അഫ്ഗാനിസ്ഥാന്റെ വടക്കന്‍ മേഖലയിലും പശ്ചിമ മേഖലയിലും താലിബാന്‍ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. അഫ്ഗാനിലെ 34 ഓളം പ്രവിശ്യകളില്‍ 24 എണ്ണവും ഇപ്പോള്‍ താലിബാന്‍ ഭീകരരുടെ അധീനതയിലാണ്. തലസ്ഥാനമായ കാബൂളും ഉടന്‍ താലിബാന്റെ വരുതിയിലാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശനിയാഴ്ച താലിബാന്‍ കാബുളിനടുത്തുള്ള ലോഗര്‍ പ്രവിശ്യയും പിടിച്ചടക്കിയിരുന്നു. താലിബാന് അഫ്ഗാനില്‍ ഇത്രകണ്ട് ആധിപത്യം ഉറപ്പിക്കാനും
ആധുനിക യുദ്ധസാമഗ്രികളും സജ്ജീകരണങ്ങളുമായി സൈനിക നീക്കം നടത്താനും ഫണ്ട് എവിടെ നിന്നാണെന്ന ചോദ്യം ഓരോ കാലത്തുമായി ഉയരാറുണ്ട്.
താലിബാന്റെ ആകെ ആസ്തി എത്രയെന്നോ സാമ്പത്തിക സ്രോതസ് ഏത് വിധമെന്നോ ഉള്ള തീര്‍ത്തും ആധികാരികമായ രേഖകള്‍ ലഭ്യമില്ലെങ്കിലും താലിബാന്‍ നേതാക്കളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത രഹസ്യ പ്രമാണങ്ങളും രേഖകളും വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ സ്രോതസുകള്‍ വഴി പുറത്തുവിട്ടതുമായ കണക്കുകള്‍ പ്രകാരം ഇവരുടെ സാമ്പത്തിക സമാഹരണത്തെക്കുറിച്ചും സാമ്പത്തിക സ്രോതസിനെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാണ്.
2020 മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ താലിബാന്റെ കയ്യില്‍ ഏകദേശം 1.6 ബില്ല്യണ്‍ യു.എസ് ഡോളര്‍ ഉണ്ടായിരുന്നുവെന്നാണ് മുല്ല മുഹമ്മദ് ഒമറിന്റെ മകന്‍ മുല്ല യാക്കൂബ് പറഞ്ഞത്. നാറ്റോയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഇതേ വര്‍ഷം അഫ്ഗാന്‍ സര്‍ക്കാരിന് 5.5 ബില്ല്യണ്‍ യു.എസ് ഡോളറായിരുന്നു ഉണ്ടായിരുന്നത്. അതായത് താലിബാന്‍ ശക്തിപ്പെട്ട് വരികയായിരുന്നു, അവര്‍ ആസ്തി വര്‍ദ്ധിപ്പിക്കുയായിരുന്നു.
വിമത ഗ്രൂപ്പുകളുടെ കാമ്പയിന്‍ വഴി ദശലക്ഷക്കണക്കിന് രൂപയാണ് താലിബാന് ലഭിച്ചതെന്നാണ് വോയ്‌സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.
എത്രമാത്രം ഫണ്ട് സ്വരൂപിച്ചുവെന്ന് കണക്കാക്കുന്നത് അസാധ്യമാണെങ്കിലും പ്രതിവര്‍ഷം 300 മില്ല്യണ്‍ മുതല്‍ 1.6 ബില്യണ്‍ ഡോളര്‍ വരെ ഈ രീതിയില്‍ താലിബാന്‍ സമാഹരിക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു.
2021 ജൂണില്‍ പുറത്തിറങ്ങിയ ഐക്യരാഷ്ട്ര സഭയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെയും താലിബാന്‍ പണം കണ്ടെത്തുന്നതായി പറയുന്നു.
മയക്കുമരുന്ന് കടത്ത്, കറുപ്പ് ഉത്പാദനം, മോചന ദ്രവ്യത്തിന് വേണ്ടി തട്ടികൊണ്ടുപോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ താലിബാന്‍ ഭീകര പ്രവര്‍ത്തനത്തിന് പണമുണ്ടാക്കാന്‍ ചെയ്തുവരുന്നു. 460 മില്ല്യണ്‍ ഡോളര്‍ താലിബാന്‍ സമാഹരിച്ചത് മയക്കു മരുന്ന് കടത്തലിലൂടെ മാത്രമാണെന്ന് ഒരു രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.
ഖനന പ്രവര്‍ത്തനങ്ങളിലുടെ മാത്രം ഇവര്‍ക്ക് 464 മില്ല്യണ്‍ ഡോളറാണ് ലഭിച്ചത്. ഇരുമ്പയിരും മിനറല്‍സും ഉള്‍പ്പെടെ ഖനനം ചെയ്തുവരുന്ന വിസ്തൃതമായ മേഖല താലിബാന്‍ അധീനതയിലുണ്ട്. അഫ്ഗാനിലെ ഖനന കമ്പനികള്‍ തങ്ങളുടെ നിലനില്‍പ്പിന് വേണ്ടി താലിബാന്‍ ഭീകരവാദികള്‍ക്ക് പണം നല്‍കിവരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്
കറുപ്പിന്റെ കേന്ദ്രമായ അഫ്ഗാന്‍
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ലോകത്ത് ഉത്പാദിപ്പിച്ച കറുപ്പിന്റെ 84 ശതമാനവും അഫ്ഗാനിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഈ ലാഭത്തിന്റെ ഭൂരിഭാഗവും ലഭിച്ചതാകട്ടെ താലിബാനും. കണ്ണികളായി തിരിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഈ മാഫിയ സംഘമാകട്ടെ വലിയ നികുതിയാണ് ഓരോ ശൃംഖലയില്‍ നിന്നും ഈടാക്കുന്നത്.
താലിബാന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ഏകദേശം പത്ത് ശതമാനത്തോളമാണ് നികുതി ചുമത്തുന്നത് എന്നാണ് കാബൂളിലെ ഒരു സ്വതന്ത്ര ഗവേഷക സംഘടനയായ അഫ്ഗാനിസ്ഥാന്‍ റിസര്‍ച്ച് ആന്‍ഡ് ഇവാല്യുവേഷന്‍ യൂണിറ്റിന്റെ 2008 ലെ റിപ്പോര്‍ട്ട് പറയുന്നത്.
തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിലെ പ്രകൃതി വിഭവങ്ങളിലൂടെയും താലിബാന്‍ ഫണ്ട് സമാഹരിച്ചുവെന്ന് യു.എന്‍ റിപ്പോര്‍ട്ടിലുണ്ട്.
ഖനന പ്രവര്‍ത്തനങ്ങളിലുടെ മാത്രം ഇവര്‍ക്ക് 464 മില്ല്യണ്‍ ഡോളറാണ് ലഭിച്ചത്. ഇരുമ്പയിരും മിനറല്‍സും ഉള്‍പ്പെടെ ഖനനം ചെയ്തുവരുന്ന വിസ്തൃതമായ മേഖല താലിബാന്‍ അധീനതയിലുണ്ട്.
അഫ്ഗാനിലെ ഖനന കമ്പനികള്‍ തങ്ങളുടെ നിലനില്‍പ്പിന് വേണ്ടി താലിബാന്‍ ഭീകരവാദികള്‍ക്ക് പണം നല്‍കിവരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പണം നല്‍കില്ലെന്ന് പറയുന്നവര്‍ക്ക് വധഭീഷണിയാണ് താലിബാന്റെ താക്കീത്.
സര്‍ക്കാരിതര ചാരിറ്റബിള്‍ ഫൗണ്ടേഷനുകളുടെ ശൃംഖല എന്ന് യു.എന്‍ വിശേഷിപ്പിക്കുന്ന താലിബാനെ പിന്തുണക്കുന്ന സമ്പന്നരില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ താലിബാന്‍ നേതാക്കള്‍ക്ക് ഉണ്ടായി.
പാകിസ്താനില്‍ നിന്നും താലിബാന് പണമെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനും താലിബാനെ സാമ്പത്തികമായി സഹായിച്ചതായി വോയ്‌സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.
നികുതി
താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ പ്രദേശങ്ങളില്‍ ജനങ്ങൡ നിന്ന് വന്‍ തുകയാണ് ഭീകരവാദികള്‍ ടാക്‌സായി ഈടാക്കുന്നത്. ഖനനം, മാധ്യമം, വികസന പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയവയെല്ലാം താലിബാന്‍ അധീനതയിലുള്ള മേഖലകളിലാണെങ്കില്‍ ടാക്‌സ് കൊടുത്തേ പറ്റൂ എന്നാണ് വ്യവസ്ഥ.
താലിബാന്റെ മേഖലയിലെ റോഡുകള്‍ ഉപയോഗിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്കും നികുതി അടക്കണം. കര്‍ഷകര്‍ക്കും നികുതി ബാധകമാണ്. രശീത് നല്‍കിയാണ് പല ഇടങ്ങളിലും നികുതി പിരിവ്.
മുല്ല യാക്കൂബ് പറയുന്നത് പ്രകാരം 160 മില്ല്യണാണ് പ്രതിവര്‍ഷം നികുതി ഇനത്തില്‍ മാത്രം താലിബാന് ലഭിക്കുന്നത്. ഇറക്കുമതിയിലൂടെയും താലിബാന് 240 മില്ല്യണ്‍ ഡോളര്‍ ലഭിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി അഫ്ഗാനിലെ ഉള്‍ഗ്രാാമങ്ങള്‍ കേന്ദ്രീകരിച്ചും താലിബാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അഫ്ഗാന്‍ വിഷയങ്ങളെക്കുറിച്ച് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠനം നടത്തുന്ന റോബര്‍ ക്രൂസ് പറയുന്നത്.
അതിക്രമത്തിലൂടെയും ക്രൂരതയിലൂടെയും അഫ്ഗാന്‍ ജനതയെ അവര്‍ ഭയപ്പെടുത്തി നിര്‍ത്തിയെന്നും , അമേരിക്കന്‍ സേന അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയതോടെ ഗ്രാമ മേഖലകളില്‍ ഇവര്‍ സ്വാധീനം ശക്തിപ്പെടുത്തിയെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്.
താലിബാന്‍ ഭീകരതക്ക് വിധേയമായി ജീവിക്കണോ അതോ മരിക്കണോ എന്ന ചോദ്യമാണ് അഫ്ഗാന്‍ ജനതയ്ക്ക് മുന്നില്‍ ഇപ്പോഴുള്ളതെന്നും റോബര്‍ ക്രൂസ് ദ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.
ആഢംബര വസ്ത്രങ്ങള്‍ക്കോ സൗകര്യങ്ങള്‍ക്കോ കൊട്ടാര സമുച്ചയമായ കെട്ടിടങ്ങള്‍ക്കോ സമാഹരിച്ച പണം ചെലവഴിക്കാതെ പടക്കോപ്പുകള്‍ക്കും ആയുധപരിശീലനത്തിനും ഭീകര സേനയുടെ ശമ്പളത്തിനുമായി അതത്രയും മുടക്കുകയാണ് താലിബാന്‍.
താലിബാന്റെ പക്കലുള്ള യുദ്ധോപകരണങ്ങളും ആയുധങ്ങളും താലിബാനെ പിന്തുണക്കുന്നവരില്‍ നിന്ന് സംഭാവനയായി കിട്ടിയതും ചിലതെല്ലാം മോഷ്ടിച്ചവയുമാമെന്ന് വാഷിംഗ് ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2001ല്‍ താലിബാനെ അധികാരത്തില്‍ നിന്ന് അമേരിക്ക പുറത്താക്കിയതിന് പിന്നാലെ അഫ്ഗാനിലെ താലിബാന്‍ ശക്തി ക്ഷയിക്കുകയായിരുന്നില്ല ബലപ്പെട്ട് വരികയായിരുന്നു എന്നാണ് ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്രം പറയുന്നത്.
അഫ്ഗാന്‍ സര്‍ക്കാരിനെ നാലു ദിക്കില്‍ നിന്നും പ്രതിരോധത്തിലാക്കി യു.എസ് സേനയ്ക്ക് പിന്മാറ്റം പ്രഖ്യാപിക്കേണ്ടി വരുന്നതോളം തീവ്രമായ വളര്‍ച്ചാണ് താലിബാന്‍ ഭീകരവാദികള്‍ക്കുണ്ടായത്.