പ്രതി കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച കേസില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ നിധിന്‍ മാധവ് എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍(40) മരിച്ച സംഭവത്തിലാണ് നടപടി. ഒക്ടോബര്‍ ഒന്നിന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. രണ്ട് കിലോ കഞ്ചാവുമായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായ രഞ്ജിത് കുമാറാണ് മരിച്ചത്. തലയ്ക്ക് പിന്നിലും കഴുത്തിലുമേറ്റ ശക്തമായ മര്‍ദ്ദനമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
വയറിലും നെഞ്ചിലും മുതുകിലുമായി 13 ഇടങ്ങളില്‍ ആന്തരിക ക്ഷതമേറ്റിട്ടുണ്ട്. രഞ്ജിത്തിനെ പിടികൂടിയത് ഗുരുവായൂരില്‍ നിന്നാണെന്നാണ് അന്വേഷണ സംഘത്തിന്റെ വാദമെങ്കിലും തിരൂരില്‍ വെച്ചാണ് അറസ്റ്റ് നടന്നതെന്ന് വിവരമുണ്ട്. പ്രതിയുടെ ശരീരം നനഞ്ഞുകുതിര്‍ന്ന നിലയിലുമായിരുന്നു. ഗുരുവായൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത് എക്‌സൈസ് വാഹനത്തില്‍ തൃശൂരിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണമെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും പ്രതി അബോധാവസ്ഥയിലായെന്നും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചെന്നുമായിരുന്നു എക്‌സൈസ് വിശദീകരണം.
അബോധാവസ്ഥയിലായപ്പോള്‍ വെള്ളം തളിച്ചതിനാലാണ് ശരീരം നനഞ്ഞതൈന്നുമാണ് പ്രസ്തുത ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് 15 മിനിട്ട് മുന്‍പ് മരണം സംഭവിച്ചെന്ന് ഡോക്ടറും മൊഴി നല്‍കി. അതേസമയം ആദ്യം അഞ്ച് ഗ്രാം കഞ്ചാവുമായാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ രഞ്ജിത്ത് കൂടുതല്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന നിഗമനത്തിലെത്തുകയായിരുന്നുവെന്നുമാണ് വിവരം. എന്നാല്‍ ഇയാളെ എത്തിച്ച് തിരച്ചില്‍ നടത്തിയ ആദ്യ ഇടങ്ങളില്‍ നിന്നൊന്നും ലഹരിവസ്തു ലഭിച്ചിരുന്നില്ലെന്നും ഒടുവില്‍ കണ്ടെത്തുന്ന വരെ രഞ്ജിത്തിന് ക്രൂരമര്‍ദ്ദനമേറ്റിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ഗുരുവായൂര്‍ ബസ്റ്റാന്റ് പരിസരത്തെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളും നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം