സംസ്ഥാനത്ത് അനിയന്ത്രിതമായി മലതുരന്ന് ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ക്ക് വഴിവെയ്ക്കുന്ന അനധികൃത ക്വാറികളെക്കുറിച്ച് പരിശോധിക്കാതെ ജിയോളജി പഠന സംഘങ്ങള്‍. സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ മേഖലകളെക്കുറിച്ച് 49 ജിയോളജി സംഘങ്ങളാണ് പഠനം നടത്തുന്നത്. എന്നാല്‍ അനുമതിയോടെയും അല്ലാതെയും നടക്കുന്ന കരിങ്കല്‍, ചെങ്കല്‍ ഖനനത്തെ വേര്‍തിരിച്ച് പഠനവിധേയമാക്കുന്നില്ല. പകരം ഖനനം മലകളില്‍ വരുത്തിയ ഘടനാമാറ്റങ്ങള്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായോയെന്ന് മാത്രമാണ് അന്വേഷിക്കുന്നത്. ഉരുള്‍പൊട്ടല്‍ വലിയ ദുരന്തം വിതച്ച ഇടങ്ങളുടെ സമീപങ്ങളില്‍ ക്വാറികള്‍ ഉണ്ടായിരുന്നുവെന്ന് നേരത്തേ വ്യക്തമായിരുന്നു.
ഇതില്‍ മിക്കവയും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണെന്നും കണ്ടെത്തിയിരുന്നു. എന്നിട്ടും അനധികൃത ക്വാറികള്‍ ദുരന്തത്തിന് എത്രമാത്രം വഴിവെച്ചിട്ടുണ്ടെന്ന വിവരശേഖരണം നടത്താത്തത് ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെടുന്നു. സംസ്ഥാനത്താകെ ആറായിരത്തോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായാണ് വന ഗവേഷണ കേന്ദ്രത്തിന്റെ പഠനം വ്യക്തമാക്കുന്നത്. ഇതില്‍ പകുതിയിലേറെ അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. മലപ്പുറത്ത് കവളപ്പാറയിലും വയനാട്ടില്‍ പുത്തുമലയിലും ഉരുള്‍പൊട്ടല്‍ നിരവധി മനുഷ്യ ജീവനുകള്‍ കവരുകയും കോടികളുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു.ആ രണ്ട് ജില്ലകളില്‍ പത്തുവീതം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു.
ഇവിടങ്ങളിലടക്കമാണ് ജിയോളജി വിഭാഗത്തിന്റെ പരിശോധന. മണ്ണ് സംരക്ഷണ വകുപ്പ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് എന്നിവയില്‍ നിന്നുള്ള വിദഗ്ധ പ്രതിനിധികള്‍ അടങ്ങുന്ന രണ്ടുപേരാണ് ഒരോ സംഘത്തിലുമുള്ളത്. ഇത്തരത്തില്‍ 49 സംഘങ്ങളാണ് പരിശോധന നടത്തിവരുന്നത്. പ്രത്യേക ചോദ്യാവലിയിലൂടെയാണ് വിവര ശേഖരണം. ഈ മാസം 29 നാണ് പഠനം പൂര്‍ത്തിയാവുക. തുടര്‍ന്ന് അതത് ജില്ലാ കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് ക്രോഡീകരിക്കും. തുടര്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടോയെന്നതും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലകള്‍ക്കും കുന്നുകള്‍ക്കും അതിന്റെ താഴ്‌വരകള്‍ക്കും സംഭവിച്ച മാറ്റങ്ങളും സംഘങ്ങള്‍ വിലയിരുത്തുന്നുണ്ട്. സോയില്‍ പൈപ്പിംഗ് പോലുള്ള പ്രതിഭാസങ്ങള്‍ ദുരന്തത്തിന് വഴിവെച്ചോയെന്നും പരിശോധിക്കുന്നു. ദുരന്ത നിവാരണ അതോറിറ്റിക്ക് നേരിട്ട് ലഭിച്ചതും തഹസില്‍ദാര്‍ മുഖേന ലഭിച്ചതുമായ പരാതികള്‍ സംഘങ്ങള്‍ വിലയിരുത്തും.