങളെ പുറത്താക്കി
ഫറാ ജമീല്‍, പാക് യുവതി
മുസ്ലിങ്ങള്‍ മാത്രമല്ല, ശ്രീലങ്കയിലെ മുഴുവന്‍ മനുഷ്യരും ഞങ്ങളുടെ സഹോദരങ്ങളാണ്. കൊല്ലപ്പെട്ടരും ഞങ്ങളുടെ കൂടപ്പിറപ്പുകളാണ്. കുട്ടികളൊന്നും ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ല. ഒറ്റയ്ക്ക് ശുചിമുറിയില്‍ പോകാന്‍ പോലും അവര്‍ക്ക് ഭയമാണ്.
തായ്‌ബേ
പേടിച്ച് കഴിയുകയാണ്, സര്‍ക്കാര്‍ ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കണം,നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടന അപകടകരമാണെന്ന് നേരത്തേ അധികൃതകരെ ധരിപ്പിച്ചതാണ്. അവര്‍ മുഖവിലയ്‌ക്കെടുത്തില്ല.
ഹില്‍മി അഹമ്മദ്, മുസ്ലിം കൗണ്‍സില്‍ വൈസ് പ്രസിഡന്റ്

ചാവേറായി പൊട്ടിത്തെറിച്ചവരുടെ വീടുകള്‍ക്ക് സമീപം കഴിയുന്നവരാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. പ്രദേശവാസികളുടെ എതിര്‍പ്പ് രൂക്ഷമായപ്പോള്‍ ഇവര്‍ വീടൊഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായി. ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായതിനാല്‍ പാകിസ്താനില്‍ നിന്ന് പലായനം ചെയ്ത് ശ്രീലങ്കയിലെത്തിയ നിരവധി വിശ്വാസികളുണ്ട്. പൊലീസില്‍ നിന്നും പ്രദേശവാസികളില്‍ നിന്നുമെല്ലാം ഇവരും കടുത്ത ഭീഷണി അഭിമുഖീകരിക്കുന്നു. ഇതിനുപുറമെ ഇനിയും ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന പ്രചരണവും നടക്കുന്നു. ഇത് ജനങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതുംകൂടിയായതോടെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിദ്വേഷണപ്രചരണം രൂക്ഷമാവുകയും ചെയ്തു.

ഭീകരാക്രമണത്തെ ലങ്കയിലെ മുസ്ലിം സമൂഹം ഐക്യകണ്‌ഠേന അപലപിച്ചിരുന്നു. ക്രിസ്ത്യന്‍ മതനേതാക്കളെ കണ്ട് മുസ്ലിം മത സംഘടനകളുടെ ഐക്യവേദി പിന്‍തുണയറിയിച്ചിട്ടുമുണ്ട്. കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനമറിയിച്ച് ആശ്രിതരുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് സാധ്യമായ ഇടങ്ങളിലെല്ലാം അവര്‍ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

2.10 കോടിയാണ് ശ്രീലങ്കയുടെ ജനസംഖ്യ, 70 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. ഏഴാം നൂറ്റാണ്ടിലാണ് ഇസ്ലാം മതസ്ഥര്‍ ശ്രീലങ്കയിലെത്തുന്നത്. ഇപ്പോള്‍ മുസ്ലിം വിഭാഗം ഇരുപത്തൊന്ന് ലക്ഷത്തോളം വരും. കച്ചവട- വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സമ്പന്ന വിഭാഗമായി മാറിയെങ്കിലും ഭൂരിപക്ഷവും ജീവിതം നയിക്കാന്‍ പ്രയാസപ്പെടുന്നവരാണ്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT