ദേശീയപാതാ സ്ഥലമെടുപ്പില്‍ സമരം ചെയ്ത സംഘടനകളെ മുസ്ലീം തീവ്രവാദികളെന്ന് വിശേഷിപ്പിച്ച് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവുമായ എ വിജയരാഘവന്‍ വീണ്ടും. സ്ഥലമേറ്റെടുക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടത് മുസ്ലിം തീവ്രവാദ സംഘടനകളെ ഭയന്നതിനാണ്. സ്ഥലമെടുപ്പ് മുടക്കാന്‍ മുസ്ലീം തീവ്രവാദ സംഘടനകള്‍ക്ക് വേണ്ടി പാണക്കാട് തങ്ങളും ഇടപെട്ടെന്നാണ് വിജയരാഘവന്റെ പുതിയ ആരോപണം. ദേശീയ പാതാ, ഗെയില്‍ സമരങ്ങള്‍ക്ക് പിന്നില്‍ മുസ്ലീം തീവ്രവാദികളാണെന്ന് വിജയരാഘവന്‍ മുമ്പും പറഞ്ഞിരുന്നു. ഈ പ്രസ്താവനകള്‍ വിവാദവുമായിരുന്നു. കൊച്ചി പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നടത്തുന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്താണ് വിവാദ പരാമര്‍ശം.
ഉമ്മന്‍ചാണ്ടിയും ഇബ്രാഹിംകുഞ്ഞും കൂടി ചേര്‍ന്ന് അഞ്ച് കൊല്ലം ബുദ്ധിമുട്ടി ബുദ്ധിമുട്ടി സ്ഥലമെടുത്തു. രാവിലെ സ്ഥലമെടുക്കാന്‍ പോകും പിറ്റേന്ന് രാവിലെ തിരിച്ചുവരും. അഞ്ച് കൊല്ലമായിട്ടും ഒരിഞ്ച് സ്ഥലമെടുത്തില്ല. അവിടെയൊക്കെ കണ്ട് തിരിച്ചുപോന്നു. എന്താണ് കാരണം, സ്ഥലമെടുക്കാന്‍ ചെന്നപ്പോള്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ ജാഥയായിട്ട് ഇബ്രാഹിം കുഞ്ഞ് യോഗം ചേരുന്ന കോഴിക്കോട് ലീഗ് ആപ്പീസിലേക്ക് പോയി. അവിടെ ചെന്നപ്പോ പാണക്കാട് തങ്ങള്‍ അറിയിപ്പ് കൊടുത്തു, ഇത് ഇവിടെ നടക്കൂല. അതിന്റെ ശേഷം അത് നടന്നിട്ടില്ല.എ വിജയരാഘവന്‍
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണ അഴിമതിയില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് വിജയരാഘവന്‍ ആവശ്യപ്പെട്ടു. അഴിമതി ആരോപണവിധേയനായ ഇബ്രാഹിം കുഞ്ഞിനെതിരെ സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ത്തിയാണ് സമരം. യുഡിഎഫ് ഭരണകാലത്തെ മുഴുവന്‍ പാലം നിര്‍മ്മാണവും പരിശോധിക്കപ്പെടണമെന്നും വിജയരാഘവന്‍ ആവശ്യപ്പെട്ടു. പാലം പുനര്‍ നിര്‍മ്മാണത്തിനുള്ള ചെലവ് ഇബ്രാഹിം കുഞ്ഞില്‍ നിന്ന് ഈടാക്കുക, ഇബ്രാഹിം കുഞ്ഞ് എംഎല്‍എ സ്ഥാനം രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളും എല്‍ഡിഎഫ് സമരത്തിനുണ്ട്.
മേല്‍പ്പാലത്തിലേക്ക് റീത്തുമായി മാര്‍ച്ച് നടത്തിയ ശേഷമാണ് സമരത്തിന് തുടക്കമിട്ടത്. നേരത്തെ ഡിവൈഎഫ്‌ഐയും പാലത്തില്‍ റീത്ത് സമര്‍പ്പിച്ചിരുന്നു.
ദേശീയ പാതാ സര്‍വേക്കെതിരെ നടന്ന സമരത്തിലും, ഗെയില്‍ പൈപ്പ് ലൈന്‍ സമരത്തിലും ലീഗ് മുസ്ലിം തീവ്രവാദികളെ മുന്‍നിര്‍ത്തി കളിച്ചെന്ന് നേരത്തെ വിജയരാഘവന്‍ ആരോപണമുന്നയിച്ചിരുന്നു.