News n Views

ഒരു ലിറ്റര്‍ പാല്‍ 81 വിദ്യാര്‍ത്ഥികള്‍ക്ക്; വെള്ളത്തില്‍ പാല്‍ ചേര്‍ത്ത് വിളമ്പി യുപിയിലെ സ്‌കൂള്‍

THE CUE

ഉത്തര്‍പ്രദേശ് സോന്‍ഭദ്രയിലെ സ്‌കൂളില്‍ ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് 81 വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വലിയ അലൂമിനിയം പാത്രത്തില്‍ തിളക്കുന്ന വെള്ളത്തിലേക്ക് പാചകക്കാരി ഒരു ലിറ്റര്‍ പാല്‍ ഒഴിക്കുന്നതും ഇളക്കുന്നതുമാണ് ദൃശ്യങ്ങളില്‍. 'പാലിന്' വേണ്ടി കാത്തിരിക്കുന്ന കാത്തുനില്‍ക്കുന്ന കുട്ടികള്‍ അരഗ്ലാസ് വീതം ഊഴമനുസരിച്ച് എടുത്തുകൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. ഗ്രാമപഞ്ചായത്ത് മെമ്പറാണ് വെള്ളത്തില്‍ പാല്‍ ചേര്‍ത്ത് നല്‍കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സോന്‍ഭദ്ര ചോപനിലെ പ്രൈമറി സ്‌കൂളില്‍ 171 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ‘പാല്‍’ നല്‍കിയ ബുധനാഴ്ച്ച 81 കുട്ടികള്‍ മാത്രമാണ് സ്‌കൂളിലെത്തിയത്.  

സോന്‍ഭദ്ര ജില്ലാ മജിസ്‌ട്രേട്ട് എസ് രാജലിംഗം സംഭവം സ്ഥിരീകരിച്ചു.

കരാറിലേര്‍പ്പെട്ടിരിക്കുന്ന ടീച്ചറിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. പാലിന് ദൗര്‍ലഭ്യമുണ്ടെന്ന് അധികൃതരെ അറിയിക്കാതിരുന്ന മറ്റൊരു ടീച്ചറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.  
എസ് രാജലിംഗം  

ഒരു പാക്കറ്റ് പാല്‍ മാത്രമാണ് കുട്ടികള്‍ക്ക് കൊടുക്കാനായി നല്‍കിയതെന്ന് പാചകജീവനക്കാരി ഫൂല്‍വന്ദി പറഞ്ഞു.

ഒരു ബക്കറ്റ് വെള്ളത്തില്‍ ഞാന്‍ ഒരു ലിറ്റര്‍ പാല്‍ ചേര്‍ത്തു. ഒരു ലിറ്റര്‍ പാല്‍ മാത്രമാണ് ഞങ്ങള്‍ക്ക് നല്‍കിയത്. എനിക്ക് ചെയ്യാനുള്ളതാണ് ഞാന്‍ ചെയ്തത്.  
ഫൂല്‍വന്ദി  

ഉത്തര്‍പ്രദേശിലെ അവികസിത പ്രദേശങ്ങളിലൊന്നാണ് സോന്‍ഭദ്ര. ദരിദ്ര കുടുംബത്തില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും പോഷക ഗുണമുള്ള ആഹാരം കഴിക്കാന്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകളെയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതനുസരിച്ച് ചോറും, ചപ്പാത്തിയും പയറുവര്‍ഗങ്ങളും പാലും പച്ചക്കറികളും പഴങ്ങളുമാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്.

യോഗി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച കേന്ദ്ര പദ്ധതി നടപ്പാക്കപ്പെടുന്നില്ലെന്ന് രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. യുപിയിലെ തന്നെ മിര്‍സാപൂര്‍ ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരത്തിന് പകരം ഉപ്പും ചപ്പാത്തിയും നല്‍കുന്ന ദൃശ്യങ്ങള്‍ രണ്ട് മാസം മുന്‍പ് പുറത്തുവരികയുണ്ടായി. ഉച്ചഭക്ഷണ പദ്ധതിയിലെ അഴിമതി വെളിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. ഉപ്പും ചപ്പാത്തിയും കഴിക്കുന്ന വിദ്യാര്‍ത്ഥികളുടെ ദൃശ്യം മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തിയത് സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് എന്നാരോപിച്ചായിരുന്നു ഇത്.

സംസ്ഥാനത്താകെ ഒന്നര ലക്ഷത്തോളം സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നുണ്ടെന്നും ഒരു കോടിയിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നുണ്ടെന്നുമാണ് യുപി സര്‍ക്കാര്‍ വാദം. പദ്ധതിപ്രകാരം പ്രതിദിനം ഒരു കുട്ടിക്ക് കുറഞ്ഞത് 450 കലോറി ലഭ്യമാക്കാനുതകുന്ന ഭക്ഷണമാണ് നല്‍കേണ്ടത്. പ്രതിദിനം പ്രോട്ടീന്‍ ഓരോ വിദ്യാര്‍ത്ഥിയിലുമെത്തണം. ഇത്തരത്തില്‍ ഒരു വര്‍ഷം 200 ദിവസം കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തണമെന്നുമാണ് പദ്ധതി. എന്നാല്‍ നടത്തിപ്പിലെ ഗുരുതര വീഴ്ചകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT